Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരുത്തുറ്റ വാഹന ബ്രാൻഡ്: ഫെറാരിക്ക് ഒന്നാം സ്ഥാനം

ferrari-california-t-2 Ferrari California

ലോകത്തിലെ ഏറ്റവും ശക്തമായ വാഹന ബ്രാൻഡെന്ന പെരുമ ഇറ്റാലിയൻ സ്പോർട്സ് കാർ നിർമാതാക്കളായ ഫെറാരിക്ക്. വാല്യുവേഷൻ ആൻഡ് സ്ട്രാറ്റജി കൺസൽറ്റൻസി മേഖലയിൽ പ്രവർത്തിക്കുന്ന ബ്രാൻഡ് ഫിനാൻസ് പുറത്തു വിട്ട ഗ്ലോബൽ ബ്രാൻഡ് സ്റ്റഡി ഫലമനുസരിച്ച് ആഗോള വ്യവസായ മേഖലയിൽ തന്നെ ഏറ്റവും കരുത്തുറ്റ 10 ബ്രാൻഡുകൾക്കൊപ്പവും ഫെറാരി ഇടംപിടിച്ചിട്ടുണ്ട്. മുൻവർഷത്തെ അപേക്ഷിച്ചു മൂന്നു പോയിന്റ് വർധനയോടെയാണ് ആഗോള വാഹന ബ്രാൻഡുകൾക്കിടയിൽ ഫെറാരി ഇക്കൊല്ലവും കരുത്തുകാട്ടിയത്. ഫോക്സ്വാഗൻ ഗ്രൂപ്പിൽപെട്ട ജർമൻ സ്പോർട്സ് കാർ നിർമാതാക്കളായ പോർഷെയ്ക്കാണ് കരുത്തുറ്റ വാഹന ബ്രാൻഡ് പട്ടികയിൽ രണ്ടാം സ്ഥാനം.

ലോകത്ത് ഏറ്റവുമധികം വിൽപ്പനയുള്ള വാഹന നിർമാതാക്കളായ ഫോക്സ്വാഗനാണു ബ്രാൻഡ് കരുത്തിൽ മൂന്നാം സ്ഥാനത്ത്. 2015 സെപ്റ്റംബറിൽ പുറത്തായ ‘ഡീസൽഗേറ്റ്’ വിവാദത്തിന്റെ പ്രത്യാഘാതങ്ങളെ അതിജീവിച്ച് ബ്രാൻഡ് കരുത്തിൽ ആറു പോയിന്റ് വർധനയുമായാണ് 2017ലേക്കുള്ള പട്ടികയിൽ കമ്പനി ഈ നേട്ടം കൈവരിച്ചത്. വാർഷിക ഉൽപ്പാദനം 7,000 യൂണിറ്റിലൊതുക്കിയ മുൻ ചെയർമാൻ ലൂക ഡി മൊന്റെസ്മൊലോയുടെ പിൻഗാമിയായി ചുമതലയേറ്റ സെർജിയൊ മാർക്കിയോണി ഉൽപ്പാദനം 9,000 യൂണിറ്റാക്കി ഉയർത്തിയതു കമ്പനിക്കു ഗുണകരമായെന്നാണു പഠനത്തിന്റെ നിഗമനം. പോരെങ്കിൽ ഫെറാരി അനുഭവം പങ്കുവയ്ക്കാൻ ലക്ഷ്യമിടുന്ന പുതിയ ‘ഫെറാരി ലാൻഡ്’ ഏപ്രിൽ ഏഴിന് സ്പെയിനിലെ പോർട് അവെഞ്ചുറയിൽ പ്രവർത്തനം തുടങ്ങുകയാണ്. വാണിജ്യതലത്തിലെ സാധ്യതകൾ കൂടുതലായി ചൂഷണം ചെയ്യാനുള്ള ഇത്തരം നടപടികളുടെ ഫലമായി ഫെറാരിയുടെ ബ്രാൻഡ് മൂല്യം ഇക്കൊല്ലം 615 കോടി ഡോളർ(ഏകദേശം 40,982.55 കോടി രൂപ) ആയി വർധിച്ചെന്നാണു കണക്ക്.

അതേസമയം വാഹന ബ്രാൻഡെന്ന നിലയിലെ മൂല്യം മാത്രം അടിസ്ഥാനമാക്കിയാൽ ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട മോട്ടോർ കോർപറേഷാണു മുന്നിൽ: 463 കോടി ഡോളർ( 30,853.53 കോടിയോളം രൂപ). ബ്രാൻഡുകളുടെ കരുത്ത് ആധാരമാക്കി തയാറാക്കിയ ആഗോളതലത്തിലെ ആദ്യ 100 സ്ഥാനക്കാരുടെ പട്ടികയിൽ ഏഴ് ഇന്ത്യൻ വാഹന നിർമാതാക്കളും ഇടംപിടിച്ചിട്ടുണ്ട്. രാജ്യത്തെ വാഹന വിപണിയിൽ 47.65% വിഹിതമുള്ള മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് പട്ടികയിൽ 34—ാം സ്ഥാനത്താണ്; റാങ്കിങ്ങിൽ മുൻവർഷത്തെ അപേക്ഷിച്ച് ഏഴു പടി മുന്നേറാൻ കമ്പനിക്കു കഴിഞ്ഞു. മഹീന്ദ്ര ആൻഡ് മഹീന്ദ്ര(ഇക്കുറി 54—ാം സ്ഥാനം; കഴിഞ്ഞ തവണ 63—ാം സ്ഥാനം), ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോട്ടോ കോർപ്(ഇക്കുറി 60—ാമത്; കഴിഞ്ഞ തവണ 66—ാം സ്ഥാനം), ടാറ്റ മോട്ടോഴ്സ്(കഴിഞ്ഞ തവണത്തെപ്പോലെ ഇക്കുറിയും 65—ാം സ്ഥാനം), ബജാജ് ഓട്ടോ ലിമിറ്റഡ്(ഇക്കുറി 68—ാമത്; കഴിഞ്ഞ തവണ 73—ാം സ്ഥാനം), അശോക് ലേയ്ലൻഡ്(ഇക്കുറി 90—ാം സ്ഥാനം; കഴിഞ്ഞ തവണ 88—ാമത്), ടി വി എസ് മോട്ടോർ കമ്പനി(മാറ്റമില്ലാതെ 97—ാം സ്ഥാനം) എന്നീ കമ്പനികളാണ് ആദ്യ നൂറിൽ ഇടം പിടിച്ച മറ്റ് ഇന്ത്യൻ വാഹന നിർമാതാക്കൾ.

Your Rating: