Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പി പി പി വഴി 1000 എ സി ബസ് അവതരിപ്പിക്കാൻ ഡി ടി സി

dtc-lowfloor Delhi Transport Corporation AC Bus

രാജ്യ തലസ്ഥാന മേഖലയിലെ ഗതാഗത സൗകര്യം മെച്ചപ്പെടുത്താൻ പൊതു സ്വകാര്യ പങ്കാളിത്ത(പി പി പി) വ്യവസ്ഥയിൽ 1,000 എ സി ലോ ഫ്ളോർ ബസ്സുകൾ പുറത്തിറക്കാൻ ഡൽഹി സർക്കാർ ഒരുങ്ങുന്നു. ജൂലൈയോടെ പുതിയ എ സി ബസ്സുകൾ സർവീസിനെത്തുമെന്നാണു പ്രതീക്ഷ. പി പി പി അടിസ്ഥാനത്തിൽ ബസ്സുകൾ നിരത്തിലിറക്കാനുള്ള പദ്ധതി ഡൽഹി ഗതാഗത വകുപ്പ് തയാറാക്കിയിട്ടുണ്ട്. ഈ മാസം തന്നെ വിഷയം മന്ത്രിസഭയുടെ പരിഗണനയ്ക്കെത്തും. ഗതാഗത സൗകര്യം വർധിപ്പിക്കാൻ പി പി പി വ്യവസ്ഥയിൽ 1,000 എ സി ലോ ഫ്ളോർ ബസ്സുകൾ പുറത്തിറക്കാൻ സർക്കാർ തീരുമാനിച്ചതായി ഗതാഗത മന്ത്രി ഗോപാൽ റായ് വെളിപ്പെടുത്തി. ഡൽഹി ട്രാൻസ്പോർട് കോർപറേഷന്(ഡി ടി സി) തന്നെയാവും ഈ ബസ്സുകൾ ഉപയോഗിച്ചുള്ള സർവീസുകളുടെ ചുമതല. ജൂലൈയോടെ പുതിയ ബസ്സുകൾ സർവീസ് തുടങ്ങുമെന്നാണു പ്രതീക്ഷയെന്നും റായ് അറിയിച്ചു.

ഒറ്റ, ഇരട്ട അക്ക നമ്പർ അടിസ്ഥാനമാക്കി സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം അവതരിപ്പിക്കുംമുമ്പ് ഡൽഹിയിലെ പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്താൻ സംസ്ഥാനം ഭരിക്കുന്ന ആം ആദ്മി പാർട്ടി(ആപ്) സർക്കാർ തീരുമാനിച്ചിട്ടുണ്ട്. പരിഷ്കരിച്ച രീതിയിലാവും ഒറ്റ — ഇരട്ട അക്ക നിയന്ത്രണത്തിന്റെ രണ്ടാം ഘട്ടം നടപ്പാക്കുകയെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഡി ടി സി മുഖേന ബസ്സുകൾ വാങ്ങാനുള്ള ശ്രമങ്ങൾ തുടർച്ചയായി പരാജയപ്പെട്ടതാണ് പി പി പി വഴി തേടാൻ ഡൽഹി സർക്കാരിനെ നിർബന്ധിതരാക്കിയത്. പുതിയ ബസ് വാങ്ങാൻ ഡി ടി സി രണ്ടു മൂന്നു തവണ ടെൻഡർ പുറപ്പെടുവിച്ചെങ്കിലും നിർമാതാക്കളുടെ നിസ്സഹകരണം മൂലം പരാജയപ്പെടുകയായിരുന്നു. ടെൻഡർ വ്യവസ്ഥകളോടുള്ള എതിർപ്പ് മൂലമാണു ബസ് നിർമാതാക്കൾ ഡി ടി സിയോടു സഹകരിക്കാത്തതെന്നാണു വിലയിരുത്തൽ.അതിനാൽ കോർപറേറ്റ് സ്ഥാപനങ്ങളിൽ നിന്നു ഡി ടി സിക്കായി എ സി ബസ്സുകൾ കണ്ടെത്താനാണു ശ്രമമെന്ന് ഗോപാൽ റായ് വിശദീകരിച്ചു. ഇപ്രകാരം പാട്ടത്തിനെടുക്കുന്ന ബസ്സുകൾക്ക് ഡി ടി സി ഡിപ്പോകളിൽ പാർക്കിങ് സൗകര്യം അനുവദിക്കും. ബസ്സുകൾക്ക് വേണ്ട കണ്ടക്ടർമാരെയും ഡി ടി സി ലഭ്യമാക്കുമെന്ന് അദ്ദേഹം അറിയിച്ചു. സർവീസ് നടത്തുന്ന കിലോമീറ്ററും ലഭിക്കുന്ന വരുമാനവും അടിസ്ഥാനമാക്കിയാവും ബസ് ഉടമകൾക്കുള്ള പ്രതിഫലം നിശ്ചയിക്കുക.

ഉയർന്ന ടിക്കറ്റ് നിരക്കോടെ പ്രീമിയം ബസ് സർവീസ് തുടങ്ങാൻ അരവിന്ദ് കെജ്രിവാൾ സർക്കാർ നേരത്തെ തന്നെ തീരുമാനിച്ചിരുന്നതാണ്. സമ്പന്നരെ പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമാക്കാൻ ലക്ഷ്യമിട്ടുള്ള ഈ നടപടിയുടെ തുടർച്ചയാണ് പി പി പി വ്യവസ്ഥയിൽ പാട്ടത്തിനെടുക്കുന്ന എ സി ബസ്സുകൾ ഉപയോഗിച്ചുള്ള ഡി ടി സിയുടെ സർവീസ് എന്നാണു സൂചന. മെച്ചപ്പെട്ട യാത്രാ സുഖം ആഗ്രഹിക്കുന്ന, സമ്പന്ന വിഭാഗത്തെ ലക്ഷ്യമിട്ടു പ്രീമിയം ബസ് സർവീസ് തുടങ്ങുമെന്നു ഡൽഹി സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണം വർധിപ്പിക്കാൻ ലക്ഷ്യമിട്ടു പുറത്തിറക്കുന്ന എയർ കണ്ടീഷൻ ചെയ്ത പ്രീമിയം ബസ്സുകളിൽ ഉയർന്ന ടിക്കറ്റ് നിരക്കാവും ഈടാക്കുകയെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടർച്ചയെന്ന നിലയിലാണു ഡി ടി സിക്കായി പി പി പി വ്യവസ്ഥയിൽ എ സി ബസ്സുകൾ കണ്ടെത്തുന്നതെന്നു വേണം കരുതാൻ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.