Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡാറ്റ്സൻ ‘റെഡി ഗോ’ ബുക്ക് ചെയ്യാം

redigo7 RediGo

അർബൻ ക്രോസോവർ എന്നു വിശേഷണത്തോടെ അവതരിപ്പിച്ച ‘റെഡി ഗോ’യ്ക്കുള്ള പ്രീബുക്കിങ്ങിനു നിസ്സാന്റെ ബജറ്റ് ബ്രാൻഡായ ഡാറ്റ്സൻ തുടക്കമിട്ടു. ഏപ്രിൽ 14ന് അരങ്ങേറ്റം കുറച്ച ‘റെഡി ഗോ’യുടെ വില സംബന്ധിച്ച് ഇതുവരെ പ്രഖ്യാപനമായിട്ടില്ല; 2.50 — 3.50 ലക്ഷം രൂപ നിലവാരത്തിൽ കാർ ലഭിക്കുമെന്നാണുപ്രതീക്ഷ. രാജ്യത്തെ എല്ലാ നിസ്സാൻ ഡീലർഷിപ്പുകളിലും മേയ് ഒന്നു മുതൽ ‘റെഡി ഗോ’യ്ക്കുള്ള പ്രീ ബുക്കിങ് സ്വീകരിക്കുമെന്നു ഡാറ്റ്സൻ പ്രഖ്യാപിച്ചിട്ടുണ്ട്. 5,000 രൂപയാണ് അഡ്വാൻസായി ഈടാക്കുന്നത്. വാഹനം ബുക്ക് ചെയ്യുന്നവർക്ക് ജൂൺ മുതൽ ‘റെഡി ഗോ’ കൈമാറുമെന്നാണു വാഗ്ദാനം. കാറിന്റെ വകഭേദങ്ങളുടെ വിശദാംശങ്ങളും കൃത്യമായ വിലയുമൊക്കെ ജൂണിൽ പ്രസിദ്ധപ്പെടുത്തുമെന്നും ഡാറ്റ്സൻ വ്യക്തമാക്കുന്നു.

redigo10 RediGo

‘റെഡി ഗോ’യെക്കുറിച്ചുള്ള പുതിയ വിശേഷങ്ങളും വാർത്തകളും പങ്കുവയ്ക്കാൻ കമ്പനി ‘ഡാറ്റ്സൻ ഇന്ത്യ ആപ്’ അവതരിപ്പിച്ചിട്ടുണ്ട്. ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാവുന്ന ഈ മൊബൈൽ ആപ്ലിക്കേഷനിലൂടെ കാർ ബുക്ക് ചെയ്യാനും അവസരമുണ്ട്. ഇതിനു പുറമെ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമായ സ്നാപ്ഡീൽ ഡോട്ട് കോം വഴി ഓൺലൈൻ വ്യവസ്ഥയിലും ‘റെഡി ഗോ’ പ്രീ ബുക്ക് ചെയ്യാനാവും. ഇന്ത്യയ്ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത് ഇന്ത്യയിൽ നിർമിച്ച ‘റെഡി ഗോ’ വാഹനപ്രേമികളെ ആഹ്ലാദിപ്പിക്കുമെന്നാണു നിസ്സാൻ മോട്ടോർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ അരുൺ മൽഹോത്രയുടെ പ്രതീക്ഷ. രാജ്യത്തെ ആദ്യ അർബൻ ക്രോസോവർ വാഹനമെന്ന പെരുമയും ‘റെഡി ഗോ’യ്ക്കു സ്വന്തമാണെന്ന് അദ്ദേഹം അവകാശപ്പെടുന്നു. ഉടമകൾക്ക് ഉല്ലാസവും സ്വാതന്ത്രവും ഉറപ്പു നൽകുന്ന ‘റെഡി ഗോ’ ഇന്ത്യയിലെ പരമ്പരാഗത കോംപാക്ട് ഹാച്ച്ബാക്ക് വിപണിയെ ഇളക്കിമറിക്കുമെന്നും മൽഹോത്ര കരുതുന്നു.

redigo12 RediGo


ഡാറ്റ്സൻ ശ്രേണിയിൽ ഹാച്ച്ബാക്കായ ‘ഗോ’യ്ക്കും വിവിധോദ്ദേശ്യവാഹന(എം പി വി)മായ ‘ഗോ പ്ലസി’നുമിടയിലാവും ‘റെഡി ഗോ’യ്ക്കു സ്ഥാനം. ഈ അർബൻ ക്രോസോവറിലൂടെ യുവാക്കളെയും ആദ്യമായി കാർ വാങ്ങുന്നവരെയുമൊക്കെയാണു ഡാറ്റ്സൻ നോട്ടമിടുന്നത്. കാറിനു കരുത്തേകുന്നതു റെനോ ‘ക്വിഡി’ലൂടെ മികവു തെളിയിച്ച 800 സിസി, മൂന്നു സിലിണ്ടർ പെട്രോൾ എൻജിൻ തന്നെ. തുടക്കത്തിൽ ‘ക്വിഡി’ലെ പോലെ അഞ്ചു സ്പീഡ് മാനുവൽ ട്രാൻസ്മിഷനാവും ‘റെഡി ഗോ’യുടെയും ഗീയർബോക്സ്. വൈകാതെ ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ(എ എം ടി) സഹിതവും ‘റെഡി ഗോ’ ലഭ്യമാവുമെന്നാണു സൂചന.  

Your Rating: