Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരുത്തേറിയ കാറുകളുടെ പുതുശ്രേണിയുമായി ഫിയറ്റ്

Punto Evo

കരുത്തേറിയ എൻജിനുള്ള കാറുകളുടെ പുത്തൻ ശ്രേണി ഫിയറ്റ് ക്രൈസ്ലർ ഓട്ടമൊബീൽസ്(എഫ് സി എ) ഇന്ത്യ പുറത്തിറക്കി. പുതിയ ‘ലീനിയ’ സെഡാനും ഹാച്ച്ബാക്കുകളായ ‘പുന്തൊ ഇവൊ’, ‘അവെഞ്ചുറ എന്നിവയുടെ ‘പവർടെക്’ പതിപ്പുകളുമാണു കമ്പനി അവതരിപ്പിച്ചത്. എക്സിക്യൂട്ടീവ് സെഡാനായ ‘ലീനിയ’യുടെ പുതിയ പതിപ്പായ ‘125 എസി’ലെ എൻജിൻ പരമാവധി 125 പി എസ് കരുത്താണു സൃഷ്ടിക്കുക. ഇതോടെ ഈ വിഭാഗത്തിലെ ഏറ്റവും കരുത്തുള്ള സെഡാനായി ‘ലീനിയ’ മാറിയെന്നാണു ഫിയറ്റിന്റെ അവകാശവാദം.

പിന്നിൽ സൺ കർട്ടൻ, ആംബിയന്റ് ലൈറ്റിങ് സഹിതം സോഫ്റ്റ്ടച് ഇൻസ്ട്രമെന്റ് പാനൽ, നാലു വീലിനും ഡിസ്ക് ബ്രേക്ക്, ഡ്യുവൽ സ്റ്റേജ് ഡ്രൈവർ എയർ ബാഗ് എന്നിവയൊക്കെയുള്ള കാറിന് 7.82 ലക്ഷം രൂപയാണു ഡൽഹി ഷോറൂമിൽ വില. 4,596 എം എം നീളത്തോടെ ഈ വിഭാഗത്തിലെ ഏറ്റവും നീളമുള്ള സെഡാനുമായി ‘ലീനിയ 125 എസ്’ മാറിയിട്ടുണ്ട്. 190 എം എം ഗ്രൗണ്ട് ക്ലിയറൻസുള്ള കാറിന്റെ ബൂട്ടിലെ സംഭരണ ശേഷി 500 ലീറ്ററാണ്.‘പുന്തൊ ഇവൊ’യ്ക്കും ‘അവെഞ്ചുറ’യുടെയും ‘പവർടെക്’ പതിപ്പിനു കരുത്തേകുക 1.3 ലീറ്റർ മൾട്ടി ജെറ്റ് എൻജിനാണ്; പരമാവധി 93 പി എസ് കരുത്താണ് ഈ എൻജിൻ സൃഷ്ടിക്കുക. ആക്ടീവ്, ഡൈനമിക്, ഇമോഷൻ വകഭേദങ്ങളിൽ ഇരു കാറുകളുടെയും ‘പവർടെക്’ പതിപ്പ് ലഭ്യമാവും. ഫിയറ്റ് ‘പുന്തൊ ഇവൊ പവർടെക്’ 6.81 ലക്ഷം രൂപ മുതലും ‘അവെഞ്ചുറ പവർടെക്’ 7.87 ലക്ഷം രൂപ മുതലുമാണു ഡൽഹി ഷോറൂമിൽ വിൽക്കുക.

എല്ലാ വകഭേദത്തിലും അഞ്ച് ഇഞ്ച് മൾട്ടി ഫംക്ഷനൽ ടച്സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനത്തോടെയാണു പുതു മോഡലുകളുടെ വരവ്. പ്രകടനക്ഷമതയാണു ഫിയറ്റ് കാറുകളുടെ മുഖമുദ്രയെന്ന് എഫ് സി എ ഇന്ത്യ പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ കെവിൻ ഫ്ളിൻ അഭിപ്രായപ്പെട്ടു. ‘കാർ പ്രേമികൾക്കായി രൂപപ്പെടുത്തിയത്’ എന്ന വാഗ്ദാനത്തോടു നീതി പുലർത്താനാണു കാറുകൾക്കു കൂടുതൽ കരുത്തേകിയത്. കാഴ്ചപ്പകിട്ടിനൊപ്പം കൂടുതൽ കരുത്തും ചേരുന്നതോടെ ഫിയറ്റ് കാറുകൾ അവഗണിക്കാനാവാത്ത ശക്തിയാവുമെന്നും അദ്ദേഹം പ്രത്യാശിച്ചു. പ്രകടനക്ഷമതയും കാഴ്ചപ്പകിട്ടുമാണു ഫിയറ്റിന്റെ കരുത്തെങ്കിലും പുതിയ കാറുകളിൽ ഇന്ധനക്ഷമതയുടെ കാര്യത്തിലും വിട്ടു വീഴ്ചചെയ്തിട്ടില്ലെന്നു ഫ്ളിന് അവകാശപ്പെട്ടു.  

Your Rating: