Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെറു ബൈക്കുകളുമായി ഐഡർ മോട്ടോഴ്സ്

eider-dronzer Eider Dronzer

ഹൈദരബാദ് ആസ്ഥാനമായ ഇരുചക്രവാഹന കമ്പനിയായ ഐഡർ മോട്ടോഴ്സ് ഉത്തരേന്ത്യയിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാൻ തയാറെടുക്കുന്നു. ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന മോട്ടോർ സൈക്കിളുകളുടെ വിൽപ്പനയ്ക്കായി രാജ്യവ്യാപകമായി 80 ഡീലർഷിപ്പുകൾ തുറക്കാനാണ് ഐഡർ മോട്ടോഴ്സിന്റെ പദ്ധതി. ഇതിൽ മുപ്പതോളം ഡീലർമാരെ തിരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലാണ്. ഡീലർഷിപ്പുകൾ പ്രവർത്തനസജ്ജമാകുന്ന മുറയ്ക്ക് പുത്തൻ മോഡലുകൾ അവതരിപ്പിക്കാനാണ് ഐഡർ മോട്ടോഴ്സിന്റെ പദ്ധതി.

നിലവിൽ ഡൽഹി, പഞ്ചാബ്, ചണ്ഡീഗഢ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഐഡർ മോട്ടോഴ്്സ് ഡീലർമാരെ തേടുന്നത്. കഴിഞ്ഞ വർഷം പ്രവർത്തനം ആരംഭിച്ച കമ്പനി തുടക്കത്തിൽ ദക്ഷിണേന്ത്യയിൽ സാന്നിധ്യം ഉറപ്പിക്കാനാണു ശ്രമിച്ചത്. ചൈനീസ് ഇരുചക്രവാഹന ബ്രാൻഡുകളായ സിഎഫ് മോട്ടോ, പേഡ, ലോൺസിൻ തുടങ്ങിയവയാണ് ഐഡർ മോട്ടോഴ്സ് മുഖേന ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുന്നത്. നിലവിൽ ആറു മോട്ടോർ സൈക്കിളുകളാണു കമ്പനിയുടെ മോഡൽ ശ്രേണിയിലുള്ളത്; വൈകാതെ സ്കൂട്ടറുകളും കമ്യൂട്ടർ ബൈക്കുകളും പെർഫോമൻസ് ബൈക്കുമൊക്കെയായി കൂടുതൽ മോഡലുകൾ പുറത്തിറക്കാനും കമ്പനിക്കു പദ്ധതിയുണ്ട്.

ഹൈദരബാദിൽ ആസ്ഥാനം ആരഭിച്ച ശേഷം തെലങ്കാന, കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, ആന്ധ്ര പ്രദേശ് സംസ്ഥാനങ്ങളിലേക്കാണ് ഐഡർ മോട്ടോഴ്സ് പ്രവർത്തനം വ്യാപിപ്പിച്ചത്. അടുത്ത ഘട്ടത്തിൽ പശ്ചിമ ബംഗാൾ, നാഗാലൻഡ്, മണിപൂർ, മിസോറം, കേരളം, ഝാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കമ്പനി സാന്നിധ്യം ഉറപ്പാക്കുക. ബൈക്കുകൾക്കുള്ള ബുക്കിങ് ആരംഭിച്ച ഐഡർ മോട്ടോഴ്സ് വൈകാതെ ടെസ്റ്റ് റൈഡുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. വർഷാവസാനത്തോടെ 15 മോഡലുകളുടെ അവതരണത്തിനാണ് ഐഡർ മോട്ടോഴ്സ് തയാറെടുക്കുന്നത്; 110 മുതൽ 650 സി സി വരെ എൻജിൻ ശേഷിയുള്ള മോഡലുകളാണു കമ്പനി വിൽപ്പനയ്ക്കെത്തിക്കുക. 49,000 രൂപ മുതൽ നാലു ലക്ഷം രൂപ വരെയാവും വിവിധ മോഡലുകൾക്കു വിലയെന്നാണു പ്രതീക്ഷിക്കുന്നത്.

Your Rating: