Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാർ വിൽപ്പന: ഒന്നാം സ്ഥാനം മാത്രമല്ല കാര്യമെന്നു ടൊയോട്ട

Akio Toyoda അകിയൊ ടൊയോഡ

കാർ വിൽപ്പനയിൽ ആഗോളതലത്തിൽ ഒന്നാം സ്ഥാനം സ്വന്തമാക്കാൻ അമിതാവേശമരുതെന്നു ജർമൻ നിർമാതാക്കളായ ഫോക്സ്​വാഗന് എതിരാളികളായ ടൊയോട്ടയുടെ ഉപദേശം. ഇക്കൊല്ലം ആദ്യ ഒൻപതു മാസത്തെ വിൽപ്പനകണക്കെടുപ്പിൽ ഫോക്സ്​വാഗനെ പിന്തള്ളിയതിന്റെയും യു എസിലെ കർശന മലിനീകരണ പരിശോധന വിജയിക്കാൻ ഫോക്സ്​വാഗൻ ‘പുകമറ’ സോഫ്റ്റ്​വെയർ ഉപയോഗിച്ചെന്ന വെളിപ്പെടുത്തലിന്റെയും പശ്ചാത്തലത്തിലായിരുന്നു ടോക്കിയോ മോട്ടോർ ഷോയ്ക്കിടെ ടൊയോട്ട മോട്ടോർ കോർപറേഷൻ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ അകിയൊ ടൊയോഡയുടെ പ്രതികരണം.

പോരെങ്കിൽ ഒന്നാം സ്ഥാനം നിലനിർത്തുന്നതിനപ്പുറം ഉന്നത ഗുണനിലവാരം ഉറപ്പാക്കുകയാണു കമ്പനിയുടെ ഇപ്പോഴത്തെ മുൻഗണനയെന്നും അദ്ദേഹം വ്യക്തമാക്കി. ആക്സിലറേറ്ററിനുള്ള നിർമാണ പിഴവടക്കം വിവിധ തകരാറുകളുടെ പേരിൽ പല തവണ കാറുകൾ തിരിച്ചുവിളിച്ചു പരിശോധിക്കേണ്ടി വന്നതു പ്രതിച്ഛായയ്ക്കു തിരിച്ചടിയായെന്നാണു ടൊയോട്ടയുടെ വിലയിരുത്തൽ.

ഫോക്സ്​വാഗൻ വിവാദത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് ഗുണമേന്മ സംബന്ധമായ പ്രശ്നങ്ങൾ പുനഃസംഘടനയ്ക്കും പരിഷ്കാരത്തിനുമുള്ള അവസരങ്ങളാണെന്നായിരുന്നു ടൊയോഡയുടെ മറുപടി. പറ്റിപ്പോയ പിഴവുകളും തെറ്റുകളും ആവർത്തിക്കരുതെന്ന കാര്യത്തിൽ ടൊയോട്ടയ്ക്കു നിർബന്ധമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം വാഹന വിൽപ്പന ഉയരേണ്ടെന്ന നിലപാടൊന്നും ടൊയോട്ടയ്ക്കില്ലെന്നും അദ്ദേഹം അറിയിച്ചു; മറിച്ചു വ്യക്തമായ വിൽപ്പന ലക്ഷ്യത്തോടെയാണു കമ്പനി പ്രവർത്തിക്കുന്നത്. എന്നാൽ ലോകത്തിലെ ഏറ്റവും വലിയ കാർ നിർമാതാവ് എന്നതിലുപരി ഏറ്റവും മഹത്തായ കാർ നിർമാതാവ് എന്ന പദവിയിലാണു തനിക്കു താൽപര്യമെന്ന് അദ്ദേഹം വിശദീകരിച്ചു.

മലിനീകരണ നിയന്ത്രണ പരിശോധനയെ മറികടക്കാൻ 1.1 കോടിയോളം കാറുകളിൽ കൃത്രിമം കാട്ടിയെന്ന ഫോക്സ്​വാഗന്റെ കുറ്റസമ്മതം പരിസ്ഥിതി മലിനീകരണം കുറയ്ക്കാനുള്ള ശ്രമങ്ങൾക്കു തിരിച്ചടിയാവരുതെന്നും ടൊയോട്ട സ്ഥാപകരുടെ കുടുംബത്തിൽപെട്ട ടൊയോഡ ആവശ്യപ്പെട്ടു. ഏതെങ്കിലും വാഹന നിർമാതാവ് തെറ്റായ മാർഗം സ്വീകരിച്ചെന്നു കരുതി മറ്റുള്ളവർ പരിസ്ഥിതി പ്രശ്നങ്ങളോടുള്ള സമീപനത്തിൽ മാറ്റം വരുത്തരുതെന്നും അദ്ദേഹം നിർദേശിച്ചു.