Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോണ്ടയുടെ കാര്‍ വില്‍പ്പനയിലെ ഇടിവ് 20 മുതല്‍ 30% വരെ

honda-city-car

മൂല്യമേറിയ നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നു രാജ്യത്തെ വാഹന വില്‍പ്പന 20 - 30% ഇടിഞ്ഞതായി ജാപ്പനീസ് നിര്‍മാതാക്കളായ ഹോണ്ട കാഴ്‌സ് ഇന്ത്യ ലിമിറ്റഡ്. വില്‍പ്പന ഇടിഞ്ഞിട്ടുണ്ടെന്നതു യാഥാര്‍ഥ്യമാണെങ്കിലും ഇതിന്റെ പേരില്‍ നിര്‍മാണശാലകളിലെ തൊഴിലാളികളെ കുറയ്ക്കാനുള്ള സാധ്യതയില്ലെന്നും കമ്പനി വ്യക്തമാക്കി. നവംബര്‍ ഒന്‍പതു മുതലുള്ള കാലത്തിനിടയിലെ വാഹന വില്‍പ്പന 20 - 30% വരെ ഇടിഞ്ഞതായി ഹോണ്ട കാഴ്‌സ് സീനിയര്‍ വൈസ് പ്രസിഡന്റും ഡയറക്ടറുമായ രമണ്‍ കുമാര്‍ ശര്‍മയാണു വെളിപ്പെടുത്തിയത്. സ്ഥിതിഗതി വൈകാതെ മെച്ചപ്പെടുമെന്നു പ്രതീക്ഷിക്കുന്നതിനാല്‍ കാര്‍ നിര്‍മാണ മേഖലയില്‍ തൊഴില്‍ നഷ്ടത്തിനു സാധ്യത കുറവാണെന്നും അദ്ദേഹം അറിയിച്ചു.

തുടക്കത്തിലെ തിരിച്ചടിക്കു ശേഷം ഇരുചക്രവാഹന വില്‍പ്പന മെച്ചപ്പെടുന്നുണ്ട്. ഇതുപോലെ വലിയ വാഹനങ്ങളുടെ വില്‍പ്പനയും പൂര്‍വസ്ഥിതിയിലെത്തുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. സാഹചര്യം പ്രതികൂലമാണെങ്കിലും വാഹന ഉല്‍പ്പാദനം കുറയ്ക്കുന്നതു സംബന്ധിച്ചു കമ്പനി തീരുമാനമൊന്നും സ്വീകരിച്ചിട്ടില്ല; വില്‍പ്പന കണക്കുകള്‍ വിലയിരുത്തിയാവും ഈ വിഷയത്തില്‍ അന്തിമ തീരുമാനമെന്നു ശര്‍മ വിശദീകരിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വില്‍പ്പനയായ 1.92 ലക്ഷം യൂണിറ്റ് 2016 - 17ലും നിലനിര്‍ത്താനാവുമെന്നും അദ്ദേഹം പ്രത്യാശിച്ചു. ഇക്കൊല്ലം ഇതുവരെയുള്ള വില്‍പ്പന ഒരു ലക്ഷത്തോളം യൂണിറ്റാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഭാവിയില്‍ ഉപഭോക്തൃ താല്‍പര്യവും വായ്പകളുടെ പലിശ നിരക്കുമാവും വാഹന വില്‍പ്പനയെ സ്വാധീനിക്കുന്ന ഘടകങ്ങളെന്നും ശര്‍മ അഭിപ്രായപ്പെട്ടു. എങ്കിലും അടുത്ത വര്‍ഷത്തെ വാഹന വില്‍പ്പനയില്‍ കൂടുതല്‍ സ്ഥിരതയുണ്ടാവുമെന്നും അദ്ദേഹം വിലയിരുത്തി.

പരിസ്ഥിതി മലിനീകരണത്തെക്കുറിച്ച് ആശങ്കയേറിയതോടെ ഡീസല്‍ മോഡലുകളുടെ വില്‍പ്പന കുറഞ്ഞിട്ടുണ്ടെന്നു ശര്‍മ വെളിപ്പെടുത്തി. നിലവില്‍ ഡീസല്‍ - പെട്രോള്‍ വാഹനങ്ങള്‍ തമ്മില്‍ വില്‍പ്പനയില്‍ കാര്യമായ അന്തരമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.