Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

50,000 എസ് യു വി തിരിച്ചുവിളിക്കാൻ എഫ് സി എ

jeep-compass Jeep Compass

ഓട്ടത്തിനിടെ എൻജിൻ നിന്നുപോകാനുള്ള സാധ്യത മുൻനിർത്തി ഇറ്റാലിയൻ — യു എസ് നിർമാതാക്കളായ ഫിയറ്റ് ക്രൈസ്ലർ ഓട്ടമൊബീൽ (എഫ് സി എ) അര ലക്ഷത്തോളം ചെറു എസ് യു വികൾ തിരിച്ചുവിളിക്കുന്നു. 2016 മോഡലിൽ പെട്ട ഡോഡ്ജ് ‘ജേണി’, ജീപ്പ് ‘കോംപസ്’, ‘പാട്രിയറ്റ്’ വാഹനങ്ങളാണു കമ്പനി നിർമാണതകരാറിന്റെ പേരിൽ ലോകവ്യാപകമായി തിരിച്ചുവിളിച്ചു പരിശോധിക്കുന്നത്. രണ്ടു ലീറ്റർ, 2.4 ലീറ്റർ എൻജിനുകളാണു വാഹനങ്ങളിലുള്ളത്.

എൻജിനിലെ സെൻസർ കണക്ടറിന്റെ പ്രവർത്തന പിഴവാണു പ്രശ്നം സൃഷ്ടിക്കുന്നതെന്നാണു ഫിയറ്റ് ക്രൈസ്ലർ ഓട്ടമൊബീലിന്റെ വിലയിരുത്തൽ. സെൻസർ പ്രവർത്തനരഹിതമാവുന്നതോടെ വാഹനം ഓട്ടത്തിനിടെ നിന്നു പോകാം; അല്ലെങ്കിൽ സ്റ്റാർട്ട് ആവാതിരിക്കാനും സാധ്യതയുണ്ട്. ഓട്ടത്തിനിടെ എൻജിൻ നിലയ്ക്കന്നത് അപകടകരമായ സാഹചര്യമാണെന്നു ഫിയറ്റ് ക്രൈസ്ലർ അംഗീകരിക്കുന്നു. എന്നാൽ ഈ പ്രശ്നം മൂലം ഇതുവരെ അപകടം സംഭവിക്കുകയോ ആർക്കെങ്കിലും പരുക്കേൽക്കുകയോ ചെയ്തിട്ടില്ലെന്നാണു കമ്പനിയുടെ അവകാശവാദം.

പരിശോധന ആവശ്യമുള്ള വാഹനങ്ങളിൽ ഭൂരിഭാഗവും യു എസിൽ വിറ്റവയാണ്. കഴിഞ്ഞ വർഷം വസന്തകാലത്തു നിർമിച്ച് വിൽപ്പനയ്ക്കെത്തിയവയാണ് ഇവയെല്ലാം. തകരാറുള്ള വാഹനങ്ങളിൽ ക്രാങ്ക്ഷാഫ്റ്റിന്റെയും കാംഷാഫ്റ്റിന്റെയും സെൻസർ കണക്ടർ മാറ്റി നൽകാനാണു കമ്പനിയുടെ പദ്ധതി. പരിശോധന ആവശ്യമുള്ള വാഹനങ്ങളുടെ ഉടമകളെ കമ്പനി നേരിട്ടു വിവരം അറിയിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.