Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡീസൽ വിലക്ക്: നഷ്ടം 4,000 കോടിയെന്നു ‘സയാം’

diesel-ban

ശേഷിയേറിയ ഡീസൽ എൻജിനുള്ള വാഹനങ്ങളുടെ വിൽപ്പനയ്ക്കു രാജ്യതലസ്ഥാന മേഖല(എൻ സി ആർ) യിൽ ഏർപ്പെടുത്തിയ വിലക്ക് മൂലം എട്ടു മാസത്തിനിടെ വാഹന വ്യവസായത്തിന് 4,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് ഇന്ത്യൻ വാഹന നിർമാതാക്കളുടെ സൊസൈറ്റി(സയാം) പ്രസിഡന്റ് വിനോദ് കെ ദാസരി. വാഹന വിലയുടെ ഒരു ശതമാനം പരിസ്ഥിതി സെസ് ഈടാക്കി ഈ വിലക്ക് നീക്കാൻ ആഴ്ചകൾക്കു മുമ്പ് സുപ്രീം കോടതി തീരുമാനിച്ചിരുന്നു.കോടതികൾക്കു ലഭിച്ച കൃത്യതയില്ലാത്ത വിവരങ്ങളാണു ഡീസൽവാഹന വിലക്കിലേക്കു നയിച്ചതെന്നും ഓട്ടമോട്ടീവ് കംപോണന്റ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ (എ സി എം എ) വാർഷിക യോഗത്തിൽ ദാസരി അഭിപ്രായപ്പെട്ടു.

മാധ്യമങ്ങളുടെ അമിതാവേശവും കൃത്യതയില്ലാത്ത വിവരങ്ങളും ചേർന്നതോടെയാണു ഡീസൽ വാഹനങ്ങൾ വിലക്കാൻ കോടതി തീരുമാനിച്ചത്. യഥാർഥത്തിൽ സർക്കാർ നിശ്ചയിച്ച മലിനീകരണ നിയന്ത്രണ നിലവാരം പാലിക്കുന്ന വാഹനങ്ങൾക്കാണു വിലക്ക് നേരിട്ടതെന്നും അദ്ദേഹം വിശദീകരിച്ചു. നിയമം പാലിച്ചതിന് ശിക്ഷിക്കപ്പെടുന്ന ആദ്യ അവസരമാണിതെന്നും ദാസരി അഭിപ്രായപ്പെട്ടു. ഇതോടെ എട്ടു മാസത്തിനിടെ 4,000 കോടി രൂപയാണു വാഹന വ്യവസായത്തിനു നഷ്ടമായത്. പരിസ്ഥിതി മലിനീകരണത്തിന്റെ യഥാർഥ കാരണം കണ്ടെത്താതെ വാഹന വ്യവസായത്തെ നിയന്ത്രിക്കാനാണ് എല്ലാവരും ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
ഇന്ത്യയിലെ വാഹന വ്യവസായം മൂന്നു കോടിയോളം തൊഴിലവസരങ്ങളാണു സൃഷ്ടിക്കുന്നത്; രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിൽ 50% സംഭാവന ചെയ്യുന്നതും ഈ മേഖല തന്നെ. എന്നിട്ടും ഗതാഗതക്കുരുക്കിന്റെ പേരിൽ പഴി കേൾക്കുന്നതു വാഹന വ്യവസായമാണെന്നു ദാസരി ഓർമിപ്പിച്ചു. അന്തരീക്ഷ മലിനീകരണം ഉയർന്നാലും അപകടം സംഭവിച്ചാലുമൊക്കെ പഴി വാഹന വ്യവസായത്തിനാണെന്ന് അദ്ദേഹം ആരോപിച്ചു.

വാഹന വ്യവസായത്തെ നിയന്ത്രിക്കാനാണ് എല്ലാവരുടെയും മോഹം. ഡൽഹിയിൽ ശൈത്യകാലത്ത് മൂടൽമഞ്ഞ് പടരുമ്പോൾ ധാരാളം മാധ്യമ വാർത്തകൾ വരും. ഇതോടെ സർക്കാരിതര സംഘടനകൾ(എൻ ജി എ) എല്ലാം വാഹന വ്യവസായത്തെ മാത്രം പഴിച്ചു രംഗത്തെത്തുമെന്നു ദാസരി കുറ്റപ്പെടുത്തി.
മൊത്തം മലിനീകരണത്തിൽ 20 ശതമാനത്തിൽ താഴെ മാത്രമാണു വാഹന വ്യവസായത്തിന്റെ സംഭാവന. മലിനീകരണം നിയന്ത്രിക്കണമെങ്കിൽ പഴയ വാഹനങ്ങൾ നിരോധിക്കണമെന്നു പലതവണ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഫലമുണ്ടായില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. രാജ്യതലസ്ഥാനത്തെ വായുമലിനീകരണം ക്രമാതീതമായി ഉയരുന്നെന്ന പേരിൽ എൻ സി ആർ മേഖലയിൽ രണ്ടു ലീറ്ററിലേറെ എൻജിൻ ശേഷിയുള്ള ഡീസൽ വാഹനങ്ങളുടെ റജിസ്ട്രേഷൻ 2015 ഡിസംബർ 16നാണു സുപ്രീം കോടതി നിരോധിച്ചത്.  

Your Rating: