Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഫെയിം ഇന്ത്യ’: വൈദ്യുത, സങ്കര ഇന്ധന വാഹന വിൽപ്പനയേറി

Green Cars

‘ഫെയിം ഇന്ത്യ’ പദ്ധതി പ്രകാരമുള്ള ഇളവുകളും ആനുകൂല്യങ്ങളും രാജ്യത്തെ സങ്കര ഇന്ധന, വൈദ്യുത വാഹന(ഇ വി) വിൽപ്പന മെച്ചപ്പെടുത്തിയതായി കേന്ദ്ര സർക്കാർ. ദേശീയ ഇലക്ട്രിക് മൊബിലിറ്റി മിഷൻ പ്ലാനിന്റെ ഭാഗമായാണു ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിങ് ഓഫ് ഹൈബ്രിഡ് ആൻഡ് ഇലക്ട്രിക് വെഹിക്കിൾസ് ഇൻ ഇന്ത്യ(ഫെയിം) കഴിഞ്ഞ വർഷം ഏപ്രിലിൽ പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കിയത്.

ആനുകൂല്യങ്ങളും ഇളവുകളും ലഭ്യമല്ലാതിരുന്ന കാലത്ത് വൈദ്യുത, സങ്കര ഇന്ധന വാഹനങ്ങൾക്ക് ആവശ്യക്കാർ കുറവായിരുന്നെന്നു കേന്ദ്ര ഘന വ്യവസായ, പൊതു സംരംഭ സഹമന്ത്രി ജി എം സിദ്ധേശ്വര ലോക്സഭയെ അറിയിച്ചു. എന്നാൽ ‘ഫെയിം ഇന്ത്യ’ പദ്ധതി നിലവിൽ വന്നതോടെ ഇത്തരം വാഹനങ്ങൾ വാങ്ങാൻ കൂടുതൽ പേർ മുന്നോട്ടു വരുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.

പരിസ്ഥിതി സൗഹൃദ വാഹനങ്ങളുടെ വിൽപ്പന മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യമിട്ടു നടപ്പാക്കുന്ന ‘ഫെയിം ഇന്ത്യ’ പദ്ധതി പ്രകാരം വൈദ്യുതിയിലും സങ്കര ഇന്ധനത്തിലും ഓടുന്ന ഇരുചക്രവാഹനങ്ങൾക്ക് 29,000 രൂപയുടെ വരെ ഇളവുകൾ ലഭിക്കും. കാറുകൾക്കു ലഭിക്കുന്ന ഇളവുകൾ 1.38 ലക്ഷം രൂപയുടേതാണ്. ‘ഫെയിം ഇന്ത്യ’ പദ്ധതിക്കായി കേന്ദ്ര ഘന വ്യവസായ മന്ത്രാലയം 14,000 കോടി രൂപയാണു ചെലവ് കണക്കാക്കുന്നത്.

നിലവിലുള്ള പദ്ധതി 2020 വരെ തുടർന്നാൽ 950 കോടി ലീറ്റർ അസംസ്കൃത എണ്ണയുടെ ഇറക്കുമതി ലാഭിക്കാനാവുമെന്നാണ് ഇലക്ട്രിക് മൊബിലിറ്റിക്കായുള്ള ദേശീയ ദൗത്യം കണക്കാക്കുന്നത്. എണ്ണ ഇറക്കുമതി ഇത്രയും കുറയ്ക്കാൻ കഴിഞ്ഞാൽ രാജ്യത്തിന് 62,000 കോടി രൂപയാണു ലാഭിക്കാനാവുക. നിലവിൽ മഹീന്ദ്ര രേവ ഇലക്ട്രിക് വെഹിക്കിൾസ്, ഇലക്ട്രോതെർമ് (ഇന്ത്യ), മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് തുടങ്ങിയ കമ്പനികളാണു വൈദ്യുത/സങ്കര ഇന്ധന വാഹനങ്ങൾ നിർമിച്ച് ‘ഫെയിം ഇന്ത്യ’ പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾക്ക് അർഹത നേടുന്നതെന്നും സിദ്ധേശ്വര അറിയിച്ചു.  

Your Rating: