Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നോട്ട്ക്ഷാമം: കാർ വിൽപ്പന ഇടിയുമെന്നു വോൾവോയും

volvo-logo

മൂല്യമേറിയ നോട്ടുകൾ പിൻവലിച്ചതു സൃഷ്ടിച്ച പ്രതിസന്ധി മൂലം ഇക്കൊല്ലത്തെ വിൽപ്പന ഇടിയുമെന്ന് ആഡംബര കാർ നിർമാതാക്കളായ വോൾവോ ഓട്ടോ ഇന്ത്യയ്ക്കും ആശങ്ക. നോട്ട്ക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ ഇക്കൊല്ലത്തെ വിൽപ്പനലക്ഷ്യം പരിഷ്കരിക്കാനും ചൈനീസ് കമ്പനിയായ ഗീലിയുടെ ഉടമസ്ഥതയിലുള്ള സ്വീഡിഷ് ബ്രാൻഡായ വോൾവോ തീരുമാനിച്ചിട്ടുണ്ട്. ഇക്കൊല്ലത്തെ വിൽപ്പന വളർച്ച 10 ശതമാനത്തിലൊതുങ്ങുമെന്നാണു വോൾവോ ഓട്ടോ ഇന്ത്യയുടെ പുതുക്കിയ കണക്ക്. മുമ്പ് 25% വിൽപ്പന വളർച്ചയാണു കമ്പനി ലക്ഷ്യമിട്ടിരുന്നതെന്നും വോൾവോ ഓട്ടോ ഇന്ത്യ മാനേജിങ് ഡയറക്ടർ ടോം വോൺ ബോൺസ്ഡ്രോഫ് വെളിപ്പെടുത്തി.

അതേസമയം നോട്ടുകൾ പിൻവലിച്ചതു മൂലം ആഡംബര കാർ വിൽപ്പനയ്ക്കു നേരിടുന്ന തിരിച്ചടി താൽക്കാലികമാണെന്നും അദ്ദേഹം വ്യക്തമാക്കി. മൂല്യമേറിയ ഇടപാടുകൾക്കു സാഹചര്യം അനുകൂലമല്ലെന്ന വിലയിരുത്തലിൽ ഇടപാടുകാർ കാർ വാങ്ങൽ പോലുള്ള തീരുമാനങ്ങൾ നീട്ടിവയ്ക്കുകയാണ്. വാഹന വായ്പയെടുത്താണു ഭൂരിഭാഗം പേരും ആഡംബര കാറുകൾ വാങ്ങുന്നത്; അതുകൊണ്ടുതന്നെ അധികം വൈകാതെ കാർ വിൽപ്പന സാധാരണനിലയിലെത്തുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. ‘എക്സ് സി 90’, ‘എസ് 90’, ‘വി 40’ തുടങ്ങിയ പുതിയ മോഡൽ അവതരണങ്ങളുടെ പിൻബലത്തിൽ ഇക്കൊല്ലം 25% വിൽപ്പന വളർച്ച നേടാനാവുമെന്നായിരുന്നു കമ്പനിയുടെ പ്രതീക്ഷ; എന്നാൽ സാഹചര്യങ്ങൾ പ്രതികൂലമായതോടെ വിൽപ്പന 10 ശതമാനത്തിലൊതുങ്ങുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കഴിഞ്ഞ മാസങ്ങളിൽ മികച്ച വിൽപ്പനയാണ് ഇന്ത്യൻ വിപണിയിൽ നേടാനായത്. നോട്ട് പിൻവലിക്കൽ സൃഷ്ടിച്ച പ്രതിസന്ധി തികച്ചും താൽക്കാലികമാവുമെന്നാണു പ്രതീക്ഷ. ഒപ്പം മൂല്യമേറിയ നോട്ടുകൾ പിൻവലിച്ചത് ദീർഘകാലാടിസ്ഥാനത്തിൽ രാജ്യത്തിനു ഗുണകരമാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ വർഷം 1400 കാറുകളാണു വോൾവോ ഇന്ത്യയിൽ വിറ്റത്; ഇക്കൊല്ലത്തെ വിൽപ്പന 1,600 യൂണിറ്റായി ഉയരുമെന്നാണു പ്രതീക്ഷ. വിൽപ്പന വളർച്ചയിൽ സ്ഥിരത കൈവരിച്ചാൽ ഇന്ത്യയിൽ നിർമാണശാല സ്ഥാപിക്കുന്ന കാര്യം വോൾവോ പരിഗണിക്കുമെന്നു ടോം വോൺ ബോൺസ്ഡ്രോഫ് വെളിപ്പെടുത്തി.  

Your Rating: