Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യു കെയിൽ 400 പെട്രോൾ പമ്പ് തുറക്കാൻ എസ്സാർ ഓയിൽ

essar

ഇന്ത്യയിലെ ഇന്ധനവിൽപ്പന മേഖലയിൽ പ്രതീക്ഷിച്ച മുന്നേറ്റം സാധിക്കാതെ പോയ നിരാശ മറക്കാൻ എസ്സാർ ഓയിൽ യു കെയിൽ പ്രവർത്തനം വിപുലമാക്കുന്നു. മൂന്നു വർഷത്തിനകം യു കെയിലെ പെട്രോൾ പമ്പുകളുടെ എണ്ണം 400 ആയി ഉയർത്താനും ഇന്ധന ചില്ലറ വിൽപ്പനയിൽ 10% വിപണി വിഹിതം സ്വന്തമാക്കാനുമാണ് എസ്സാർ എനർജിയുടെ ഭാഗമായ എസ്സാർ ഓയിൽ യു കെ ലക്ഷ്യമിടുന്നത്. നിലവിൽ ഏഴ് റീട്ടെയ്ൽ ഔട്ട്ലെറ്റുകളാണു കമ്പനിക്കു യു കെയിലുള്ളത്.

ശുദ്ധീകരിച്ച ഇന്ധനവിൽപ്പനയിലെ ലാഭവിഹിതം രണ്ടോ മൂന്നു ഡോളർ വരെ വർധിപ്പിക്കാൻ ചില്ലറ വിൽപ്പന സഹായിക്കുമെന്ന് എസ്സാർ ഓയിൽ യു കെ എക്സിക്യൂട്ടീവ് ചെയർമാൻ നരേഷ് നയ്യാർ അഭിപ്രായപ്പെട്ടു. ഡൗൺസ്ട്രീം ഇന്റഗ്രേഷൻ വഴിയും ഡീലർ കമ്മിഷൻ നിയന്ത്രിച്ചുമൊക്കെ ലാഭക്ഷമത ഉയർത്താനാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഈ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ഔട്ട്ലെറ്റുകളുടെ എണ്ണം ഇപ്പോഴത്തെ ഏഴിൽ നിന്ന് നാനൂറിലെത്തിക്കാൻ എസ്സാർ ഓയിൽ തയാറെടുക്കുന്നത്. ഡീലർമാരുടെ ഉടമസ്ഥതയിലും നേതൃത്വത്തിലും പ്രവർത്തിക്കുന്ന ഔട്ട്ലെറ്റുകൾ ഏറ്റെടുത്ത് റീബ്രാൻഡ് ചെയ്യുന്നതിനാൽ ഈ പദ്ധതിക്കായി കമ്പനി മൂലധന ചെലവ് പ്രതീക്ഷിക്കുന്നുമില്ല.

യു കെയിൽ മൊത്തം 8,593 പെട്രോൾ പമ്പുകൾ നിലവിലുണ്ടെന്നാണു കണക്ക്. ഇതിൽ 5,613 എണ്ണം ഡീലർമാരുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നവയാണ്. ഇതിൽ ചില ഡീലർമാരെ വശീകരിച്ച് എസ്സാർ ഓയിലിനൊപ്പം കൂട്ടാനാണു കമ്പനി ശ്രമിക്കുന്നത്.
യു കെയിൽ സ്വന്തം എണ്ണ ശുദ്ധീകരണശാല ഉള്ളത് കമ്പനിക്കു നേട്ടമാവുമെന്നാണ് എസ്സാർ ഓയിലിന്റെ കണക്കുകൂട്ടൽ. കമ്പനിയുടെ സ്വന്തം റിഫൈനറിയിൽ നിന്നുള്ള ഉൽപന്നങ്ങളാണ് ഇടപാടുകാർക്കു ലഭിക്കുന്നത് എന്നത് മാറ്റമുണ്ടാക്കുമെന്ന് എസ്സാർ ഓയിൽ യു കെ കരുതുന്നു. ഷെല്ലിന്റെ ഉടമസ്ഥതയിലായിരുന്ന, ചെഷയറിലെ സ്റ്റാൻലോ റിഫൈനറിയെ 2011ലാണ് റൂയിയ കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള എസ്സാർ ഓയിൽ ഏറ്റെടുത്ത് പ്രവർത്തനം ലാഭത്തിലാക്കിയത്.

യു കെയിൽ ആറു കമ്പനികൾ മാത്രമാണ് എണ്ണ ശുദ്ധീകരണ മേഖലയിൽ പ്രവർത്തിക്കുന്നത്. സ്വന്തം ഉൽപന്നങ്ങൾ ആകർഷക വിലകളിൽ ഡീലർമാർ മുഖേന ഉപയോക്താക്കളിലെത്തിക്കാനാണ് എസ്സാറിന്റെ ശ്രമമെന്ന് നയ്യാർ വിശദീകരിച്ചു.

ബ്രിട്ടനിലെ ഗതാഗത മേഖലയ്ക്കുള്ള ഇന്ധന ആവശ്യത്തിൽ 16% നിറവേറ്റുന്നത് സ്റ്റാൻലോ ശുദ്ധീകരണശാലയാണ്; 300 കോടി ലീറ്റർ പെട്രോൾ, 440 കോടി ലീറ്റർ ഡീസൽ, 200 കോടി ലീറ്റർ വിമാന ഇന്ധനം(എ ടി എഫ്) എന്നിവയാണ് ശാലയിൽ നിന്നു പുറത്തെത്തിയത്. 2015 — 16ൽ 89.70 ലക്ഷം ടൺ അസംസ്കൃത എണ്ണയാണു ശാല ശുദ്ധീകരിച്ചത്.

ലീവർപൂളിൽ മെഴ്സി എസ്ച്വറിക്കു തെക്കുഭാഗത്തുള്ള സ്റ്റാൻലോ റിഫൈനറി 2011 ജൂലൈയിൽ ഏറ്റെടുത്ത ശേഷം 69.40 കോടി ഡോളർ (4701.50 കോടിയോളം രൂപ) ആണ് എസ്സാർ ഓയിൽ ഇതുവരെ നിക്ഷേപിച്ചത്. റിഫൈനറി ഏറ്റെടുക്കാനായി ഷെൽ യു കെയ്ക്കു നൽകിയ 35 കോടി ഡോളർ (ഏകദേശം 2371.08 കോടി രൂപ) അടക്കമുള്ള ചെലവാണിത്. നിലവിൽ ബ്രിട്ടനിലെ എണ്ണ ശുദ്ധീകരണ ശാലകളിൽ വലിപ്പത്തിൽ രണ്ടാം സ്ഥാനം സ്റ്റാൻലോയ്ക്കാണ്.

Your Rating: