Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുൽഖർ മോട്ടോർ വാഹന വകുപ്പിന്റെ നായകൻ

Dulquar Salman - Safe Riding Campaign Movie

ബൈക്ക് റൈഡിങ്ങിനെക്കുറിച്ച് ആലോചിക്കുന്ന സിനിമാസ്വാദകരായ യുവാക്കളുടെ മനസ്സിലേക്ക് ആദ്യം ഒാടിെയത്തുക ദുൽഖർ സൽമാനും ഒരു ബുള്ളറ്റുമാണ്. നീലാകാശം പച്ചക്കടൽ ചുവന്നഭൂമി എന്ന സിനിമയും കാമുകിയെത്തേടി നോർത്ത് ഇൗസ്റ്റിലേക്ക് ബുള്ളറ്റ് ഒാടിച്ചു പോകന്ന നായകനും റൈഡിങ് ഇഷ്ടപ്പെടുന്ന യുവാക്കളു‌ടെ ഹരമാണ്. റോയൽ എൻഫീൽഡിന്റെ വില്‌‍പന കേരളത്തിൽ കുതിച്ചുയർന്നതിനും നഗരങ്ങളിൽ റൈഡേഴ്സ് ക്ലബ്ബുകളുടെ എണ്ണം വർധിച്ചതിനും പിന്നിൽ ദുൽഖറിന്റെ ഇൗ റോഡ് മൂവിയുണ്ടെന്നു പറഞ്ഞാൽ അതിശയോക്തിയില്ല.

Neelakasham Pachakadal Chuvanna Bhoomi movie still 'നീലാകാശം പച്ചക്കടൽ ചുവന്നഭൂമി'യിൽ ദുൽക്കർ

പ്രീമിയം ബൈക്കുകളോടുള്ള ദുൽഖറിന്റെ ഇഷ്ടവും പ്രസിദ്ധം. സുര‌ക്ഷിത ബൈക്ക് റൈഡിങ്ങിനെക്കുറിച്ചു യുവാക്കളെ ബോധവൽക്കരിക്കാൻ ഒരു സിനിമയെടുക്കുമ്പോൾ അതിലെ നായകൻ ദുൽഖർ തന്നെയെന്നു മോട്ടോർ വാഹനവകുപ്പു തീരുമാനിച്ചതും അതുകൊണ്ടു തന്നെ. ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന താരം ഒരു രൂപ പോലും വാങ്ങാതെ സേഫ് റൈഡിങ് ബോധവൽക്കര സിനിമയിൽ നായകനും പ്രചാരകനുമാകുന്നു. മോട്ടോർ വാഹനവകുപ്പിനു വേണ്ടി ചങ്ങനാശ്ശേരി സെന്റ് ജോസഫ്സ് സ്കൂൾ ഒാഫ് കമ്മ്യൂണിക്കേഷന്‍ അണിയിച്ചൊരുക്കുന്ന ഹ്രസ്വചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയിൽ തുടങ്ങി. 12 ലക്ഷം രൂപ മുടക്കി ഇൗ സിനിമ നിർമിക്കുന്നത് ആരാണെന്നറിയണ്ടേ? ഇന്ത്യന്‍ നമ്പർ വൺ കാർ നിർമാതാക്കളായ മാരുതി സുസുക്കി.

ഹെൽമറ്റിനു പകരം ഹെഡ്ഫോൺവച്ചു ബൈക്ക് ഒാടിക്കുന്ന യുവാവിനെയാണു മോശം റൈഡിങ്ങിന്റെ പ്രതീകമായി സിനിമ അവതരിപ്പിക്കുന്നത്. റോഡിൽ കാണിക്കുന്ന സർക്കസ് മുഴുവൻ കാണിച്ചു ബൈക്ക് പറത്തിപ്പോകുന്ന യുവാവ് ഒടുവില്‍ അപകടത്തിൽപ്പെടുന്നു. സുരക്ഷിത റോഡ് യാത്രയുടെ സന്തേശവാഹകരായി ലക്ഷ്യസ്ഥലത്തേക്കു റൈഡ് ചെയ്യുന്ന ഒരു പറ്റം ബൈക്ക് റൈഡര്‍മാർക്കു മുന്നിലാണു യുവാവിന്റെ അപകടവും തുടർന്നു മരണവും സംഭവിക്കുന്നത്. റൈഡർമാരെ നയിക്കുന്ന കഥാപാത്രമായാണു ദുൽഖര്‍ വേഷമിടുന്നത്. അപകടകരമായ റൈഡിങ്ങിനെക്കുറിച്ചും വീട്ടിൽ പ്രാർത്ഥനയോടെ കാത്തിരിക്കുന്നവരെക്കുറിച്ചും ദുൽഖറിന്റെ കഥാപാത്രം യുവാക്കളെ ഒാർമിപ്പിക്കുന്നു.

Neelakasham Pachakadal Chuvanna Bhoomi movie poster 'നീലാകാശം പച്ചക്കടൽ ചുവന്നഭൂമി'യിൽ ദുൽക്കർ

സിനിമയ്ക്കു പുറത്തു മോട്ടാർ വാഹനവകുപ്പിന്റെ സേഫ് റൈഡ് പ്രചാരകനായി ദുൽറുണ്ടാകുമെന്നാണു വിവരം. എക്സൈസ് വകുപ്പിന്റെ ലഹരിവിരുദ്ധ പ്രചാരണക്യാംപെയിന്റെ പ്രചാരകരനായ പിതാവ് മമ്മൂട്ടിയുടെ പാത പിന്തുടർന്നാണു ദുൽഖറും സർക്കാറിന്റെ ബോധവൽക്കരണവുമായി കൈകോർക്കുന്നത്. പബ്ലിക്ക് റിലേഷൻസ് വകുപ്പിന്റെ സഹകരണത്തോടെ വിവിധ മാധ്യമങ്ങളിലൂടെയും തിയറ്റർ, റയിവേ സ്റ്റേഷൻ, ബസ് സ്റ്റാന്റ് എന്നിവടങ്ങളിലെ സ്ക്രീനുകളിലൂടെയും ചിത്രം പ്രചരിപ്പിക്കുമെന്നു ഗതാഗത കമ്മീഷണര്‍ ടോമിന്‍ ജെ. തച്ചങ്കരി പറഞ്ഞു. മാറ്റത്തിനു സമയമായി, നമുക്കു കൈകോര്‍ക്കാം എന്ന പേരിലാണു ഹ്രസ്വചിത്രം. സെന്റ് ജോസഫ്സ് കോളേജിലെ പ്രൊഡക്ഷൻ മേധാവിയായ സനൽ കളത്തിൽ സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രത്തിനായി സജൻ കളത്തിലാണു ക്യാമറ ചലിപ്പിക്കുന്നത്. കലാസംവിധാനം സാലു കെ.ജോർജ്.