Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡീസൽ വാഹനങ്ങളുടെ ബുക്കിങ് മരവിച്ചു

diesel-ban

സംസ്ഥാനത്ത് 2000 സിസിയിൽ കൂടുതലുള്ള വാഹനങ്ങളുടെ ബുക്കിങ് നിലച്ചു. നേരത്തേ ബുക്ക് ചെയ്തവർ വണ്ടി എടുക്കുന്നുമില്ല. 2000 സിസിയിൽ താഴെയുള്ള ഡീസൽ വാഹനങ്ങളുടെ ബുക്കിങ്ങിലും കഴിഞ്ഞ രണ്ടു ദിവസത്തിനിടെ 25% ഇടിവുണ്ടായെന്നു ഡീലർമാരുടെ സംഘടന അറിയിച്ചത്. സംസ്ഥാനത്തെ അഞ്ചു കോർപറേഷൻ നഗരങ്ങളിൽ പത്തു വർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങൾ ഉപേക്ഷിക്കണമെന്നും 2000 സിസിയിൽ കൂടിയ ഡീസൽ വാഹനങ്ങൾ റജിസ്റ്റർ ചെയ്യരുതെന്നും ദേശീയ ഗ്രീൻ ട്രൈബ്യൂണൽ കൊച്ചി സർക്യൂട്ട് ബഞ്ചിന്റെ വിധി വന്നതോടെയാണിത്.

ഡീസൽ വാഹനങ്ങൾ 10 വർഷം കഴിഞ്ഞാൽ ഉപയോഗിക്കരുതെന്ന വിധി ഗതാഗത വകുപ്പിനും ആശങ്കയുണർത്തുന്നു. സംസ്ഥാനത്ത് 15 വർഷത്തേക്കാണു വാഹന നികുതി വാങ്ങുന്നത്. പത്തു വർഷം കഴിഞ്ഞ് ഉപയോഗിക്കാൻ കഴിയില്ലെങ്കിൽ ബാക്കി അഞ്ചു വർഷത്തെ നികുതി ഒരോ വാഹന ഉടമയ്ക്കും തിരികെ നൽകേണ്ടി വരും. സംസ്ഥാനത്ത് നിലവിൽ രണ്ടു ലക്ഷത്തോളം ഡീസൽ വാഹനങ്ങൾ ഉള്ളതിനാൽ ഇങ്ങനെ തിരികെ നൽകേണ്ടി വരുന്ന തുക ഓരോ വർഷവും കോടികളാവുമെന്നാണു പ്രാരംഭ കണക്കെടുപ്പ്. വർഷം വാഹന നികുതിയായി 3200 കോടി രൂപയാണു ലഭിക്കുന്നത്. അതിൽ 60% ഇരുചക്ര വാഹന വിഭാഗത്തിലാണ്. ബാക്കി 40% നാലുചക്ര വാഹനങ്ങളിൽ നിന്ന് ഏകദേശം 2000 കോടി നികുതി ഇനത്തിൽ ലഭിക്കുന്നുണ്ട്.

അതിൽ ഡീസൽ വാഹനങ്ങളുടെ മാത്രം നികുതി എത്രയെന്നു കണക്കെടുത്തിട്ടില്ല. പക്ഷേ, പുതിയ വാഹനങ്ങൾ വാങ്ങാനുദ്ദേശിക്കുന്നവർ പെട്രോളിലേക്കു മാറുമെന്നതിനാൽ നികുതി വരുമാനത്തിൽ വലിയ ഇടിവ് ഇതുമൂലം ഉണ്ടാവണമെന്നുമില്ല. മാസം 2000 സിസിയിലേറെയുള്ള വാഹനങ്ങൾ ഏകദേശം 1800 എണ്ണമാണു കേരളത്തിൽ വിൽക്കുന്നത്. ഡീസലിനു വിലക്കുറവായതു മൂലം വാഹനങ്ങൾ വാങ്ങിയ ഇടത്തരക്കാർക്കാണ് കനത്ത അടിയെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഏഴെട്ടു വർഷമായ വാഹനങ്ങൾക്കു പോലും വിൽക്കാൻ ശ്രമിച്ചാൽ ആവശ്യക്കാരുണ്ടാവില്ല.

എന്നാൽ വലിയ നഷ്ടം തങ്ങൾക്കല്ലെന്ന് ഡീലർമാർ ചൂണ്ടിക്കാട്ടുന്നത്. കാരണം പുതുതായി വാഹനം വാങ്ങാനുദ്ദേശിക്കുന്നവർ പെട്രോൾ വാഹനങ്ങളിലേക്കു മാറും. ഡീസൽ വാഹന ഫാക്ടറികളിൽ നിക്ഷേപം നടത്തിയ കമ്പനികളും വാഹന ഉടമകളും, നികുതി തിരികെ നൽകേണ്ട സ്ഥിതിയിലുള്ള സംസ്ഥാന സർക്കാരുമാണ് ഇടിത്തീ വീണതുപോലെ വന്ന വിധിയിൽ ഉത്കണ്ഠ പൂണ്ടിരിക്കുന്നത്.