Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പതിനഞ്ചു വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങൾക്ക് പിടി വീഴും

vehicle-scrap-diesel

രാജ്യത്തെ പഴക്കം ചെന്ന വാഹനങ്ങൾ കണ്ടം ചെയ്ത് ഒഴിവാക്കുന്നു സംബന്ധിച്ച നയരൂപീകരണത്തിനായുള്ള കുറിപ്പ് സെക്രട്ടറിമാരുടെ സമിതിയുടെ പരിഗണനയ്ക്കു വിട്ടെന്നു കേന്ദ്ര സർക്കാർ. ആദ്യ ഘട്ടത്തിൽ ഒന്നര ദശാബ്ദത്തിലേറെ പഴക്കമുള്ള വാണിജ്യ വാഹനങ്ങളെ നിരത്തിൽ നിന്നൊഴിവാക്കാനാണ് പുതിയ നയം ലക്ഷ്യമിടുന്നത്. വോളന്ററി വെഹിക്കിൾ ഫ്ളീറ്റ് മോഡേണൈസേഷൻ പദ്ധതി(വി — വി എം പി)യെക്കുറിച്ചുള്ള കുറിപ്പ് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയമാണ് തയാറാക്കിയത്. തുടർന്ന് ഈ രേഖ വിവിധ വകുപ്പു മന്ത്രിമാരുമായും ചർച്ച ചെയ്തതായി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ സഹ മന്ത്രി മൻസുഖ് ലാൽ മാണ്ഡവ്യ രാജ്യസഭയിൽ രേഖാമൂലം മറുപടി നൽകി. പഴക്കമേറിയതും മലിനീകരണം സൃഷ്ടിക്കുന്നതുമായ വാഹനങ്ങളെ സ്വമേധയാ പിൻവലിക്കുന്ന വ്യവസ്ഥിതി സൃഷ്ടിക്കാനാണു സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രിമാർക്കിടയിലെ ചർച്ചയ്ക്കു ശേഷമാണ് പദ്ധതിയെപ്പറ്റി സെക്രട്ടറിമാരുടെ പരിഗണനയ്ക്കുള്ള കുറിപ്പ് തയാറാക്കിയത്. നിലവിൽ ചർച്ചയ്ക്കും അംഗീകാരത്തിനുമായി ഈ കുറിപ്പ് സെക്രട്ടറിതല സമിതിയുടെ പരിഗണനയിലാണെന്നും മന്ത്രി വെളിപ്പെടുത്തി. കാലപ്പഴക്കമേറിയ 2.80 കോടിയോളം വാഹനങ്ങളെ ഇന്ത്യൻ നിരത്തുകളിൽ നിന്നൊഴിവാക്കാനാണു വി — വി എം പി നയം ലക്ഷ്യമിടുന്നത്. പദ്ധതി നടപ്പായാൽ രാജ്യത്തെ പരിസ്ഥിതി മലിനീകരണം ഗണ്യമായി കുറയുമെന്നതിനാൽ പ്രധാനമന്ത്രിയുടെ ഓഫിസിന് വി — വി എം പിയിൽ ഏറെ താൽപര്യമുണ്ടെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഢ്കരി കഴിഞ്ഞ ആഴ്ച വെളിപ്പെടുത്തിയിരുന്നു. രാജ്യത്തെ പരിസ്ഥിതി മലിനീകരണത്തിന്റെ 65 ശതമാനത്തോളം സൃഷ്ടിക്കുന്നത് 15 വർഷത്തിലേറെ പഴക്കമുള്ള ഭാരവാഹനങ്ങളാണു സൃഷ്ടിക്കുന്നതെന്നാണു കണക്ക്. അതുകൊണ്ടുതന്നെ വി — വി എം പി പദ്ധതിയുടെ ഗുണഫലങ്ങൾ കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റലിക്കു മുന്നിൽ അവതരിപ്പിച്ചതായും ഗഢ്കരി അറിയിച്ചു.

പതിനഞ്ചു വർഷത്തിലേറെ പഴക്കമുള്ള വാണിജ്യ വാഹനം മാറ്റി പുതിയതു വാങ്ങുന്നവർക്ക് സാമ്പത്തിക ആനുകൂല്യം അനുവദിക്കാനാണു വി — വി എം പി വിഭാവന ചെയ്യുന്നത്. ഇത്തരത്തിൽ പഴയതു മാറ്റി 15 ലക്ഷം രൂപ മുടക്കി പുതിയ വാഹനം വാങ്ങുന്നവർക്ക് അഞ്ചു ലക്ഷം രൂപ അനുവദിക്കണമെന്നാണു നിർദേശം. പദ്ധതി നടപ്പായാൽ വാഹന വ്യവസായ മേഖലയിൽ നിന്നു നികുതിയിനത്തിൽ 10,000 കോടി രൂപയുടെ അധിക വരുമാനമാണു സർക്കാർ പ്രതീക്ഷിക്കുന്നത്. വാണിജ്യ വാഹന വിൽപ്പനയിൽ 22% വർധനയും വി — വി എം പി കണക്കുകൂട്ടുന്നു. 2005 മാർച്ച് 31നു മുമ്പ് വാങ്ങിയ 2.80 കോടിയോളം വാണിജ്യ വാഹനങ്ങളാണ് ആദ്യ ഘട്ടത്തിൽ വി — വി എം പി പദ്ധതിയുടെ പരിധിയിൽ വരിക.