Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡീസൽ എൻജിൻ വിലക്കിൽ വലഞ്ഞ് ടൊയോട്ട

innova-crysta-2

രണ്ടു ലീറ്ററിലേറെ ശേഷിയുള്ള ഡീസൽ എൻജിനുകൾക്കുള്ള വിലക്ക് കേരളത്തിലേക്കുകൂടി വ്യാപിച്ച സാഹചര്യത്തിൽ ഇന്ത്യയിലെ പ്രവർത്തനങ്ങൾ പുനഃപരിശോധിക്കാൻ ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട മോട്ടോർ കോർപറേഷൻ ആലോചിക്കുന്നു. സ്വാഭാവിക നീതിയുടെ നിഷേധമാണ് വിലക്ക് ഏർപ്പെടുത്തിയ കോടതി ഉത്തരവുകളിൽ പ്രതിഫലിക്കുന്നതെന്നാണു ടൊയോട്ടയുടെ വിലയിരുത്തൽ. ഇന്ത്യയിൽ കിർലോസ്കർ ഗ്രൂപ്പുമായി സഹകരിച്ചു സ്ഥാപിച്ച ടൊയോട്ട കിർലോസ്കർ മോട്ടോർ(ടി കെ എം) വഴിയാണു ടൊയോട്ടയുടെ പ്രവർത്തനം. കോടതി വിധികളുടെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ പ്രവർത്തനം നിർത്താൻ ടൊയോട്ട ആലോചിക്കുന്നില്ല. എന്നാൽ ഇന്ത്യയിൽ പുതിയ മോഡലുകൾ അവതരിപ്പിക്കാനും കമ്പനിക്കു തൽക്കാലം പദ്ധതിയില്ല. വിലക്കിലുപരി ഈ തീരുമാനത്തിലെ ന്യായരഹിത്യമാണു വേദനിപ്പിക്കുന്നതെന്നു ടി കെ എം വൈസ് ചെയർമാനും മുഴുവൻ സമയ ഡയറക്ടറുമായ ശേഖർ വിശ്വനാഥൻ അഭിപ്രായപ്പെട്ടു. കമ്പനിയുടെ ഭാഗം കേൾക്കാതെയാണു കോടതി വിധികൾ വരുന്നത്. ഇതു സ്വാഭാവിക നീതിയുടെ നിഷേധവുമാണ്. ഈ സാഹചര്യത്തിൽ ഇന്ത്യയിലെ പ്രവർത്തനങ്ങളെപ്പറ്റി കമ്പനി പുനഃപരിശോധന ആരംഭിച്ചു കഴിഞ്ഞു. കമ്പനിയെ തിരഞ്ഞു പിടിച്ചു വേട്ടയാടുന്ന പ്രതീതിയാണെന്നും വിശ്വനാഥൻ ആരോപിച്ചു.

കൊച്ചിയിൽ ദേശീയ ഹരിത ട്രൈബ്യൂണ(എൻ ജി ടി)ലിന്റെ സർക്യൂട്ട് ബെഞ്ച് പ്രവർത്തനം ആരംഭിച്ച ദിവസം തന്നെ കേരളത്തിൽ 2,000 സി സിയിലേറെ എൻജിൻ ശേഷിയുള്ള ഡീസൽ വാഹനങ്ങളുടെ റജിസ്ട്രേഷൻ വിലക്കിയിരുന്നു. പൊതുഗതാഗതത്തിനും ലോക്കൽ അതോറിട്ടികളുടെ ഉടമസ്ഥതയിലുമുള്ള വാഹനങ്ങൾക്കു മാത്രമാണ് ഈ വിലക്കിൽ ഇളവ് ലഭിക്കുക. ഒപ്പം 10 വർഷത്തിലേറെ പഴക്കമുള്ള ലഘു, ഭാര വാഹനങ്ങൾക്കും സംസ്ഥാനത്തെ ആറു കോർപറേഷൻ പ്രദേശത്ത് എൻ ജി ടി വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇതോടെ തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ നഗരപ്രദേശത്ത് 10 വർഷത്തിലേറെ പഴക്കമുള്ള വാണിജ്യ വാഹനങ്ങൾക്ക് നിയന്ത്രണം നിലവിൽ വരും.കഴിഞ്ഞ ഡിസംബറിൽ ദേശീയ തലസ്ഥാന മേഖല(എൻ സി ആർ)യിൽ 2,000 സി സിയിലേറെ എൻജിൻ ശേഷിയുള്ള ഡീസൽ വാഹനങ്ങൾക്ക് സുപ്രീം കോടതി പ്രഖ്യാപിച്ച വിലക്ക് ഏറ്റവും തിരിച്ചടി സൃഷ്ടിച്ചതും ടൊയോട്ടയ്ക്കാണ്. ഡീസൽ വാഹനങ്ങൾ മൊത്തത്തിൽ നിരോധിക്കാതെ 2,000 സി സിയിലേറെ എൻജിൻ ശേഷിയുള്ളള മാത്രം വിലക്കുന്നതാണു മനസ്സിലാവാത്തതെന്നു വിശ്വനാഥൻ പറയുന്നു.

ഇന്ത്യയിൽ കാൽ ലക്ഷത്തോളം പേരാണു പ്രത്യക്ഷമായും പരോക്ഷമായും ടൊയോട്ടയ്ക്കായി ജോലി ചെയ്യുന്നത്. വിലക്കിന്റെ പേരിൽ ഇവരെ കൈവിട്ട് കമ്പനി ഇന്ത്യയിലെ പ്രവർത്തനം നിർത്തില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. അതേസമയം ഇന്ത്യയിലെ പ്രവർത്തനം പുനഃപരിശോധിക്കുന്നത് എങ്ങനെയെന്നു വിശദീകരിക്കാൻ വിശ്വനാഥൻ സന്നദ്ധനായില്ല. എങ്കിലും ഡീസൽ വിലക്കിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ പുതിയ നിക്ഷേപങ്ങളെയും പുതിയ മോഡൽ അവതരണങ്ങളെയും ടൊയോട്ട ആസ്ഥാനത്തു നിന്നു ചോദ്യം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇന്ത്യയിലെ വിൽപ്പന അനുമതിയുള്ള മോഡലുകളിലേക്കു പരിമിതപ്പെടുത്താൻ കമ്പനി നിർബന്ധിതമാവും. പുതുതായി അവതരിപ്പിച്ച ‘ഇന്നോവ ക്രിസ്റ്റ’യ്ക്കു വിപണി മികച്ച വരവേൽപ്പാണു നൽകിയത്. എന്നാൽ ഡൽഹി എൻ സി ആർ മേഖലയിലും കേരളത്തിലും ഈ മോഡൽ ഇനി വിൽക്കാനാവാത്ത സാഹചര്യമാണ്. ഇരു വിപണികളും കമ്പനിയെ സംബന്ധിച്ചിടത്തോളം സുപ്രധാനമായിരുന്നെന്നും വിശ്വനാഥൻ വിശദീകരിച്ചു.
 

Your Rating: