Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുബായില്‍ ടാക്സിയാകാന്‍ ടെസ്‌ല

tesla-model-3-1 Tesla Model 3

യു എസ് വൈദ്യുത വാഹന നിർമാതാക്കളായ ടെസ്‌ല ഇൻകോർപറേറ്റഡിൽ നിന്ന് 200 വാഹനങ്ങൾ വാങ്ങുമെന്നു ദുബായിലെ റോഡ് ആൻഡ് ട്രാൻസ്പോർട് അതോറിട്ടി (ആർ ടി എ) പ്രഖ്യാപിച്ചു. ഗൾഫ് മേഖലയിലെ ആദ്യ ഓഫിസ് ദുബായിൽ തുറക്കുമെന്നു ടെസ്‌ല വ്യക്തമാക്കിയ പിന്നാലെയാണ് ആർ ടി എയുടെ പ്രഖ്യാപനവുമെത്തിയത്. എമിറേറ്റിൽ ടാക്സി സർവീസ് നടത്തുന്ന ദുബായ് ടാക്സി കോർപറേഷന്റെ ഉപയോഗത്തിനായി സെഡാനായ ‘മോഡൽ എസ്’, സ്പോർട് യൂട്ടിലിറ്റി വാഹനമായ ‘മോഡൽ എക്സ്’ എന്നിവയാണ് ആർ ടി എ വാങ്ങുക. ദുബായിൽ നടക്കുന്ന ഉച്ചകോടിക്കിടെ ടെസ്‌ല സ്ഥാപകൻ എലോൺ മസ്കും ആർ ടി എ ചെയർമാൻ മത്തർ അൽ തയേറുമായി ഇതുസംബന്ധിച്ച ധാരണാപത്രവും ഒപ്പിട്ടു. ഇതേ ഉച്ചകോടിയിലാണു ദുബായിൽ ടെസ്‌ലയുടെ ഓഫിസ് ആരംഭിക്കുന്ന വിവരം മസ്ക് വെളിപ്പെടുത്തിയത്.

അതിനിടെ ഇക്കൊല്ലം തന്നെ ഇന്ത്യയിലേക്കു പ്രവർത്തനം വ്യാപിപ്പിക്കുമെന്നു ടെസ്‌ല നേരത്തെ സൂചിപ്പിച്ചിരുന്നു. ‘മിക്കവാറും ഈ വേനൽക്കാലത്തു തന്നെ’ ഇന്ത്യയിലെത്തുമെന്നായിരുന്നു മസ്കിന്റെ ട്വീറ്റ്. വൈദ്യുത കാർ വിൽപ്പനയ്ക്കപ്പുറം സൗരോർജ മേൽക്കൂര, പവർ പായ്ക്ക്, പവർ വാൾ തുടങ്ങിയ മേഖലകളിലൊക്കെ ടെസ്‌ല ഇന്ത്യയിൽ വിപണന സാധ്യത പ്രതീക്ഷിക്കുന്നുണ്ട്.അടുത്ത വർഷം മധ്യത്തോടെ വിൽപ്പനയ്ക്കെത്തുമെന്നു കരുതുന്ന പുത്തൻ വൈദ്യുത സെഡാനായ ‘മോഡൽ ത്രീ’ക്കുള്ള ഓർഡറുകൾ കഴിഞ്ഞ ഏപ്രിൽ മുതൽ തന്നെ  ടെസ്‌ല ഇന്ത്യയിൽ നിന്നും സ്വീകരിക്കുന്നുണ്ട്. കാറിന്റെ വില 35,000 ഡോളർ(ഏകദേശം 23.41 ലക്ഷം രൂപ) നിലവാരത്തിലാവുമെന്നാണു പ്രതീക്ഷ.

തുടക്കത്തിൽ സ്വന്തം നാടായ യു എസിലാവും ‘മോഡൽ ത്രീ’ വിൽപ്പനയ്ക്കെത്തുക; തുടർന്നു ടെസ്‌ല ആഗോളതലത്തിൽ കാറിന്റെ വിപണനം ആരംഭിക്കും. ടെസ്‌ല ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ കാറായ ‘മോഡൽ ത്രീ’യുമായി ഇന്ത്യയ്ക്കു പുറമെ ന്യൂസീലൻഡ്, ബ്രസീൽ, ദക്ഷിണ ആഫ്രിക്ക തുടങ്ങിയ വിപണികളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാൻ മസ്കിനു പദ്ധതിയുണ്ട്.


 

Your Rating: