Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ നിർമിത സ്പോർട്സ് കാറുമായി ഛബ്രിയ; വില 36 ലക്ഷം

DC Avanti ഡി സി അവന്തി

കാർ രൂപകൽപ്പനാ രംഗത്തെ പ്രമുഖനായ ദിലിപ് ഛബ്രിയ രാജ്യത്തെ ആദ്യ സ്പോർട്സ് കാറായ ‘ഡി സി അവന്തി’ അനാവരണം ചെയ്തു. വേഗത്തെ പ്രണയിക്കുന്ന യുവതലമുറയ്ക്കായി സാക്ഷാത്കരിച്ച ആദ്യ ഇന്ത്യൻ നിർമിത സ്പോർട്സ് കാറിന് 35.93 ലക്ഷം രൂപയാണു പുണെയിലെ ഷോറൂമിൽ വില. ഇന്ത്യൻ നിർമിത സ്പോർട്സ് കാറിനായി ഛബ്രിയ മുമ്പും പരീക്ഷണങ്ങൾ പലതു നടത്തിയിരുന്നെങ്കിലും കഴിഞ്ഞ ഓട്ടോ എക്സ്പോയിലാണ് ‘അവന്തി’ ഔപചാരികമായി കാർ പ്രേമികൾക്കു മുന്നിലെത്തിയത്.

ഇന്ത്യൻ നിരത്തുകൾക്കും ആരാധകർക്കുമായി ഇന്ത്യയിൽ രൂപകൽപ്പന ചെയ്തു വികസിപ്പിച്ച ആദ്യ സ്പോർട്സ് കാർ സമർപ്പിക്കുന്നതിൽ അഭിമാനമുണ്ടെന്നു ഡി സി ഡിസൈൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഛബ്രിയ വ്യക്തമാക്കി. യുവജനങ്ങളുടെ മോഹസാക്ഷാത്കാരമായാണു ‘ഡി സി അവന്തി’യുടെ വരവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സാധാരണ നിലയിൽ സ്പോർട്സ് കാറുകളുടെ വില താങ്ങാൻ യുവതലമുറയ്ക്കു കഴിയാറില്ല; എന്നാൽ ഈ പരിമിതി മറികടന്നാണ് ‘അവന്തി’യുടെ വരവെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

കാർബൺ ഫൈബർ ബോഡി ഷെല്ലുള്ള ‘അവന്തി’ക്കു ഭാരം കുറഞ്ഞ സ്പേസ് ഫ്രെയിം ഷാസിയാണുള്ളത്. കാറിനു കരുത്തേകുന്നതാവട്ടെ ഫ്രഞ്ച് നിർമാതാക്കളായ റെനോയുടെ സ്പോർട്സ് എൻജിൻസ് ഡിവിഷനിൽ നിന്നു കടമെടുത്ത രണ്ടു ലീറ്റർ, ടർബോ ചാർജ്ഡ് പെട്രോൾ എൻജിനാണ്. പരമാവധി 248 ബി എച്ച് പി കരുത്തും 340 എൻ എം ടോർക്കും സൃഷ്ടിക്കുന്ന, മലിനീകരണനിയന്ത്രണത്തിൽ യൂറോ അഞ്ച് നിലവാരം പുലർത്തുന്ന എൻജിനു കൂട്ടായി ആറു സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമുണ്ട്. 4,550 എം എം നീളമുള്ള റിയർ വീൽ ഡ്രൈവ് ലേ ഔട്ടുള്ള കാറിന് 1,965 എം എം വീതിയും 1,200 എം എം ഉയരവുമുണ്ട്.

നിശ്ചലാവസ്ഥയിൽ നിന്നു മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കാൻ വെറും ആറു സെക്കൻഡ് മതിയെന്നു ഛബ്രിയ അവകാശപ്പെടുന്ന കാറിന്റെ പരമാവധി വേഗം മണിക്കൂറിൽ 180 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ചുവപ്പ്, വെള്ള, വെള്ളി നിറങ്ങളിലാണു കാർ വിൽപ്പനയ്ക്കുണ്ടാവുക. കൂടാതെ ഉടമയുടെ ഇഷ്ടാനുസരണമുള്ള നിറങ്ങളിലും ‘ഡി സി അവന്തി’ ലഭ്യമാക്കുമെന്നാണു ഛബ്രിയയുടെ വാഗ്ദാനം.

പുണെയ്ക്കടുത്ത് ചിഞ്ച്വാഡിൽ 150 കോടി രൂപ ചെലവിൽ ‘അവന്തി’ക്കായി സ്ഥാപിച്ച താൽക്കാലിക അസംബ്ലി ലൈനിന്റെ വാർഷിക ഉൽപ്പാദന ശേഷി 1,200 യൂണിറ്റാണെന്നു ഛബ്രിയ അറിയിച്ചു. ആദ്യ വർഷം 600 യൂണിറ്റ് നിർമിക്കാനാണു ലക്ഷ്യമിട്ടിരിക്കുന്നത്. ഉൽപ്പാദനത്തിൽ പകുതിയും യു കെയിലേക്കു കയറ്റുമതിക്കുള്ളതാണെന്നും അദ്ദേഹം വെളിപ്പെടുത്തി. അടുത്ത വർഷത്തോടെ തലേഗാവിൽ പുതിയ നിർമാണശാല പ്രവർത്തനസജ്ജമാവുമെന്നും അദ്ദേഹം അറിയിച്ചു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.