Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഡർ വരുന്നു, ഇരുചക്രവാഹന വിപണി തേടി

Eider Motors Stoic

കടുത്ത മത്സരം അരങ്ങുതകർക്കുന്ന ഇരുചക്രവാഹന വിപണിയിൽ ഇടം തേടി ഐഡർ മോട്ടോഴ്സ് എത്തുന്നു. ഉയർന്ന ഇന്ധനക്ഷമതയും മത്സരക്ഷമമായ വിലകളിൽ ഉയർന്ന ഇന്ധനക്ഷമതയുള്ള വാഹനങ്ങൾ അവതരിപ്പിച്ച് വിപണി പിടിക്കുകയാണു കമ്പനിയുടെ തന്ത്രം. നിർമാണ സൗകര്യങ്ങൾക്കും പുതിയ മോഡൽ അവതരണങ്ങൾക്കുമൊക്കെയായി 2,000 കോടി രൂപ മുടക്കാനാണു കമ്പനിയുടെ ആലോചന.

പുണെ, ഗുഡ്ഗാവ്, അഹമ്മദബാദ്, കോയമ്പത്തൂർ എന്നിവിടങ്ങളിലായി നാലു നിർമാണശാലകൾ സ്ഥാപിക്കാനാണ് ഐഡർ മോട്ടോഴ്സ് തയാറെടുക്കുന്നത്. ഈ ശാലകളിലായി എണ്ണായിരത്തോളം പേർക്കു ജോലി ലഭിക്കുമെന്നാണു പ്രതീക്ഷ. കമ്യൂട്ടർ വിഭാഗത്തിൽ ഐഡർ മോട്ടോഴ്സ് അവതരിപ്പിക്കുക ‘സ്റ്റോയിക്’ ആണ്; 110 സി സി എൻജിനുള്ള ബൈക്കിന് ഓരോ ലീറ്റർ പെട്രോളിനും 110 കിലോമീറ്റർ ഇന്ധനക്ഷമതയാണു കമ്പനിയുടെ വാഗ്ദാനം.

110 മുതൽ 250 സി സി വരെ എൻജിൻ ശേഷിയോടെ അഞ്ചു മോട്ടോർ സൈക്കിളുകളും ഒരു സ്കൂട്ടറുമാണു കമ്പനി അവതരിപ്പിക്കുക; 50,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയാവും വാഹനങ്ങൾക്കു വില.

വിപണന ശൃംഖല സ്ഥാപിച്ചും സ്പെയർ പാർട്സ് ലഭ്യത ഉറപ്പാക്കിയും ബൈക്കുകൾ വിൽപ്പനയ്ക്കെത്താൻ മൂന്നു മാസമെടുക്കുമെന്ന് ഐഡർ മോട്ടോഴ്സ് ചെയർമാൻ ശിവകുമാർ അറിയിച്ചു. കുറഞ്ഞ വിലയും ഉയർന്ന ഇന്ധനക്ഷമതയുമായി മധ്യവർഗ ഉപയോക്താക്കളെയാണു കമ്പനി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സ്വന്തമായി 110 ഔട്ട്ലെറ്റുകൾ തുറക്കുന്ന ഐഡർ മോട്ടോഴ്സ് ഫ്രാഞ്ചൈസി വ്യവസ്ഥയിൽ 250 ഷോറൂം സ്ഥാപിക്കും. ഇതോടൊപ്പം 1,800 അംഗീകൃത സർവീസ് സെന്ററുകളും തുടങ്ങും.

ഹൈദരബാദിലെ അസംബ്ലിങ് ശാലയിൽ നിർമാണം പുരോഗമിക്കുന്ന ഫോർ സ്ട്രോക്ക് എൻജിനുള്ള ഇരുചക്രവാഹനങ്ങൾക്ക് 35,000 പ്രീബുക്കിങ് ലഭിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു.

ബൈക്കുകൾക്കുള്ള എൻജിൻ നിർമിച്ചു നൽകുന്നതു ചൈനയിൽ ലോൻസിൻ ഇൻഡസ്ട്രീസാണ്. സാങ്കേതികവിദ്യയ്ക്കായി ജാപ്പനീസ് കമ്പനിയുമായും ധാരണയിലെത്തിയിട്ടുണ്ടെന്നു കുമാർ അറിയിച്ചു; എന്നാൽ ജാപ്പനീസ് പങ്കാളിയുടെ പേര് അദ്ദേഹം വെളിപ്പെടുത്തിയില്ല.

പ്രധാന മോഡലായ ‘ഹുഡി’ക്കായി ചൈനയിൽ സമിറ്റ് മോട്ടോർ കമ്പനിയുടെ രൂപകൽപ്പനയാണ് ഐഡർ മോട്ടോഴ്സ് കടമെടുക്കുന്നത്. മറ്റു മോഡലുകൾക്കായി മെക്സിക്കോയിലെയും ഇറ്റലിയിലെയും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലെയും കമ്പനികളെയാണ് ഐഡർ ആശ്രയിക്കുന്നത്.

പരീക്ഷണങ്ങളിൽ താൽപര്യമില്ലാത്തതിനാലാണു മറ്റു രാജ്യങ്ങളിൽ വിജയം വരിച്ച മോഡലുകളുടെ രൂപകൽപ്പന കടമെടുക്കുന്നതെന്നു കുമാർ വിശദീകരിക്കുന്നു. ചെലവു കുറയ്ക്കാനും ഈ തന്ത്രം സഹായിക്കുമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. യു എസ് വൈദ്യുത മോട്ടോർ സൈക്കിൾ നിർമാതാക്കളായ സീറോ മോട്ടോർ സൈക്കിൾസിന്റെ സഹകരണത്തോടെ അടുത്ത മാർച്ചിൽ വൈദ്യുത ബൈക്ക് അവതരിപ്പിക്കാനും ഐഡർ മോട്ടോഴ്സിനു പദ്ധതിയുണ്ട്. സാങ്കേതികവിദ്യയ്ക്കായി ജാപ്പനീസ്, അമേരിക്കൻ കമ്പനികളുമായി ചർച്ച നടത്തുന്നുണ്ടെന്നും കുമാർ അറിയിച്ചു. എന്നാൽ വിലയേറിയ വൈദ്യുത ബൈക്കുകളാവും കമ്പനി അവതരിപ്പിക്കുകയെന്ന് അദ്ദേഹം സൂചിപ്പിച്ചു; താഴ്ന്ന മോഡലുകൾക്കു പോലും ഒരു ലക്ഷം രൂപയോളമാവുമത്രെ വില.

ഹൈദരബാദ് ആസ്ഥാനമായി ഡിസ്പോസിബിൾ സിറിഞ്ച് — ക്രം പൗഡർ — ഗൃഹോപകരണ നിർമാണം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന നിർവാണ ഗ്രൂപ്പിൽപെട്ട ഐഡർ മോട്ടോഴ്സ് കഴിഞ്ഞ വർഷമാണു റജിസ്ട്രേഷൻ നേടിയത്. ചെയർമാനായ ശിവ കുമാറിന് ഇരുചക്ര വാഹനങ്ങളോടുള്ള താൽപര്യമാണ് ഐഡർ മോട്ടോഴ്സിന്റെ പിറവിക്കു വഴി തെളിച്ചത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.