Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫീയറ്റിന്റെ സ്വയം ഓടുന്ന കാർ

fiat-cryster-pacifica ക്രൈസ്‌ലർ പസഫിക്ക

അഞ്ചു വർഷത്തിനുള്ളിൽ സ്വയം ഓടുന്ന കാറുകൾ യാഥാർഥ്യമാവുമെന്ന് ഫിയറ്റ് ക്രൈസ്ലർ ഓട്ടമൊബൽസ്(എഫ് സി എ) ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സെർജിയൊ മാർക്കിയോണി. ഈ മേഖലയിലെ ഗവേഷണങ്ങളിൽ സഹകരിക്കാൻ ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആൽഫബെറ്റുമായി കരാറിൽ ഒപ്പിട്ട പശ്ചാത്തലത്തിലാണ് എഫ് സി എ മേധാവിയുടെ പ്രതികരണം. അതേസമയം ആൽഫബെറ്റുമായുള്ള കരാറിന്റെ സാമ്പത്തിക വിശദാംശങ്ങൾ വെളിപ്പെടുത്താനും മാർക്കിയോണി സന്നദ്ധനായില്ല. സ്വയം ഓടുന്ന വാഹനങ്ങൾ ആകാശകുസുമമായി തുടരില്ലെന്നു മാർക്കിയോണി വ്യക്തമാക്കി; ഇത്തരം കാറുകൾ പ്രതീക്ഷിച്ചതിലും നേരത്തെ യാഥാർഥ്യമാവും. ഈ സ്വപ്നം സഫലമാവാൻ 20 വർഷമെടുക്കുമെന്നാണു പലരുടെയും കണക്കുകൂട്ടൽ. എന്നാൽ സ്വയം ഓടുന്ന കാറുകൾ അഞ്ചു വർഷത്തിനുള്ളിൽ നിരത്തിലെത്തുമെന്നാണു തന്റെ പ്രതീക്ഷയെന്നു മാർക്കിയോണി വെളിപ്പെടുത്തി.

fiat-cryster-pacifica-1 ക്രൈസ്‌ലർ പസഫിക്ക

സ്വയം ഓടുന്ന വാഹനങ്ങളുടെ ശേഖരം വിപുലീകരിക്കാനാണ് ആൽഫബെറ്റുംഎഫ് സി എയുമായി ഈ ആഴ്ച ധാരണയിലെത്തിയത്. ക്രൈസ്‌ലറിൽ നിന്ന് നൂറോളം ‘2017 പസഫിക്ക’ സങ്കര ഇന്ധന മിനിവാനുകൾ എത്തുന്നതോടെ സ്വയം ഓടുന്ന വാഹന പരീക്ഷണത്തിനായി ആൽഫബെറ്റിന്റെ പക്കലുള്ള വാഹനങ്ങളുടെ എണ്ണം ഇരട്ടിയിലേറെയാവും. ഇവയിൽ ചിലതെങ്കിലും സ്വയം ഓടുന്ന നിലയിലാക്കി ഇക്കൊല്ലം തന്നെ നിരത്തിലെത്തിക്കാനാണു കമ്പനികളുടെ ശ്രമം. സ്വയം ഓടുന്ന വാഹനങ്ങൾ യാഥാർഥ്യമാക്കാനുള്ള ഗവേഷണത്തിനിടെ കലിഫോണിയ ആസ്ഥാനമായ ഇന്റർനെറ്റ് കമ്പനിയായ ആൽഫബെറ്റ് ഇതാദ്യമായാണ് എഫ് സി എയെ പോലുള്ള നിർമാതാക്കളുമായി സഹകരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

എഫ് സി എ രൂപകൽപ്പന ചെയ്യുന്ന മിനി വാനുകളിൽ കമ്പനി വികസിപ്പിച്ച, സ്വയം ഓടാനുള്ള സംവിധാനം ഘടിപ്പിക്കാനാണ് ആൽഫബെറ്റിന്റെ പദ്ധതി. സ്വയം ഓടാൻ ആവശ്യമായ സെൽഫ് ഡ്രൈവിങ് സോഫ്റ്റ്‌വെയർ വഹിക്കുന്ന കംപ്യൂട്ടറുകളും റോഡ് സാഹചര്യം തിരിച്ചറിയാൻ സോഫ്റ്റ്‌വെയറിനെ സഹായിക്കുന്ന സെൻസറുകളുമൊക്കെ ഗുഗിൾ വാനിൽ ഘടിപ്പിക്കും.
അതിനിടെ സ്വയം ഓടുന്ന കാറുകളുടെ സാങ്കേതികവിദ്യ ലൈൻസൻസ് വ്യവസ്ഥയിൽ ലഭ്യമാക്കില്ലെന്ന് ആൽഫബെറ്റ് വ്യക്തമാക്കുന്നുണ്ട്. അതേസമയം സ്വയം ഓടുന്ന മിനിവാൻ നിർമിച്ചു വിൽക്കാനും കമ്പനിക്കു പരിപാടിയില്ല.
 

Your Rating: