Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ ബസിന് ഡ്രൈവർ വേണ്ട

ez-10 ഹെൽസിങ്കിയിൽ പരീക്ഷണ ഓട്ടം നടത്തുന്ന ഡ്രൈവറില്ലാ ബസായ ഈസിമൈൽ. (ചിത്രത്തിനു കടപ്പാട്: ഓട്ടോമേറ്റഡ് ബസ് ട്വിറ്റർ ഹാൻഡിൽ)

ഡ്രൈവറൊന്നുമില്ല. സ്റ്റോപ്പിൽ നിൽക്കുക.. വണ്ടിയിൽ കയറുക. പിന്നെല്ലാം ഓട്ടമാറ്റിക്. സ്റ്റോപ്പിൽ നിർത്തിത്തരും. ചാടിയിറങ്ങുക. ഇവൻ യന്തിരൻ ബസ്. ഉടൻ തന്നെ ഫിൻലൻഡിന്റെ തലസ്ഥാനമായ ഹെൽസിങ്കിയിൽ ഡ്രൈവറില്ലാത്ത ഈ ബസ് പൊതുഗതാഗതത്തിന് ഉപയോഗിച്ചു തുടങ്ങും. ആദ്യമായാണു പൊതുഗതാഗതത്തിനായി ഡ്രൈവറില്ലാത്ത ബസുകൾ പുറത്തിറക്കുന്നത്. ഹെൽസിങ്കിയിലെ ഹെനസറി പ്രവിശ്യയിലാണു ഈസിമൈൽ എന്നു പേരിട്ടിരിക്കുന്ന ബസിന്റെ പരീക്ഷണ ഓട്ടം ആരംഭിച്ചിരിക്കുന്നതെന്നു ഫിന്നിഷ് ബ്രോഡ്കാസ്റ്റിങ് കമ്പനി റിപ്പോർട്ട് ചെയ്യുന്നു.

ലോകത്ത് ആദ്യമായാണു പൊതുഗതാഗതത്തിനായി ഒരു ഡ്രൈവറില്ലാ ബസ് ഉപയോഗിക്കപ്പെടാന്‍ പോകുന്നത്. സെപ്റ്റംബർ പകുതിയോടെ പരീക്ഷണ ഓട്ടം അവസാനിപ്പിച്ചു ബസ് പൊതുഗതാഗതത്തിനായി നൽകാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതു ഗതാഗത സംവിധാനത്തിൽ കുതിച്ചു ചാട്ടമായാണ് ഡ്രൈവറില്ലാ ബസായ ഈസി മൈലിനെ കാണുന്നത്.
ഹ്രസ്വദൂര യാത്രാവശ്യങ്ങൾ‍ക്കായാണ് ഈസി മൈലിനെ വികസിപ്പിക്കുന്നത്. ഒരു മെട്രോ സ്റ്റേഷനിൽ നിന്ന് അടുത്ത മെട്രോ റൂട്ടിലേക്കോ ഒരു ബസ് സ്റ്റോപ്പിൽ നിന്ന് അടുത്തതിലേക്കോ പോവുകയെന്ന ആവശ്യങ്ങൾക്കായാണ് ഈ ബസുകള്‍ ഉപയോഗിക്കുക.പരമാവധി 10 കിലോമീറ്റർ വേഗമാണു ഈ കുഞ്ഞൻ ബസിനുള്ളത്. 12 പേർക്കാണ് ഈ ബസിൽ യാത്ര ചെയ്യാൻ സാധിക്കുക.

ഫിന്നിഷ് നിയമങ്ങളിൽ വാഹനങ്ങൾ ഓടിക്കാൻ ഡ്രൈവർ വേണമെന്ന കർശന നിബന്ധന ഇല്ലാത്തതു നിർമാതാക്കൾക്കു പരീക്ഷണ ഓട്ടം നടത്തുന്നതിൽ സഹായകരമായി. ഫിന്നിഷ് ട്രാൻസ്പോർട്ട് സേഫ്റ്റി ഏജൻസിയായ ട്രാഫിയിൽ നിന്ന് അനുമതി വാങ്ങിയെടുക്കാൻ പരീക്ഷണ ഓട്ടം നടത്തുന്ന മെട്രോപൊലിയ യൂണിവേഴ്സിറ്റി ഓഫ് അപ്ലൈഡ് സയൻസിന് അധികം കാത്തിരിക്കേണ്ടി വന്നില്ല. യൂറോപ്പിലെ മറ്റു രാജ്യങ്ങളിലും ഡ്രൈവറില്ലാ ബസുകൾ പരീക്ഷണ ഓട്ടം നടത്തുന്നുണ്ടെങ്കിലും നിയമക്കുരുക്കിൽപ്പെട്ടു കിടക്കുകയാണ്.