Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘പുകമറ’: ഫോക്സ്‌വാഗന്റെ പദ്ധതി ഇ പി എ തള്ളി

volkswagen-engine

യു എസിലെ കർശന മലിനീകരണ നിയന്ത്രണ പരീക്ഷ വിജയിക്കാൻ കൃത്രിമം കാട്ടി കുടുങ്ങിയ ജർമൻ കാർ നിർമാതാക്കളായ ഫോക്സ്‌വാഗൻ എ ജിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ മത്തിയാസ് മ്യുള്ളർ വാഷിങ്ടണിൽ പരിസ്ഥിതി സംരക്ഷണ ഏജൻസി (ഇ പി എ) അഡ്മിനിസ്ട്രേററ്റരർ ജിന മക്കാർത്തിയെ സന്ദർശിച്ചു ചർച്ച നടത്തി. ‘പുകമറ’ സോഫ്റ്റ്‌വെയർ ഘടിപ്പിച്ചതിന്റെ പേരിലുയർന്ന ‘ഡീസൽഗേറ്റ്’ വിവാദത്തെ മറികടക്കാനുള്ള മാർഗങ്ങൾ തേടിയായിരുന്നു മ്യുള്ളറുടെ ഇ പി എ സന്ദർശനം. ‘പുകമറ’ സോഫ്റ്റ്‌വെയർ ഘടിപ്പിച്ച കാറുകൾ തിരിച്ചുവിളിച്ചു പരിശോധിക്കുന്നതു സംബന്ധിച്ചു കഴിഞ്ഞ ദിവസം ഫോക്സ്‌വാഗൻ സമർപ്പിച്ച പദ്ധതി ഇ പി എയും കലിഫോണിയ എയർ റിസോഴ്സസ് ബോർഡും (സി എ ആർ ബി) നിരസിച്ചിരുന്നു. നിയമപ്രകാമുള്ള നിലവാരം പാലിക്കാൻ സഹായിക്കാത്തതും അപര്യാപ്തതകൾ നിറഞ്ഞതും അപൂർണവുമാണു മലിനീകരണ നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാനായി ഫോക്സ‌്‌വാഗൻ തയാറാക്കിയ പദ്ധതിയെന്നായിരുന്നു സി എ ആർ ബിയുടെ വിലയിരുത്തൽ. ഈ നിഗമനത്തോട് ഇ പി എയും യോജിക്കുകയായിരുന്നു.

അതേസമയം പ്രശ്നത്തെക്കുറിച്ചു ചർച്ച ചെയ്യാൻ മ്യുള്ളർ കാട്ടിയ സന്നദ്ധതയെ ഇ പി എ സ്വാഗതം ചെയ്തു. പക്ഷേ മക്കാർത്തിയുമായി മ്യുള്ളർ നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ ഏജൻസി വെളിപ്പെടുത്തിയില്ല. പ്രശ്നം പരിഹരിക്കാനുള്ള നടപടികൾ തുടരുമെന്നും ഇ പി എ വ്യക്തമാക്കി. ഡീസൽ എൻജിനുകളുടെ മലിനീകരണ നിലവാരം ഉറപ്പാക്കാൻ സഹായിക്കുന്ന ‘പുകമറ’ സോഫ്റ്റ്‌വെയർ ഘടിപ്പിച്ച ആറു ലക്ഷത്തോളം കാറുകൾ യു എസിലുണ്ടെന്നാണു കണക്ക്. ഔഡി, പോർഷെ, ഫോക്സ്‌വാഗൻ ബ്രാൻഡുകളിലായി ആഗോളതലത്തിൽ 1.1 കോടിയോളം കാറുകളിൽ ഇത്തരത്തിൽ കൃത്രിമം കാട്ടിയെന്ന ആരോപണം ഫോക്സ്‌വാഗനു കനത്ത തിരിച്ചടി സൃഷ്ടിച്ചിട്ടുണ്ട്. പ്രധാനമായും രണ്ടു ലീറ്റർ, മൂന്നു ലീറ്റർ ഡീസൽ എൻജിനുകൾ ഘടിപ്പിച്ച കാറുകളാണു സംശയത്തിന്റെ നിഴലിലുള്ളത്. പോരെങ്കിൽ ഡീസൽ എൻജിനുകളിൽ കൃത്രിമം കാട്ടിയതിന് യു എസിൽ മാത്രം കോടിക്കണത്തിനു ഡോളറിന്റെ പിഴശിക്ഷയും ഫോക്സ്‌വാഗനെ കാത്തിരിപ്പുണ്ട്.

അതിനിടെ രണ്ടു ലീറ്റർ ഡീസൽ എൻജിനിലെ പിഴവുകൾ പരിഹരിക്കാൻ ഫോക്സ്‌വാഗൻ സമർപ്പിച്ച പദ്ധതി സി എ ആർ ബിയും ഇ പി എയും നേരത്തെ നിരസിച്ചിരുന്നു. മലിനീകരണ നിയന്ത്രണ പരിശോധയിൽ കൃത്രിമം കാട്ടാൻ ഫോക്സ്‌വാഗൻ തീരുമാനിക്കുകയും തുടർന്ന് ഇതു മറച്ചുവയ്ക്കുകയുമായിരുന്നെന്ന് സി എ ആർ ബി അധ്യക്ഷ മേരി നിക്കോൾസ് അഭിപ്രായപ്പെട്ടു. കൃത്രിമം തുടർന്ന ഫോക്സ്‌വാഗൻ സ്ഥിതി സങ്കീർണമാക്കിയെന്നു മാത്രമല്ല പിടിക്കപ്പെട്ടതോടെ വസ്തുതകൾ നിഷേധിക്കാനും ശ്രമിച്ചു. ഫോക്സ്‌വാഗന്റെ ഈ നടപടി മൂലം അന്തരീക്ഷത്തിലെത്തിയ ടൺ കണക്കിനു നൈട്രജൻ ഓക്സൈഡ് കലിഫോണിയ നിവാസികളുടെ ആരോഗ്യത്തിനാണു വെല്ലുവിളി സൃഷ്ടിക്കുന്നതെന്നും അവർ വ്യക്തമാക്കി. എന്നാൽ ബാഹ്യ ഉപദേശകരുടെ കൂടി സഹകരണത്തോടെ പ്രശ്നപരിഹാരത്തിനുള്ള ശ്രമമാണു നടക്കുന്നതെന്നായിരുന്നു ഫോക്സ്‌വാഗന്റെ മറുപടി. മലിനീകരണ നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രശ്നം തീർക്കാൻ സി എ ആർ ബി അടക്കമുള്ള അധികൃതരുമായി സഹകരിക്കുമെന്നും കമ്പനി വ്യക്തമാക്കി. യു എസിൽ 2009 — 2015 കാലത്തു വിറ്റ ഡീസൽ കാറുകളിൽ ‘പുകമറ’ സോഫ്റ്റ്‌വെയർ ഘടിപ്പിച്ചതിനു കഴിഞ്ഞ നാലിനാണു യു എസ് സർക്കാർ ഫോക്സ്‌വാഗനെതിരെ നിയമനടപടി സ്വീകരിച്ചത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.