Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാഹന വിൽപ്പന: കേരളത്തെ പിന്തള്ളി ഡൽഹി 5—ാമത്

Buying a new car

യാത്രാവാഹന വിൽപ്പനയിൽ കേരളത്തെ പിന്തള്ളി ഡൽഹി അഞ്ചാം സ്ഥാനത്തെത്തി. 2015 — 16ലെ കണക്കനുസരിച്ചു കേരളത്തിൽ മുൻസാമ്പത്തിക വർഷത്തെ അപേക്ഷിച്ച് രണ്ടു ശതമാനത്തോളം വളർച്ചയോടെ 1,95,400 കാർ വിറ്റപ്പോൾ ഡൽഹിയിലെ വിൽപ്പന 1,99,400 യാത്രാവാഹനങ്ങളായിരുന്നു. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണ വില ഇടിഞ്ഞ സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വരുമാനം കുറഞ്ഞതാണ് കേരളത്തിലെ കാർ വിൽപ്പനയ്ക്കു തിരിച്ചടി സൃഷ്ടിച്ചതെന്നാണു വിലയിരുത്തൽ. 2014 — 15നെ അപേക്ഷിച്ചു ഡൽഹിയിലെ യാത്രാവാഹന വിൽപ്പനയിൽ ഒൻപതു ശതമാനത്തോളം വർധനയാണു രേഖപ്പെടുത്തിയത്.

ക്രൂഡ് ഓയിൽ വിലയിടിവു മൂലം മധ്യപൂർവ ദേശത്തെ സമ്പദ്വ്യവസ്ഥകൾ സമ്മർദത്തിലായതോടെ പ്രവാസി മലയാളികളിൽ നിന്നുള്ള വരുമാനം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നു ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ സീനിയർ വൈസ് പ്രസിഡന്റ്(സെയിൽസ് ആൻഡ് മാർക്കറ്റിങ്) രാകേഷ് ശ്രീവാസ്തവ വിശദീകരിക്കുന്നു. ഗൾഫിൽ നിന്നുള്ള പണമൊഴുക്ക് നിലച്ചതോടെ കേരളീയർ അനാവശ്യ ചെലവുകൾ ഒഴിവാക്കിയതാണു കാർ വിൽപ്പനയ്ക്കു തിരിച്ചടി സൃഷ്ടിക്കുന്നത്.  ഡൽഹി രാജ്യതലസ്ഥാന മേഖലയിലെ കാർ വിൽപ്പനയിൽ കഴിഞ്ഞ സാമ്പത്തിക വർഷം 12 ശതമാനത്തോളം വർധന രേഖപ്പെടുത്തി; യൂട്ടിലിറ്റി വാഹന വിൽപ്പനയിലെ വളർച്ചയാവട്ടെ 1.50% ആണ്. ഡീസൽ എൻജിനുള്ള കാറുകൾക്ക് സുപ്രീം കോടതി വിലക്ക് ഏർപ്പെടുത്തിയതോടെ ഡൽഹിയിൽ പെട്രോൾ മോഡലുകളുടെ വിൽപ്പന ആനുപാതികമായി ഉയർന്നെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

കഴിഞ്ഞ വർഷം ഡിസംബർ മധ്യത്തോടെ ശേഷിയേറിയ ഡീസൽ എൻജിനുള്ള മോഡലുകൾക്ക് വിലക്ക് പ്രാബല്യത്തിലെത്തിയതോടെ ഉപയോക്താക്കൾ പെട്രോൾ മോഡലുകൾ സ്വീകരിച്ചു തുടങ്ങിയെന്നു ഹോണ്ട കാഴ്സ് ഇന്ത്യ സീനിയർ വൈസ് പ്രസിഡന്റ് (മാർക്കറ്റിങ് ആൻഡ് സെയിൽസ്) ജ്ഞാനേശ്വർ സെൻ വിശദീകരിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാനപാദത്തിൽ മൊത്തം കാർ വിൽപ്പനയിൽ 57.8% ആയിരുന്നു പെട്രോൾ മോഡലുകളുടെ സംഭാവന. ഡീസൽ വിലക്ക് നിലവിൽ വന്ന ഡിസംബർ 16 വരെയുള്ള ത്രൈമാസത്തിലെ വാഹന വിൽപ്പനയിൽ 55.9% മാത്രമായിരുന്നു പെട്രോൾ മോഡലുകളുടെ വിഹിതം. ഇക്കൊല്ലം ജൂലൈയിലാവട്ടെ രാജ്യത്തു വിറ്റ മൊത്തം വാഹനങ്ങളിൽ 60.4 ശതമാനവും പെട്രോൾ എൻജിനുള്ളവയായിരുന്നു. കോടതി വിധിക്കു പുറമെ ഇന്ധനവിലകളിലെ അന്തരം കുറയുന്നതും പെട്രോളിനോടുള്ള സ്വീകാര്യത വർധിപ്പിക്കുന്നുണ്ട്. 2011 — 12 സാമ്പത്തിക വർഷം പെട്രോൾ — ഡീസൽ വിലകൾ തമ്മിൽ 26 രൂപ വ്യത്യാസമുണ്ടായിരുന്നതു നിലവിൽ 10 — 12 രൂപ നിലവാരത്തിലേക്കു താഴ്ന്നിട്ടുണ്ട്.