Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പങ്കജ് ദുബെ ഐഷർ പൊളാരിസ് സി ഇ ഒ

pankaj-dubey

ഓഫ് റോഡ് വാഹന നിർമാതാക്കളായ ഐഷർ പൊളാരിസിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി പങ്ക് ദുബെ നിയമിതനായി. പൊളാരിസ് ഇന്ത്യ മാനേജിങ് ഡയറക്ടർ കൂടിയായ ദുബെയെ നവംബർ മൂന്നു മുതൽ പ്രാബല്യത്തോടെയാണു സി ഇ ഒ ആയി നിയമിച്ചത്. കമ്പനി 2011 ജനുവരിയിൽ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചതു മുതൽ പങ്കജ് ദുബെ പൊളാരിസ് ഇന്ത്യയ്ക്കൊപ്പമുണ്ട്. ‘ഇന്ത്യൻ’ മോട്ടോർ സൈക്കിളുകളുടെയും ‘പൊളാരിസ്’ ഓഫ് റോഡ് വാഹനങ്ങളുടെയും ഇന്ത്യയിലെ വിപണനത്തിനു നേതൃത്വം നൽകിയതും അദ്ദേഹമാണ്.

ഐഷർ പൊളാരിസ് സി ഇ ഒ ആയിരുന്ന രാധേഷ് സി വർമയിൽ നിന്നാണു ദുബെ പുതിയ ചുമതല ഏറ്റെടുക്കുക. കമ്പനി രൂപീകൃതമായതു മുതൽ സി ഇ ഒ പദവി വഹിക്കുന്ന വർമയാണു ‘മൾട്ടിക്സി’ന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള വിപണനത്തിനു നേതൃത്വം വഹിച്ചത്. അലഹബാദ് സർവകലാശാലയിലെ മോട്ടിലാൽ നെഹൃ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച് ആൻഡ് ബിസിനസ് അഡ്മിനിസ്ട്രേഷനി(എം ഒ എൻ ഐ ആർ ബി എ)ൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ദുബെ കൊൽക്കത്ത ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ നിന്ന് പ്രോഗ്രാം ഓൺ ലീഡിങ് ആൻഡ് മാനേജിങ്ങും പൂർത്തിയാക്കി.

ഇരുചക്രവാഹന നിർമാതാക്കളായ യമഹ ഇന്ത്യ, എൽ എൽ എം, ഹീറോ തുടങ്ങിയ കമ്പനികളിൽ പ്രവർത്തിച്ച പരിചയവുമായാണ് അദ്ദേഹം പൊളാരിസ് ഇന്ത്യയിലെത്തിയത്.
ഐഷർ മോട്ടോഴ്സിനും പൊളാരിസ് ഇൻഡസ്ട്രീസിനും തുല്യ ഓഹരി പങ്കാളിത്തമുള്ള സംയുക്ത സംരംഭമാണ് ഐഷർ പൊളാരിസ്. 50:50 ഓഹരി പങ്കാളിത്തത്തിൽ പുതിയ സംരംഭം സ്ഥാപിക്കാൻ 2012 ജൂലൈയിലാണ് ഇരു കമ്പനികളും ധാരണയിലെത്തിയത്. 2013ൽ ജയ്പൂരിനടുത്തു കുകാസിൽ ഐഷർ പൊളാരിസിന്റെ നിർമാണശാലയും പ്രവർത്തനം ആരംഭിച്ചു.