Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എം ഡി: സിദ്ധാർഥ് ലാലിന്റെ തുടർച്ചയ്ക്ക് അനുമതി തേടി ഐഷർ

siddhartha-lal

പ്രവാസ ജീവിതം നയിക്കുന്ന സിദ്ധാർഥ് വിക്രം ലാലിനെ കമ്പനിയുടെ മാനേജിങ് ഡയറക്ടറായി വീണ്ടും നിയമിക്കാൻ വാഹന നിർമാതാക്കളായ ഐഷർ ഗ്രൂപ് കേന്ദ്ര സർക്കാരിന്റെ അനുമതി തേടി. 2016 മേയ് ഒന്നു മുതൽ അഞ്ചു വർഷ കാലാവധിയോടെ സിദ്ധാർഥ് ലാലിനെ എം ഡിയായി വീണ്ടും നിയമിക്കാനാണ് ഐഷറിന്റെ പദ്ധതി. മാനേജിങ് ഡയറക്ടർ, മുഴുവൻ സമയ ഡയറക്ടർ, മാനേജർ തുടങ്ങിയ തസ്തികകളിലെ നിയമനം സംബന്ധിച്ച 2013ലെ കമ്പനികാര്യ നിയമത്തിന്റെ അഞ്ചാം ഷെഡ്യൂളിലെ 196—ാം വകുപ്പ് പ്രകാരമാണ് കമ്പനിയുടെ നടപടി.

സിദ്ധാർഥ് ലാൽ 1999ലാണ് ഐഷർ ഗ്രൂപ്പിൽ ചെർന്നത്; തുടർന്ന് 2006 മേയ് ഒന്നിന് ഐഷർ മോട്ടോഴ്സിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും മാനേജിങ് ഡയറക്ടറുമായി. ഗ്രൂപ്പിന്റെ ഇരുചക്രവാഹന നിർമാണ വിഭാഗമായ റോയൽ എൻഫീൽഡിന്റെ ആഗോളതലത്തിലെ പ്രവർത്തനം ശക്തിപ്പെടുത്താനായി നിലവിൽ യു കെയിലാണു ലാലിന്റെ താമസം. അപൂർവം പേരുടെ നേതൃപദത്തെക്കാൾ നല്ലത് കൂടുതൽ പേർ ഒപ്പമുള്ള രണ്ടാം സ്ഥാനമാണ് എന്ന പ്രമാണത്തിൽ വിശ്വസിക്കുന്ന ലാലിനു കീഴിൽ സാമ്പത്തിക മേഖലയിൽ തകർപ്പൻ പ്രകടനമാണു കമ്പനി കാഴ്ചവച്ചത്. 2015 ജനുവരി — മാർച്ച് ത്രൈമാസത്തിൽ നികുതിക്കു ശേഷം 216.3 കോടി രൂപ അറ്റാദായം നേടിയ കമ്പനി 2016ൽ ഇതേകാലത്തു കൈവരിച്ച ലാഭം 382.50 കോടി രൂപയാണ്; വർധന 76.8%. 2015 — 16 സാമ്പത്തിക വർഷത്തെ അറ്റാദായത്തിലാവട്ടെ മുൻവർഷത്തെ അപേക്ഷിച്ച് 62.2% വർധന കൈവരിക്കാനും കമ്പനിക്കു കഴിഞ്ഞു.

ഐഷറിന്റെ മൂന്നു പ്രധാന പ്രായോജകർ ചേർന്നു കഴിഞ്ഞ മേയിൽ കമ്പനിയുടെ 4.2% ഓഹരി വിറ്റ് 2,100 കോടി രൂപ നേടിയിരുന്നു. ഐഷർ മോട്ടോർ ലിമിറ്റഡ് ചെയർമാനായിരുന്ന വിക്രം ലാലിന്റെ ഭാര്യ അനിത ലാലും രുഗ്മിണി ജോഷിയും ഐഷർ ഗുഡ്എർത്ത് ട്രസ്റ്റും ചേർന്നാണ് ഓഹരി വിറ്റത്. ഇപ്രകാരം ലഭിച്ച വരുമാനം പ്രായോജകർ വ്യക്തിഗത ആവശ്യങ്ങൾക്കാണു വിനിയോഗിച്ചതെന്നും കമ്പനി വെളിപ്പെടുത്തി.

Your Rating: