Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എഫ് വൺ: എൻജിൻ വികസന ചെലവ് കുറയ്ക്കുമെന്ന് എഫ് ഐ എ

f1-logo

ചെറിയ ടീമുകളെ സഹായിക്കാൻ ലക്ഷ്യമിട്ട് ഫോർമുല വണ്ണിലെ എൻജിൻ നിർമാണ ചെലവ് കുറയ്ക്കാൻ ടീം മേധാവികളുടെ യോഗത്തിൽ ധാരണയായി. അടുത്ത സീസണോടെ വിവിധ ടീമുകൾ ഉപയോഗിക്കുന്ന എൻജിനുകളുടെ കാര്യത്തിൽ കൂടുതൽ ഐകരൂപ്യവും കൈവരിക്കാൻ തീരുമാനമായിട്ടുണ്ടെന്നു രാജ്യാന്തര ഓട്ടമൊബീൽ ഫെഡറേഷൻ(എഫ് ഐ എ) വെളിപ്പെടുത്തി. പവർ യൂണിറ്റ് ദാതാക്കളെ ലഭിക്കാതെ ടീമുകൾ പുറത്താവുന്ന സാഹചര്യം ഒഴിവാക്കാൻ ഗ്രിഡിലെ മുൻനിര ടീമുകൾ മറ്റുള്ളവർക്കു നിർമന്ധമായും ഇത്തരം യൂണിറ്റ് നൽകണമെന്നു വ്യവസ്ഥ ചെയ്തിട്ടുണ്ട്. ടർബോ ചാർജ്ഡ് എൻജിനുകളും സങ്കര ഇന്ധന എനർജി റിക്കവറി സിസ്റ്റവും സംയോജിക്കുന്നതാണു ഫോർമുല വണ്ണിൽ മത്സരിക്കുന്ന കാറുകളിലെ പവർ യൂണിറ്റുകൾ.

അതേസമയം എൻജിൻ വിതരണ കരാറിൽ നിന്നു സ്വമേധയാ പിൻമാറുന്ന ടീമുകൾക്ക് ഈ വ്യവസ്ഥയുടെ ആനുകൂല്യം ലഭിക്കില്ല. കഴിഞ്ഞ സീസണിൽ റെനോയുമായുള്ള കരാറിൽ നിന്നു പിൻമാറാൻ റെഡ് ബുൾ ടീം ശ്രമിച്ചെങ്കിലും പകരം എൻജിൻ നൽകാൻ ആരും സന്നദ്ധത പ്രകടിപ്പിച്ചിരുന്നില്ല. ഭാവിയിലും ഇത്തരം സാഹചര്യങ്ങളിൽ ഇതേ നിലപാടാവും എൻജിൻ ദാതാക്കൾ സ്വീകരിക്കുകയെന്നു വേണം കരുതാൻ.അടുത്ത സീസണിൽ മെഴ്സീഡിസ്, ഫെറാരി, റെനോ, ഹോണ്ട എന്നീ എൻജിൻ ദാതാക്കൾക്കു ടീമുകൾ നൽകേണ്ട ഫീസിൽ 10 ലക്ഷം യൂറോ(ഏകദേശം 7.61 കോടി രൂപ) യുടെ ഇളവും അനുവദിച്ചിട്ടുണ്ട്. 2018 സീസണിലെ ഫീസിലുള്ള ഇളവ് 30 ലക്ഷം യൂറോ(22.82 കോടിയോളം രൂപ) ആണ്.

മികച്ച പ്രകടനക്ഷമത കൈവരിക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ പാക്കേജ് നടപ്പാവുന്നതോടെ നിലവിലുള്ള ടോക്കൺ സമ്പ്രദായം പോലുള്ള നിയന്ത്രണങ്ങൾ ഒഴിയുമെന്നും എഫ് ഐ എ വ്യക്തമാക്കി. പവർ യൂണിറ്റിൽ ഓരോ സീസണിലും നടപ്പാക്കാവുന്ന പരീക്ഷണങ്ങൾക്കുള്ള നിയന്ത്രണമാണു ടോക്കൺ സമ്പ്രദായം. കൂടാതെ ടർബോ ബൂസ്റ്റിലും വിവിധ എൻജിൻ ഘടകങ്ങളിലുമൊക്കെ പരിഷ്കാരങ്ങൾ വരുത്തുന്നതിനും നിയന്ത്രണങ്ങൾ പ്രാബല്യത്തിലുണ്ട്. ഇതിനു പുറമെ എൻജിനുകളുടെ ശബ്ദത്തിലെ മാറ്റം സംബന്ധിച്ചും ടീം മേധാവികളുടെ ചർച്ചയിൽ ധാരണയുണ്ടായെന്നാണു സൂചന. 2014ൽ പുതിയ 1.6 ലീറ്റർ ടർബോ എൻജിനുകൾ ഘടിപ്പിച്ചതു മുതൽ ഫോർമുല വൺ കാറുകളുടെ ശബ്ദത്തെക്കുറിച്ചു വിമർശനം ഉയരുന്നുണ്ട്. നിലവിലുള്ള പവർ യൂണിറ്റിന്റെ ശബ്ദം മെച്ചപ്പെടുത്താനുള്ള ഗവേഷണങ്ങൾ പുരോഗതിയിലാണെന്നും ഈ രംഗത്തെ പരിഷ്കാരങ്ങൾ 2018 സീസണിൽ നടപ്പാവുമെന്നുമാണ് എഫ് ഐ എയുടെ നിലപാട്.
 

Your Rating: