Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എഫ് വൺ: മക്‌ലാരനു നവീകരിച്ച എൻജിനുമായി ഹോണ്ട

mclaren-honda-mp4-30

ഫോർമുല വൺ മത്സരരംഗത്തു മുൻനിരയിൽ സ്ഥാനം മോഹിക്കുന്ന ബ്രിട്ടീഷ് ടീമായ മക്‌ലാരനു പരിഷ്കരിച്ച എൻജിൻ ലഭ്യമാക്കുമെന്നു ജാപ്പനീസ് നിർമാതാക്കളായ ഹോണ്ടയുടെ വാഗ്ദാനം. മികച്ച പ്രകടനക്ഷമതയും മെച്ചപ്പെട്ട പാക്കേജിങ്ങും ഉറപ്പാക്കുന്നതാണ് 2017 സീസണായി തയാറാവുന്ന ഹോണ്ട എൻജിന്റെ രൂപകൽപ്പനയും ലേ ഔട്ടുമെന്നു മക്ലാരൻ ടെക്നിക്കൽ ഡയറക്ടർ ടിം ഗോസ് വെളിപ്പെടുത്തി. കഴിഞ്ഞ രണ്ടു സീസണുകൾക്കിടെ നേടിയ അനുഭവ സമ്പത്തിന്റെയും മത്സര പരിചയത്തിന്റെയും അടിസ്ഥാനത്തിലാണു ഹോണ്ട എൻജിൻ പരിഷ്കരിച്ചതെന്നും ഗോസ് വിശദീകരിച്ചു. എൻജിനുകൾക്കായി ഹോണ്ടയുമായി പുതിയ സഖ്യം സ്ഥാപിച്ച 2015 സീസണിലെ ഫോർമുല വൺ ലോക ചാംപ്യൻഷിപ്പിൽ നിർമാതാക്കളുടെ പട്ടികയിൽ ഒൻപതാം സ്ഥാനത്തായിരുന്നു മക്‌ലാരൻ; കഴിഞ്ഞ വർഷമാവട്ടെ ചാംപ്യൻഷിപ്പിൽ ആറാം സ്ഥാനത്തേക്കു മുന്നേറാൻ ടീമിനായി.

ജർമൻ നിർമാതാക്കളായ മെഴ്സീഡിസുമായുള്ള ദീർഘകാല ബന്ധം ഉപേക്ഷിച്ചാണു മക്‌ലാരൻ എൻജിനുകൾക്കായി ഹോണ്ടയുമായി സഖ്യത്തിലേർപ്പെട്ടത്. ഫോർമുല വൺ ലോക ചാംപ്യൻഷിപ്പിൽ ഇറ്റാലിയൻ ടീമായ ഫെറാരി കഴിഞ്ഞാൽ ഏറ്റവുമധികം നേട്ടങ്ങൾ കൊയ്ത ചരിത്രമാണു മക്ലാരന്റേത്. നിർമാതാക്കൾക്കുള്ള ചാംപ്യൻഷിപ് എട്ടു തവണ നേടിയിട്ടുള്ള ടീമിലെ ഡ്രൈവർമാർ സ്വന്തമാക്കിയത് 12 ചാംപ്യൻപട്ടങ്ങളാണ്. പക്ഷേ 2012നു ശേഷം ഒറ്റ മത്സരം പോലും ജയിക്കാൻ ടീമിനു കഴിഞ്ഞിട്ടില്ലെന്നതാണ് മക്ലാരൻ ഇപ്പോൾ നേരിടുന്ന ദുർവിധി. എൻജിൻ വികസനത്തിന് രാജ്യാന്തര ഓട്ടമൊബീൽ ഫെഡറേഷൻ(എഫ് ഐ എ) ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണം പിൻവലിച്ചതാണു ഹോണ്ടയ്ക്കു പ്രതീക്ഷയേകുന്നത്.

ഇതോടെ കാറിൽ കുത്തിനിറച്ച പോലെ ഘടിപ്പിച്ചിരുന്ന എൻജിനിൽ ആവശ്യമായ പരിഷ്കാരങ്ങൾ വരുത്താനും വിശ്വാസ്യത മെച്ചപ്പെടുത്താനും സാധിക്കുമെന്നാണു നിർമാതാക്കളുടെ വിലയിരുത്തൽ. നിലവിൽ മക്ലാരൻ മാത്രമാണു ഹോണ്ടയുടെ എൻജിനുകളുമായി മത്സരരംഗത്തുള്ളത്. എൻജിനിലെ പരിഷ്കാരങ്ങൾക്കൊപ്പം വലിപ്പമേറിയ ടയറുകളും നവീകരിച്ച ഏറോഡൈനാമിക്സും ചേരുന്നതോടെ പുതിയ സീസണിലെ കാറുകൾക്കു കൂടുതൽ വേഗവും ആക്രമണോത്സുകതയും കൈവരുമെന്നാണു പ്രതീക്ഷ. ഫോർമുല വൺ ചരിത്രത്തിലെ തന്നെ ഏറ്റവും നിർണായക മാറ്റങ്ങൾക്കാണു 2017 സീസൺ സാക്ഷ്യം വഹിക്കുന്നതെന്നു ഗോസും കരുതുന്നു. ഇതോടെ ടീമുകളുടെ പ്രകടനത്തിലും സ്ഥാനക്രമത്തിലും കാര്യമായ മാറ്റം വരുമെന്നും അദ്ദേഹം കണക്കുകൂട്ടുന്നു.  

Your Rating: