Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യൂറോ ആറ് ഇന്ധനം നിശ്ചയിച്ചതിലും നേരത്തെയെന്നു മന്ത്രി

Nitin Gadkari Nitin Gadkari

മലിനീകരണ നിയന്ത്രണത്തിൽ യൂറോ ആറ് നിലവാരം പാലിക്കുന്ന ഇന്ധനങ്ങൾ മുമ്പ് നിശ്ചയിച്ചതിലും ഏറെ നേരത്തെ വിൽപ്പനയ്ക്കെത്തിക്കുമെന്നു കേന്ദ്ര മന്ത്രി നിതിൻ ഗഢ്കരി. 2020 ഏപ്രിൽ ഒന്നു മുതൽ യൂറോ ആറ് നിലവാരത്തിനു സമാനമായ ‘ഭാരത് സ്റ്റേജ് ആറ്’ (ബി എസ് ആറ്) ഇന്ധനങ്ങൾ വിൽപ്പനയ്ക്കെത്തിക്കാനാണു സർക്കാർ ലക്ഷ്യമിട്ടിരുന്നത്. മലിനീകരണ വിമുക്തമായ ഇന്ധനം വിൽപ്പനയ്ക്കെത്തിക്കുമ്പോൾ രാജ്യതലസ്ഥാനത്തിനാവും മുൻഗണനയെന്നും ഗഢ്കരി വ്യക്തമാക്കി. ഭാരത് സ്റ്റേജ് ആറ് ഇന്ധനങ്ങളുടെ വിൽപ്പന ആരംഭിക്കുന്നതോടെ മറ്റു നഗരങ്ങളിലെയും പരിസര മലിനീകരണം കുറയ്ക്കാനാവുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. ഡീസലിന്റെയും പെട്രോളിന്റെയും മലിനീകരണ നിയന്ത്രണത്തിലെ യൂറോ നാല് നിലവാരത്തിൽ നിന്ന് യൂറോ അഞ്ച് ഒഴിവാക്കി നേരിട്ടു യൂറോ ആറിലേക്കു നീങ്ങാനാണ് ഇന്ത്യ തയാറെടുക്കുന്നത്. ഇതിനായി പൊതുമേഖല എണ്ണ കമ്പനികൾ 28,750 കോടിയോളം രൂപയാണു നിക്ഷേപിക്കുക.

രാജ്യതലസ്ഥാന മേഖലയിലെ രൂക്ഷമായ പരിസ്ഥിതി മലിനീകരണം കുറയ്ക്കാൻ ഗൗരവമുള്ള നടപടികൾ സ്വീകരിക്കുമെന്നു റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയങ്ങളുടെ ചുമതലയുള്ള ഗഢ്കരി വ്യക്തമാക്കി. യൂറോ ആറ് നിലവാരമുള്ള ഇന്ധനങ്ങൾ 2020 ഏപ്രിൽ ഒന്നിനു വിൽപ്പനയ്ക്കെത്തിക്കുമെന്നു മുമ്പേ പ്രഖ്യാപിച്ചിട്ടുള്ളതാണ്. എന്നാൽ ഈ സമയപരിധിക്കുമുമ്പ് തന്നെ മെട്രോ നഗരങ്ങളിൽ യൂറോ ആറ് നിലവാരമുള്ള ഇന്ധനം ലഭ്യമാക്കാനാണു ശ്രമം; മാത്രമല്ല ഡൽഹിക്കു പ്രത്യേക പരിഗണന നൽകുമെന്നും അദ്ദേഹം അറിയിച്ചു. ഇതുസംബന്ധിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാനെ കൂടി പങ്കെടുപ്പിച്ച് ഉന്നതലയോഗം വിളിക്കുമെന്നും ഗഢ്കരി വെളിപ്പെടുത്തി. രാജ്യത്തെ പ്രധാന നഗരങ്ങളിലെ മലിനീകരണ നിലവാരം ആശങ്കാജനകമായ സ്ഥിതിയിലാണ്. ഈ നഗരങ്ങൾക്കായി എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞാൽ അത് ഏറെ ഗുണകരമാവുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. എങ്കിലും യൂറോ ആറ് നിലവാരമുള്ള ഇന്ധനം എപ്പോഴാവും വിൽപ്പനയ്ക്കെത്തുകയെന്നു കൃത്യമായി വെളിപ്പെടുത്താൻ അദ്ദേഹം തയാറായില്ല. ഉന്നതതല യോഗ തീരുമാനമനുസരിച്ചാവും ഇന്ധന വിൽപ്പന ആരംഭിക്കുകയെന്നും ഗഢ്കരി വിശദീകരിച്ചു.

ജനുവരി ആറിനു ചേർന്ന മന്ത്രിതല സമിതിയാണ് ഭാരത് സ്റ്റേജ് ആറ് നിലവാരമുള്ള ഇന്ധന വിൽപ്പന തുടങ്ങുന്നത് മുമ്പ് നിശ്ചയിച്ച 2024നു പകരം 2020 ഏപ്രിൽ ഒന്നിനാക്കാൻ തീരുമാനിച്ചത്. ഭാരത് സ്റ്റേജ് അഞ്ച് ഒഴിവാക്കി ബി എസ് നാലിൽ നിന്ന് ബി എസ് ആറിലേക്കുള്ള പരിവർത്തനവും ഈ യോഗതീരുമാന പ്രകാരമായിരുന്നു. അനുദിനം വർധിക്കുന്ന പരിസ്ഥിതി മലിനീകരണം ചെറുക്കാൻ ഒറ്റ, ഇരട്ട അക്കത്തിൽ അവസാനിക്കുന്ന റജിസ്ട്രേഷൻ നമ്പറുള്ള വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതടക്കമുള്ള നടപടികളും ഡൽഹി പോലുള്ള നഗരങ്ങൾ സ്വീകരിച്ചിരുന്നു. നിലവിൽ രാജ്യവ്യാപകമായി ഭാരത് സ്റ്റേജ് മൂന്ന് നിലവാരമുള്ള ഇന്ധനങ്ങളാണു വിൽപ്പനയ്ക്കെത്തുന്നത്; പ്രധാന നഗരങ്ങളിൽ വിൽക്കുന്നതാവട്ടെ ഭാരത് സ്റ്റേജ് നാല് നിലവാരമുള്ള ഇന്ധനങ്ങളും. 2017 ഏപ്രിലോടെ രാജ്യവ്യാപകമായി തന്നെ ഭാരത് സ്റ്റേജ് നാല് നിലവാരമുള്ള ഇന്ധനം വിൽപ്പനയ്ക്കെത്തിക്കാനാണു ലക്ഷ്യമിട്ടിരിക്കുന്നത്.

Your Rating: