Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡെൽന അവരി ടാറ്റ മോട്ടേഴ്സ് വിടുന്നു

Delna-avari-quits-tata-moto ഡെൽന അവരി

ടാറ്റ മോട്ടോഴ്സിന്റെ പാസഞ്ചർ വെഹിക്കിൾ വിഭാഗം മേധാവി ഡെൽന അവരി കമ്പനി വിടുന്നു. സ്വന്തം സംരംഭവുമായി മുന്നോട്ടു പോകാൻ ലക്ഷ്യമിട്ടാണു അവരി കമ്പനി വിടുന്നതെന്നാണു ടാറ്റ മോട്ടേഴ്സ് നൽകുന്ന സൂചന. രാജി സമർപ്പിച്ചെങ്കിലും നിയമപ്രകാരമുള്ള നോട്ടീസ് കാലാവധി പൂർത്തിയാക്കിയ ശേഷം ഏപ്രിലിൽ മാത്രമാവും അവരി ടാറ്റ മോട്ടോഴ്സിനോടു വിടപറയുക.

ഇന്ത്യയിലും വിദേശത്തുമായി സുപ്രധാന ചുമതലകൾ പലതും വഹിച്ചിട്ടുള്ള ഡെൽന അവരി 2001-ലാണു ടാറ്റ മോട്ടോഴ്സിൽ ചേർന്നത്. യൂറോപ്പിൽ ഏരിയ മാനേജരായും തായ്‌ലൻഡിൽ വൈസ് പ്രസിഡന്റായും അവരി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തായ്‌ലൻഡിൽ വാണിജ്യ വാഹന വിഭാഗത്തിന്റെ ചുമതലയും വഹിച്ചിട്ടുണ്ട്.

‘നാനോ’ പ്രൊഡക്ട് ഗ്രൂപ് മേധാവിയെന്ന നിലയിൽ ഈ ചെറുകാറിന്റെ ഇന്ത്യൻ വിപണിയിലെ സ്ഥാനം പുനഃക്രമീകരിക്കുന്നതിൽ അവരി സുപ്രധാന പങ്കുവഹിച്ചിരുന്നു. ‘വില കുറഞ്ഞ കാർ’ എന്ന പ്രതിച്ഛായയിൽ കുടുങ്ങിയ ‘നാനോ’യ്ക്ക് നഗരത്തിരക്കുകളിൽ അനായാസയാത്ര സാധ്യമാക്കുന്ന ‘സിറ്റി കാർ’ എന്ന രൂപത്തിലേക്കാണു ടാറ്റ മോട്ടോഴ്സ് മാറ്റി പ്രതിഷ്ഠിച്ചത്.

ഓട്ടോ എക്സ്പോയിൽ അരങ്ങേറ്റത്തിനൊരുങ്ങുന്ന പുത്തൻ ഹാച്ച്ബാക്കായ ‘സിക്ക’-യുടെ വിപണന, വാർത്താപ്രചരണ പ്രവർത്തനങ്ങളിലും അവരി സജീവമായിരുന്നു. ബ്രാൻഡിന്റെ ഡിജിറ്റൽ രംഗത്തെ മുന്നേറ്റത്തിനു ചുക്കാൻ പിടിച്ചതിനൊപ്പം ടാറ്റ മോട്ടേഴ്സ് ഷോറൂമുകളിലെ ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിലും ഗണ്യമായ സംഭാവന നൽകി. കഴിഞ്ഞ വർഷം മുതൽ ടാറ്റ മോട്ടോഴ്സിന്റെ കാർ വിപണന ശൃംഖലയായ കോൺകോഡ് മോട്ടേഴ്സ് ഡയറക്ടറായും അവരി പ്രവർത്തിച്ചു വരുകയായിരുന്നു.

ടാറ്റ അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഗ്രാജ്വേറ്റ് ആയി 2001-ലാണ് അവരി ടാറ്റ ഗ്രൂപ്പിലെത്തുന്നത്. തുടർന്നു 2002 മുതൽ യു കെയിലും ദക്ഷിണ പൂർവ ഏഷ്യയിലുമൊക്കെ കമ്പനിക്കുള്ള ഉപസ്ഥാപനങ്ങളിൽ സേവനം അനുഷ്ഠിച്ചു. 2013ൽ പാസഞ്ചർ കാർ ബിസിനസ് യൂണിറ്റ് പ്രസിഡന്റായിരുന്ന രഞ്ജിത് യാദവുമൊത്ത് കാറുകൾക്കായി പ്രത്യേക വിപണന വിഭാഗം സ്ഥാപിച്ചപ്പോഴും അവരി അണിയറയിലുണ്ടായിരുന്നു. ടാറ്റയിൽ നിന്നുള്ള പുത്തൻ മോഡലുകളായ ‘നാനോ’യുടെയും ‘സെസ്റ്റി’ന്റെയും ‘ബോൾട്ടി’ന്റെയുമൊക്കെ വിൽപ്പന മെച്ചപ്പെടുത്താൻ ഈ വിഭാഗം മികച്ച സംഭാവന നൽകിയെന്നാണു വിലയിരുത്തൽ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.