Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡി ഐ സി വിയുടെ ബസ് നിർമാണശാല തുറന്നു

Daimler India CV opens new bus plant

ജർമൻ വാണിജ്യവാഹന നിർമാതാക്കളായ ഡെയ്മ്ലറിന്റെ ഉപസ്ഥാപനമായ ഡെയ്മ്ലർ ഇന്ത്യ കൊമേഴ്സ്യൽ വെഹിക്കിൾസി(ഡി ഐ സി വി)ന്റെ ബസ് നിർമാണ പ്ലാന്റ് പ്രവർത്തനം ആരംഭിച്ചു. അയർലൻഡ് ആസ്ഥാനമായ റൈറ്റ്ബസ് ഇന്റർനാഷനലിന്റെ പങ്കാളിത്തത്തോടെ, 425 കോടി രൂപ ചെലവിലാണ് ചെന്നൈയ്ക്കടുത്ത് ഒരഗടത്ത് ഡി ഐ സി വി പുതിയ ബസ് നിർമാണശാല സ്ഥാപിച്ചത്.

ബസ് പ്ലാന്റ് തുറന്നതോടെ ഡി ഐ സി വിയുടെ പ്രവർത്തനം വ്യാപിക്കുകയാണെന്നും ഇന്ത്യൻ വിപണിയെ സംബന്ധിച്ചിടത്തോളം പൂർണതോതിലുള്ള വണിജ്യ വാഹന നിർമാതാവായി കമ്പനി മാറിയെന്നും ഉദ്ഘാടകനായ ഡെയ്മ്ലർ ട്രക്ക്സ് ആൻഡ് ബസസ് മെംബർ ഓഫ് ബോർഡ് ഓഫ് മാനേജ്മെന്റ് ഡോ വുൾഫ്ഗാങ് ബേൺഹാർഡ് അഭിപ്രായപ്പെട്ടു. ബസ്സുകളടക്കം പുതിയ ഉൽപന്നങ്ങളുമായി ഇന്ത്യൻ വാണിജ്യ വാഹന വിപണിയിൽ ശക്തമായ സാന്നിധ്യമാണു കമ്പനി ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ പ്രതിവർഷം 1,500 ബസ്സുകൾ നിർമിക്കാവുന്ന പ്ലാന്റിന്റെ ശേഷി ഭാവിയിൽ 4,000 യൂണിറ്റ് വരെയായി ഉയർത്താനാവുമെന്നും അദ്ദേഹം അറിയിച്ചു.

ഒരഗടത്ത് 4,400 കോടി രൂപ ചെലവിൽ ഡി ഐ സി വി സ്ഥാപിച്ച നിർമാണശാലയിൽ 27.91 ഏക്കർ സ്ഥലത്താണു ബസ് പ്ലാന്റ് പ്രവർത്തിക്കുക; ഈ ശാലയിൽ നിന്നു മെഴ്സീഡിസ് ബെൻസിനു പുറമെ ഭാരത് ബെൻസ് ശ്രേണിയിലുള്ള ബസ്സുകളും പുറത്തിറങ്ങും. ഒൻപതിനും പതിനാറിനും പുറമെ16 ടണ്ണിലേറെ ഗ്രോസ് വെഹിക്കിൾ വെയ്റ്റ്(ജി വി ഡബ്ല്യു) ഉള്ള ബസ്സുകളും ഈ ശാലയിൽ നിർമിക്കും.

ഹ്രസ്വ ദൂര യാത്രകൾക്കായി, മുന്നിൽ ഘടിപ്പിച്ച എൻജിനുള്ള ബസ്സുകൾ ഉൾപ്പെടുന്നതാവും ഭാരത് ബെൻസ് ശ്രേണി. സ്കൂൾ, സ്റ്റാഫ്, ടൂറിസ്റ്റ് ബസ് വിഭാഗങ്ങളെയാണ് ഈ ശ്രേണിയിലൂടെ ഡി ഐ സി വി ലക്ഷ്യമിടുന്നത്. അതേസമയം, ദീർഘദൂര ആഡംബര യാത്രയ്ക്ക് അനുയോജ്യമായ ബസ്സുകളാണു മെഴ്സീഡിസ് ബെൻസ് ശ്രേണിയിൽ കമ്പനി അവതരിപ്പിക്കുക. പിന്നിൽ ഘടിപ്പിച്ച എൻജിനും മികച്ച യാത്രാസുഖവുമൊക്കെയാവും മെഴ്സീഡിസ് ബെൻസ് ബസ്സുകളിൽ ഡി ഐ സി വി ലഭ്യമാക്കുക. ഈ ബസ്സുകൾക്കുള്ള എൻജിനും ട്രാൻസ്മിഷനും ഇറക്കുമതി ചെയ്യുക ബ്രസീസിൽ നിന്നാണ്.

ബസ് പ്ലാന്റ് പ്രവർത്തനം തുടങ്ങുന്നതോടെ 1,300 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് ഡെയ്മ്ലർ ബസസ് ഇന്ത്യ മാനേജിങ് ഡയറക്ടർ മാർകസ് വില്ലിങ്ങർ അറിയിച്ചു. നിലവിൽ മൂവായിരത്തോളം ജീവനക്കാരാണു ഡി ഐ സി വിയുടെ ഒരഗടം ശാലയിലുള്ളത്.

ബസ് ശാല തുറന്നതിനൊപ്പം ചെന്നൈയിൽ ഹെവി ഡ്യൂട്ടി ട്രക്കുകളുടെയും ട്രാക്ടറുകളുടെയും നിർമാണത്തിനും ഡി ഐ സി വി തുടക്കമിട്ടു. യൂറോപ്യൻ ബ്രാൻഡുകൾക്ക് ആധിപത്യമുള്ള 360 എച്ച് പി — 430 എച്ച് പി ട്രക്ക് ശ്രേണിയുടെ നിർമാണം ഇന്ത്യയിൽ ഇതാദ്യമാണ്.

കൂടാതെ ഭാരത് ബെൻസ് ശ്രേണിയിൽ 430 എച്ച് പി ‘3143 ടിപ്പർ’, 360 എച്ച് പി ‘2536’ എന്നിവ പുറത്തിറക്കി ഖനന മേഖലയിലേക്കും ഡി ഐ സി വി പ്രവർത്തനം വ്യാപിപ്പിച്ചു. ഹെവി ലിഫ്റ്റ് പ്രോജക്ട് കാർഗോയ്ക്കായി ‘ഭാരത് ബെൻസ് 4940’ എന്ന 400 എച്ച് പി ട്രാക്ടറും ഡി ഐ സി വി അവതരിപ്പിച്ചു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.