Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡാറ്റ്സൻ വീണ്ടും ശ്രീലങ്കൻ വിപണിയിലേക്ക്

redigo

ജാപ്പനീസ് നിർമാതാക്കളായ നിസ്സാന്റെ ബജറ്റ് ബ്രാൻഡായി തിരിച്ചെത്തിയ ഡാറ്റ്സൻ കൂടുതൽ വിപണികളിലേക്കു പ്രവർത്തനം വ്യാപിപ്പിക്കുന്നു. അടുത്തതായി ശ്രീലങ്കൻ വിപണിയിലേക്കാണു ഡാറ്റ്സൻ തിരിച്ചെത്തുക. ഹാച്ച്ബാക്കായ ‘റെഡി ഗോ’യുമായി ഇക്കൊല്ലം തന്നെ ശ്രീലങ്കയിലേക്കു മടങ്ങാനാണു ജാപ്പനീസ് നിർമാതാക്കളായ നിസ്സാന്റെ ബജറ്റ് ബ്രാൻഡായ ഡാറ്റ്സന്റെ തീരുമാനം. ലോക വിപണികളിൽ 1931ലായിരുന്നു ഡാറ്റ്സന്റെ ആദ്യ അരങ്ങേറ്റം; തുടർന്ന് 1986ൽ ബ്രാൻഡ് ആഗോളതലത്തിൽ നിന്നു തന്നെ പിൻമാറുകയും ചെയ്തു. തുടർന്ന് 2013ലാണ് ബജറ്റ് ബ്രാൻഡെന്ന പുതിയ പ്രതിച്ഛായയോടെ നിസ്സാൻ എമേർജിങ് വിപണികളിൽ ഡാറ്റ്സനെ വീണ്ടും അവതരിപ്പിച്ചത്.

redigo-testdrive-7

ശ്രീലങ്കയിലാവട്ടെ 1957ലായിരുന്നു ഡാറ്റ്സന്റെ രംഗപ്രവേശം. തുടർന്ന് 1986ൽ ലോക വിപണിയിൽ നിന്നു പിൻമാറിയതിനൊപ്പം ശ്രീലങ്കയോടും ഡാറ്റ്സൻ വിട പറയുകയും ചെയ്തു. കഴിഞ്ഞ ജൂണിൽ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ച ‘റെഡി ഗോ’ ഹാച്ച്ബാക്കുമായിട്ടാവും ഡാറ്റ്സൻ ശ്രീലങ്കൻ നിരത്തുകളിലേക്കു മടങ്ങുക. ഏതാനും മാസം മുമ്പാണു ഡാറ്റ്സൻ ലബനീസ് വിപണിയിൽ വിൽപ്പന പുനഃരാരംഭിച്ചത്.വിപണന സാധ്യതയേറിയ രാജ്യങ്ങളിലേക്കു പ്രവർത്തനം വ്യാപിപ്പിക്കാനുള്ള തീരുമാനത്തിന്റെ തുടർച്ചയായാണു ഡാറ്റ്സൻ ശ്രീലങ്കയിലേക്കു മടങ്ങുന്നതെന്നു കമ്പനിയുടെ ആഗോള മേധാവി വിൻസന്റ് കോബീ അഭിപ്രായപ്പെട്ടു.

redigo-testdrive-1

മാരുതി സുസുക്കി ‘ഓൾട്ടോ’, റെനോ ‘ക്വിഡ്’, ഹ്യുണ്ടേയ് ‘ഇയോൺ’ തുടങ്ങിയവയോടാവും ഡാറ്റ്സൻ ‘റെഡി ഗോ’യുടെ മത്സരം. 800 സി സി, മൂന്നു സിലിണ്ടർ എൻജിനുള്ള കാറിന് പരമാവധി 53 ബി എച്ച് പി കരുത്തും 72 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് ഗീയർബോക്സാണു ട്രാന്സ്മിഷൻ. ടു ഡിൻ ഓഡിയോ സിസ്റ്റം, പവർ സ്റ്റീയറിങ്, മുൻ പവർ വിൻഡോ, എൽ ഇ ഡി ഡേ ടൈം റണ്ണിങ് ലാംപ്, ഡ്രൈവർക്ക് എയർബാഗ് എന്നിവയെല്ലാം സഹിതമാണ് ‘റെഡി ഗോ’യുടെ വരവ്.

നിസ്സാന്റെ ദീർഘകാല പങ്കാളിയായ അസോസിയേറ്റഡ് മോട്ടോർ വെയ്സ് (എ എം ഡബ്ല്യു) (പ്രൈവറ്റ്) ലിമിറ്റഡ് തന്നെയാണ് ഡാറ്റ്സൻ ശ്രേണിയും ശ്രീലങ്കയിൽ വിപണനം ചെയ്യുക. മിക്കവാറും അടുത്ത മാസം മുതൽ ഡാറ്റ്സൻ കാറുകളുടെ വിൽപ്പന ശ്രീലങ്കയിൽ തുടങ്ങുമെന്നാണു സൂചന; വില സംബന്ധിച്ച സൂചനകളും ഈ ഘട്ടത്തിലാവും കമ്പനി വെളിപ്പെടുത്തുക. ചെന്നൈയ്ക്കടുത്ത് ഒരടഗട്ടെ റെനോ — നിസ്സാൻ ശാലയിൽ നിർമിച്ച കാറുകളാണു ശ്രീലങ്കയിൽ വിൽപ്പനയ്ക്കെത്തുക.  

Your Rating: