Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാഹന വിപണനം ശക്തമാക്കാൻ ഫ്ളിപ്കാർട്ട്

flipkart-carshop

ഇ കൊമേഴ്സ് സംരംഭമായ ഫ്ളിപ്കാർട്ടും വാഹനങ്ങളും അനുബന്ധ സാമഗ്രികളും ഓൺലൈൻ വ്യവസ്ഥയിൽ വിൽക്കാൻ തയാറെടുക്കുന്നു. വരുമാനം വർധിപ്പിക്കാനും ലാഭം ഉയർത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണു ഫ്ളിപ്കാർട്ട് എതിരാളികളായ സ്നാപ്ഡീലിന്റെ പാത പിന്തുടരാൻ ഒരുങ്ങുന്നത്. ഓൺലൈൻ പ്ലാറ്റ്ഫോം വഴി മോട്ടോർ സൈക്കിളുകളും സ്കൂട്ടറുകളും കാറും മാത്രമല്ല സ്പെയർപാർട്സും വിൽപ്പനാന്തര സേവനവുമൊക്കെ ലഭ്യമാക്കാനാണു ബെംഗളൂരു ആസ്ഥാനമായ കമ്പനിയുടെ നീക്കം. വാഹന വിൽപ്പനയിലേക്കു കടക്കുന്നതോടെ ഫ്ളിപ്കാർട്ടിന്റെ മത്സരം രാജ്യത്തെ പ്രമുഖ ഓൺലൈൻ റീട്ടെയ്ൽ പോർട്ടലുകളായ ആമസോണിനോടും സ്നാപ്ഡീലിനോടും മാത്രമല്ല കാർ ദേഖോയോടും കാർ ട്രേഡിനോടും കൂടിയാവും. ഡെലിവറിക്കുള്ള കാലതാമസം ഒഴിവാക്കിയും വിലയിൽ സുതാര്യത ഉറപ്പാക്കിയുമൊക്കെ ഈ മേഖലയിൽ മികവു കാട്ടാൻ കഴിയുമെന്നാണു കമ്പനിയുടെ പ്രതീക്ഷയെന്ന് ഫ്ളിപ്കാർട്ട് വൈസ് പ്രസിഡന്റ്(ഇലക്ട്രോണിക്സ് ആൻഡ് ഓട്ടമൊബീൽസ്) ആദർശ് മേനോൻ വിശദീകരിക്കുന്നു.

രാജ്യത്തെ മൊത്തം 5000 കോടി ഡോളർ(ഏകദേശം 3.37 ലക്ഷം കോടി രൂപ)വില മതിക്കുന്ന വാഹനങ്ങൾ വിറ്റഴിയുന്നുണ്ടെന്നാണു കണക്ക്; ഈ വിൽപ്പന ഏറെക്കുറെ പൂർണമായി തന്നെ വാഹന ഡീലർഷിപ്പുകൾ വഴിയാണ്. അതേസമയം, വിവിധ ഓൺലൈൻ പോർട്ടലുകളിൽ നിന്നുള്ള സൂചനകൾ നിലവിൽ വാഹനവ്യാപാരികൾ പ്രയോജനപ്പെടുത്തുന്നുണ്ട്.വാഹന വ്യാപാര മേഖലയിൽ പ്രവേശിക്കുന്നതിനു മുന്നോടിയായി ഫ്ളിപ്കാർട്ട്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, കാവസാക്കി, ടി വി എസ് മോട്ടോഴ്സ് തുടങ്ങിയ നിർമാതാക്കളുമായി ചർച്ച നടത്തിയിരുന്നു. മഹീന്ദ്രയുടെ പുതിയ മോഡലായ ‘കെ യു വി 100’ എസ് യു വിക്ക് ഈ മാസം ആദ്യം വരെ ഓൺലൈൻ — ഓഫ്ലൈൻ വ്യവസ്ഥയിൽ മൊത്തം 21,000 ബുക്കിങ് ലഭിച്ചിരുന്നു. ടെലിവിഷനും ഗൃഹോപകരണങ്ങളും പോലുള്ള സാധനങ്ങളിൽ നിന്നു വ്യത്യസ്തമായി ഡെലിവറിയുടെ തലവേദന കൂടാതെ വിലയുടെ രണ്ടു ശതമാനത്തോളം കമ്മിഷൻ ലഭിക്കുമെന്നതാണ് ഓൺലൈൻ പോർട്ടലുകളെ വാഹന വിൽപ്പനയിലേക്ക് ആകർഷിക്കുന്നതെന്നാണു സൂചന.

ഫ്ളിപ്കാർട്ടിന്റെ വരവ് മുൻകൂട്ടി തിരിച്ചറിഞ്ഞാവണം എതിരാളികളായ സ്നാപ്ഡീൽ കഴിഞ്ഞ നവംബറിൽ തന്നെ സ്നാപ്ഡീൽ മോട്ടോഴ്സ് എന്ന പേരിൽ വാഹന വ്യാപാരത്തിനായി പ്രത്യേക പ്ലാറ്റ്ഫോം ആരംഭിച്ചിരുന്നു. ഇതോടെ വാഹന വിൽപ്പനയിൽ 20 ഇരട്ടി വളർച്ച രേഖപ്പെടുത്തുന്നുണ്ടെന്നാണു ഡൽഹി ആസ്ഥാനമായ സ്നാപ്ഡീലിന്റെ അവകാശവാദം. രണ്ടു വർഷത്തിനകം വാഹന വ്യാപാരത്തിൽ നിന്ന് 200 കോടി ഡോളർ(13482 കോടിയോളം രൂപ) വരുമാനം നേടാനാവുമെന്നും കമ്പനി കണക്കുകൂട്ടുന്നു. കഴിഞ്ഞ മാസം മുതലാണ് ആമസോൺ ഇന്ത്യ ഓട്ടോ, ഓട്ടോ അക്സസറി വിഭാഗങ്ങളിലേക്കു പ്രവർത്തനം വ്യാപിപ്പിച്ചത്. നിലവിൽ 22,000 ഉൽപന്നങ്ങളാണ് ആമസോൺ സൈറ്റിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. ഓട്ടോ അക്സസറി, ഓട്ടോ ഇലക്ട്രോണിക്സ് മേഖലയിൽ 10 ശതമാനത്തിലേറെ വളർച്ച കൈവരിക്കാനാണു സ്നാപ്ഡീൽ ലക്ഷ്യമിട്ടിരിക്കുന്നത്. കൂടാതെ പ്രീമിയം ഇരുചക്രവാഹന വിഭാഗം വിൽപ്പനയുടെ രണ്ടു ശതമാനം സ്വന്തമാക്കാനും കമ്പനിക്കു മോഹമുണ്ട്.

Your Rating: