Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹാക്കിങ്: 14 ലക്ഷം വാഹനം തിരിച്ചുവിളിക്കാൻ ക്രൈസ്​ലർ

Jeep Cherokee

കംപ്യൂട്ടർ സംവിധാനത്തിൽ അനധികൃതമായി കടന്നുകയറി ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാമെന്നു ഹാക്കർമാർ തെളിയിച്ചതോടെ 14 ലക്ഷം കാറുകളും ട്രക്കുകളും തിരിച്ചുവിളിച്ചു പരിശോധിക്കാൻ ഫിയറ്റ് ക്രൈസ്​ലർ ഓട്ടമൊബീൽസ്(എഫ് സി എ) തീരുമാനിച്ചു. റിമോട്ട് കൺട്രോൾ സംവിധാനങ്ങളിലൂടെ ഏറെ അകലെയുള്ള വാഹനങ്ങളുടെ പോലും നിയന്ത്രണം ഏറ്റെടുക്കാനാവുമെന്നായിരുന്നു കഴിഞ്ഞ ദിവസം ഹാക്കർമാർ വ്യക്തമാക്കിയത്.

ഇത്തരത്തിൽ ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുള്ള റേഡിയോ ഘടിപ്പിച്ചതും 2013 — 2015 കാലത്തു നിർമിച്ചതുമായ ഡോഡ്ജ്, ജീപ്പ്, റാം, ക്രൈസ്​ലർ കാറുകൾക്കും ട്രക്കുകൾക്കുമാണ് പരിശോധന ബാധകമാവുക. തിരിച്ചുവിളിച്ച വാഹനങ്ങളുടെ ഉടമകൾക്ക് സോഫ്റ്റ്​വെയർ അപ്ഡേഷനുള്ള യു എസ് ബി സൗജന്യമായി നൽകാനാണു കമ്പനിയുടെ പരിപാടി.

വാഹനങ്ങളുടെ ഇലക്ട്രോണിക് സംവിധാനങ്ങളിലെ പോരായ്മകളായിരുന്നു സൈബർ സെക്യൂരിറ്റി വിദഗ്ധരായ ചാർലി മില്ലറും ക്രിസ് വലാസികും ചേർന്നു കഴിഞ്ഞ ദിവസം തുറന്നു കാട്ടിയത്; ഇതിനായി അവർ തിരഞ്ഞെടുത്തതാവട്ടെ ക്രൈസ്​ലർ നിർമിച്ച ‘ജീപ്പ് ചെറോക്കീ’യും.

ഓൺലൈൻ എന്റർടെയ്ൻമെന്റ് സംവിധാനത്തിൽ നുഴഞ്ഞുകയറി ‘ചെറോക്കീ’യുടെ ഇലക്ട്രോണിക് സിസ്റ്റത്തിന്റെ നിയന്ത്രണം ഇരുവരും ഏറ്റെടുക്കുകയായിരുന്നു. വീട്ടിലിരുന്ന ലാപ്ടോപ് കംപ്യൂട്ടർ വഴി ഇരുവരും ചേർന്നു വാഹനത്തിന്റെ വേഗത്തിലും ബ്രേക്കിങ് ശേഷിയിലുമൊക്കെ മാറ്റം വരുത്തി; റേഡിയോയുടെയും വിൻഷീൽഡ് വൈപ്പറിന്റെയുമൊക്കെ നിയന്ത്രണവും ഏറ്റെടുത്തു.

അതേസമയം ഇത്തരത്തിലുള്ള ഹാക്കിങ്ങിനുള്ള സാധ്യതയെപ്പറ്റി നേരിട്ടുള്ള വിവരമില്ലെന്നായിരുന്നു ക്രൈസ്​ലർ പ്രതികരിച്ചത്. എങ്കിലും ഇത്തരത്തിൽ ‘ആക്രമിക്ക’പ്പെടാനുള്ള സാധ്യത മുൻനിർത്തി സൗജന്യ സോഫ്റ്റ്​വെയർ പാച്ച് വിതരണം ചെയ്യുമെന്ന് കമ്പനി വ്യക്തമാക്കി. ഒപ്പം വാഹനങ്ങളിലെ കമ്യൂണിക്കേഷൻ സംവിധാനം ഇത്തരത്തിൽ ‘ആക്രമിക്കപ്പെ’ടാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചതായും എഫ് സി എ അവകാശപ്പെട്ടു.

നെറ്റ്​വർക്ക് സംവിധാനത്തിൽ പ്രവർത്തിക്കുന്ന വാഹനത്തിന്റെ നിയന്ത്രണം അകലെയിരുന്ന് ഏറ്റെടുക്കുന്ന തു തടയാൻ പ്രാപ്തിയുള്ള സോഫ്റ്റ്​വെയർ ഉൾപ്പെടുത്താനാണ് ഇപ്പോഴത്തെ പരിശോധനയെന്നും ക്രൈസ്​ലർ വിശദീകരിക്കുന്നു. അനധികൃത ഇടപെടൽ ഉണ്ടാവുന്ന ഘട്ടത്തിൽ ക്രിമിനൽ നിയമം അനുശാസിക്കുന്ന നടപടി സ്വീകരിക്കാനും സോഫ്റ്റ്​വെയർ സജ്ജമാണെന്നു കമ്പനി അവകാശപ്പെടുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.