Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ജീപ്പ് കോംപസ്’ നിർമാണം ഇന്ത്യയിലും

jeep-compass Jeep Compass

ഫിയറ്റ് ക്രൈസ്‌ല‌ർ ഓട്ടമൊബീൽസി(എഫ് സി എ)ന്റെ പുത്തൻ കോംപാക്ട് എസ് യു വിയായ ‘ജീപ് കോംപസ്’ പുണെയ്ക്കടുത്ത് രഞ്ജൻഗാവിലുള്ള ശാലയിലും നിർമിക്കാൻ കമ്പനി ഒരുങ്ങുന്നു. ആഗോളതലത്തിൽ ചൈന, ബ്രസീൽ, മെക്സിക്കോ എന്നീ രാജ്യങ്ങളിലും ‘2017 ജീപ്പ് കോംപസ്’ നിർമിക്കാൻ എഫ് സി എയ്ക്കു പദ്ധതിയുണ്ട്. ആഗോളതലത്തിൽ തന്നെ സുപ്രധാനവും വളർച്ചയേറിയതുമായ വിഭാഗത്തിലേക്കാണ് ‘2017 ജീപ്പ് കോംപസ്’ രംഗപ്രവേശം ചെയ്യുന്നതെന്ന് എഫ് സി എ ഗ്ലോബലിൽ ജീപ്പ് ബ്രാൻഡ് മേധാവിയായ മൈക്ക് മാൻലി അഭിപ്രായപ്പെട്ടു.

ഫോർ ബൈ ഫോർ ഓഫ് റോഡ് ശേഷി, കിടയറ്റ ഓൺ റോഡ് ഡ്രൈവിങ് ഡൈനമിക്സ്, ഇന്ധനക്ഷമതയേറിയ പവർ ട്രെയ്ൻ, അത്യാധുനിക സാങ്കേതികവിദ്യയും സുരക്ഷാ സംവിധാനങ്ങളുമെല്ലാം സഹിതമാണ് പ്രീമിയം, യഥാർഥ ‘ജീപ്പ്’ രൂപകൽപ്പനയുടെ പിൻബലമുള്ള ‘2017 കോംപസി’ന്റെ വരവെന്ന് അദ്ദേഹം വിശദീകരിച്ചു. ‘സ്മോൾ വൈഡ് ആർക്കിടെക്ചർ’ പ്ലാറ്റ്ഫോമിൽ വികസിപ്പിച്ച ‘കോംപസി’ൽ മുൻ — പിൻ സ്ട്രട്ട് സംവിധാനത്തിൽ ഫ്രീക്വൻസി സെലക്ടീവ് ഡാംപിങ് സഹിതം സ്വതന്ത്ര സസ്പെൻഷനും കൃത്യതയാർന്ന ഇലക്ട്രിക് പവർ സ്റ്റീയറിങ്ങും എഫ് സി എ വാഗ്ദാനം ചെയ്യുന്നുണ്ട്. അടുത്ത വർഷം മധ്യത്തോടെ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുമെന്ന പ്രതീക്ഷിക്കുന്ന ‘2017 ജീപ്പ് കോംപസ്’ മൂന്നു വകഭേദങ്ങളിലാണു വിപണിയിലുണ്ടാവുക. മൂന്നു പെട്രോളും രണ്ടു ഡീസലുമടക്കം മൊത്തം അഞ്ച് എൻജിൻ സാധ്യതകളാണ് ആഗോളതലത്തിൽ ‘കോംപസി’ൽ പ്രതീക്ഷിക്കുന്നത്. എന്നാൽ ഇന്ത്യയിൽ പെട്രോളും ഡീസലുമായി ഓരോ പവർട്രെയ്നും മാനുവൽ, ഓട്ടമാറ്റിക് ട്രാൻസ്മിഷൻ സാധ്യതകളുമാണു ലഭ്യമാവുക.

‘കോംപസി’നു പുറമെ ‘ചെറോക്കീ’, ‘ഗ്രാൻഡ് ചെറോക്കീ’, ‘റെനെഗെഡ്’, ‘റാംഗ്ലർ’, ‘റാംഗ്ലർ അൺലിമിറ്റഡ്’ എന്നവിയാണു ജീപ്പ് ശ്രേണിയിൽ നിലവിൽ എഫ് സി എ വിൽപ്പനയ്ക്കെത്തിക്കുന്നത്. നോർത്ത് അമേരിക്കയ്ക്കു പുറത്തു വിൽക്കുന്ന ‘ജീപ്പു’കൾ ലെഫ്റ്റ് ഹാൻഡ്, റൈറ്റ് ഹാൻഡ് ഡ്രൈവ് കോൺഫിഗറേഷനുകളിൽ ലഭ്യമാണ്. പെട്രോളിനു പുറമെ ഡീസൽ എൻജിൻ സഹിതവും വിദേശ വിപണികളിൽ ‘ജീപ്പ്’ വിൽപ്പനയ്ക്കുണ്ട്. നിലവിൽ വിദേശ നിർമിത ‘ജീപ്പ് റാംഗ്ലർ’, ‘ജീപ്പ് ഗ്രാൻഡ് ചെറോക്കീ’ എന്നിവ ഇറക്കുമതി വഴിയാണ് എഫ് സി എ ഇന്ത്യയിൽ വിൽക്കുന്നത്.  

Your Rating: