Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലണ്ടൻ നിരത്തിൽ ഇനി വൈദ്യുത ഡബ്ൾ ഡക്കർ ബസ്സും

electric-bus-london

ബ്രിട്ടീഷ് തലസ്ഥാനത്തെ പൊതുഗതാഗത ചുതലയുള്ള ട്രാൻസ്പോർട് ഫോർ ലണ്ടൻ(ടി എഫ് എൽ) പൂർണമായും മലിനീകരണ വിമുക്തമായ ഡബ്ൾ ഡക്കർ ബസ്സുകൾ ഉപയോഗിച്ചു സർവീസ് തുടങ്ങി. ബി വൈ ഡിയിൽ നിന്നുള്ള, ദീർഘദൂരം ഓടാൻ ശേഷിയുള്ള, മലിനീകരണ മുക്തമായ വൈദ്യുത ഡബ്ൾ ഡക്കർ ബസ്സുകൾ വാണിജ്യാടിസ്ഥാനത്തിൽ സർവീസിനെത്തുന്നത് ഇതാദ്യമാണെന്നു കമ്പനി അവകാശപ്പെടുന്നു. ടി എഫ് എല്ലിനു വേണ്ടി മെട്രോ ലൈൻ നടത്തുന്ന റൂട്ട് 98ൽ അഞ്ച് വൈദ്യുത ഡബ്ൾ ഡക്കർ ബസ്സുകളാണു സർവീസ് തുടങ്ങിയത്. കടുത്ത മലിനീകരണം നേരിടുന്ന മേഖലയെന്ന നിലയിലാണ് ഈ റൂട്ടിലേക്ക് വൈദ്യുത ബസ്സുകൾ പരിഗണിച്ചതത്രെ. നഗരത്തിൽ ഇത്തരമൊരു വിപ്ലവകരമായ മാറ്റം നടപ്പാവുന്നത് ആവേശകരമാണെന്നായിരുന്നു ലണ്ടനിലെ പരിസ്ഥിതി, ഊർജ വിഭാഗം ഡപ്യൂട്ടി മേയർ മാത്യു പെഞ്ചാഴ്സിന്റെ പ്രതികരണം.

സാധാരണ ബസ്സുകളെ അപേക്ഷിച്ചു പ്രവർത്തന ചെലവും പരിപാലന ചെലവുമൊക്കെ വൈദ്യുത ഡബ്ൾ ഡക്കറുകൾക്കു കുറവാണെന്നും അദ്ദേഹം വിദീകരിച്ചു. പോരെങ്കിൽ ബസ്സുകൾ പൂർണമായും മലിനീകരണ വിമുക്തമാണെന്നതു ലണ്ടൻ നിവാസികൾക്കു കൂടുതൽ നേട്ടമാവുമെന്നും അദ്ദേഹം കരുതുന്നു. ടി എഫ് എല്ലും മെട്രോലൈനും ചേർന്നു നടപ്പാക്കുന്ന പദ്ധതിക്കു പിന്തുണയുമായി ചൈനീസ് വൈദ്യുത വാഹന നിർമാതാക്കളായ ബി വൈ ഡിയും രംഗത്തുണ്ട്. ബസ് ഡ്രൈവർമാർക്കു പ്രത്യേക പരിശീലനം നൽകുന്ന ബി വൈ ഡി, ബാറ്ററികൾ അതിവേഗം ചാർജ് ചെയ്യാനുള്ള സംവിധാനവും ഏർപ്പെടുത്തും. മാത്രമല്ല, ടി എഫ് എല്ലിന്റെ സവിശേഷ ആവശ്യങ്ങൾ പരിഗണിച്ചാണു ബി വൈ ഡി ഈ ബസ്സുകൾ രൂപകൽപ്പന ചെയ്തു നിർമിച്ചതെന്ന സവിശേഷതയുമുണ്ട്. 33 അടിയിലേറെ നീളമുള്ള, ശീതീകരിച്ച ബസ്സുകളിൽ 54 സീറ്റുകളുണ്ട്; 27 പേർക്കു നിന്നും യാത്ര ചെയ്യാമെന്നതിനാൽ ഓരോ ബസ്സിലും മൊത്തം 81 പേർക്കാണു യാത്രാസൗകര്യം. ബി വൈ ഡി തന്നെ നിർമിച്ച ആയൺ ഫോസ്ഫേറ്റ് ബാറ്ററികൾ ഊർജം പകരുന്ന ബസ്സിലെ എൻജിന്റെ കരുത്ത് 345 കിലോവാട്ട് അവർ(ഏകദേശം 462.5 ബി എച്ച് പി) ആണ്.

ഒറ്റത്തവണ ചാർജ് ചെയ്താൽ തുടർന്നുള്ള 24 മണിക്കൂറിനിടെ നഗരവീഥികളിൽ 190 മൈൽ(304 കിലോമീറ്റർ) ഓടാൻ ബസ്സിനു കഴിയുമെന്നാണു ബി വൈ ഡിയുടെ വാഗ്ദാനം. ബാറ്ററി പൂർണമായും ചാർജ് ചെയ്യാൻ വെറും നാലു മണിക്കൂർ മതി. വൈദ്യുതി നിരക്ക് കുറവുള്ള രാത്രികാലങ്ങളിൽ ബസ് ബാറ്ററി ചാർജ് ചെയ്തു പ്രവർത്തന ചെലവ് ഇനിയും കുറയ്ക്കാനാവുമെന്നാണു ടി എഫ് എല്ലിന്റെ പ്രതീക്ഷ.