Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യു എം — ലോഹിയയുടെ ക്രൂസർ ഫെബ്രുവരിയിൽ

um-motorcycles-renegade

യു എസ് ആസ്ഥാനമായ യു എം മോട്ടോർ സൈക്കിൾസിൽ നിന്നുള്ള ആദ്യ ബൈക്ക് ഫെബ്രുവരിയിൽ ഡൽഹിയിൽ നടക്കുന്ന ഓട്ടോ എക്സ്പോയിൽ അനാവരണം ചെയ്യുമെന്നു പങ്കാളിയായ ലോഹിയ ഓട്ടോ ഇൻഡസ്ട്രീസ്. ക്രൂസർ വിഭാഗത്തിൽപെട്ട ബൈക്കാവും ഇന്ത്യൻ വിപണിക്കായി ആദ്യം പുറത്തിറക്കുകയെന്നും കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ആയുഷ് ലോഹിയ അറിയിച്ചു.

ഇന്ത്യയിലേക്കു പ്രവർത്തനം വ്യാപിപ്പിക്കാനായി യു എം മോട്ടോർ സൈക്കിൾസും ലോഹിയ ഓട്ടോയും ചേർന്നു 2014 സെപ്റ്റംബറിലാണു തുല്യ പങ്കാളിത്തത്തോടെ പുതിയ സംയുക്ത സംരംഭം രൂപീകരിച്ചത്. യു എം ശ്രേണിയിൽ നിന്ന് 300 സി സി മുതൽ 500 സി സി വരെ എൻജിൻ ശേഷിയുള്ള ബൈക്കുകൾ ഇന്ത്യയിൽ നിർമിച്ചു വിൽക്കാനാണു പദ്ധതി. മൊത്തം 100 കോടി രൂപയുടെ മുതൽമുടക്കാണ് സംയുക്ത സംരംഭത്തിന്റെ ആദ്യ ഘട്ടത്തിനു പ്രതീക്ഷിക്കുന്നത്.

ലോഹിയ ഓട്ടോയ്ക്ക് ഉത്തരാഖണ്ഡിലെ കാശിപൂരിലുള്ള നിർമാണശാലയാണു സംയുക്ത സംരംഭത്തിനായി പ്രയോജനപ്പെടുത്തുക. ഒരു ലക്ഷം ഇരുചക്രവാഹനങ്ങളും 40,000 ത്രിചക്ര വാഹനങ്ങളുമാണ് ഈ ശാലയുടെ വാർഷിക ഉൽപ്പാദനശേഷി. പ്രതിവർഷം 600 കോടി രൂപ വിറ്റുവരവുള്ള ലോഹിയ ഗ്രൂപ്പിൽ പെട്ട ലോഹിയ ഓട്ടോ ഇൻഡസ്ട്രീസ് നിലവിൽ ഡീസൽ എൻജിനുള്ള ത്രിചക്ര വാഹനങ്ങളും ഇ റിക്ഷകളുമാണു വിൽപ്പനയ്ക്കെത്തിക്കുന്നത്. ‘ഫെയിം’, ‘ഓമസ്റ്റാർ’, ‘ജീനിയസ്’ എന്നീ വൈദ്യുത ഇരുചക്രവാഹനങ്ങളും ഡീസൽ എൻജിനുള്ള ഓട്ടോറിക്ഷയായ ‘ഹംസഫറും’ വൈദ്യുത റിക്ഷയായ ‘ഹംരാഹി’യുമടങ്ങുന്നതാണു ലോഹിയ ഓട്ടോ ഇൻഡസ്ട്രീസിന്റെ ഉൽപന്ന ശ്രേണി.

ദക്ഷിണേന്ത്യയിലേക്കു പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കമ്പനി ആന്ധ്ര പ്രദേശിലും തെലങ്കാനയിലും അഞ്ചു ഡീലർഷിപ്പുകൾ തുറന്നു. മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലായി മൊത്തം 50 പുതിയ ഡീലർഷിപ്പുകൾ തുറക്കുമെന്നും ആയുഷ് ലോഹിയ അറിയിച്ചു.

ഇരുചക്രവാഹനങ്ങൾക്കു ബദലായി ചെലവു കുറഞ്ഞതും മലിനീകരണ വിമുക്തവുമായ യാത്രാസാധ്യതയാണു കമ്പനിയുടെ ഇ സ്കൂട്ടറുകൾ നൽകുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. കിലോമീറ്ററിന് 10 പൈസ മാത്രം പ്രവർത്തന ചെലവുള്ള ഇ സ്കൂട്ടറുകൾക്ക് 28,000 മുതൽ 41,000 രൂപ വരെയാണു വില. പോരെങ്കിൽ വിവിധ സബ്സിഡികളും ഇ സ്കൂട്ടറുകൾക്കു ബാധകമാണ്.

യാത്രക്കാരെയും ചരക്കുകളും കയറ്റാൻ പറ്റുന്ന ഇ റിക്ഷ മോഡലുകളുടെ വില 1.15 ലക്ഷം രൂപ മുതലാണ്. യാത്രക്കാരെ കയറ്റാനുള്ള ‘ഹംസഫർ’ 1.71 ലക്ഷം രൂപയ്ക്കും ചരക്കു നീക്കത്തിനുള്ള റിക്ഷ 1.66 ലക്ഷം രൂപയ്ക്കുമാണു കമ്പനി വിൽക്കുന്നതെന്നു ലോഹിയ അറിയിച്ചു. പരിപാലന ചെലവിൽ ഗണ്യമായ ലാഭം വാഗ്ദാനം ചെയ്യുന്ന ഇ റിക്ഷകൾക്കു രണ്ടു വർഷത്തെ വാറന്റിയും വാഗ്ദാനമുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.