Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫോഡ് ആസ്പയറിനു കൂട്ടായി ഫർഹാൻ അക്തർ

Ford Aspire

അടുത്തു തന്നെ വിൽപ്പനയ്ക്കെത്തുന്ന കോംപാക്ട് സെഡാനായ ‘ആസ്പയറി’ന്റെ ബ്രാൻഡ് അംബാസഡറായി ഫോഡ്, ബഹുമുഖ പ്രതിഭയായ ഫർഹാൻ അക്തറിനെ നിയോഗിച്ചു. ഹിന്ദി ചലച്ചിത്ര ലോകത്ത് സംവിധായകനും തിരക്കഥാകൃത്തും നിർമാതാവും അഭിനേതാവും പിന്നണി ഗായകനും ഗാനരചയിതാവുമൊക്കെയായി തിളങ്ങുന്ന അക്തർ വിവിധ ടിവി ചാനലുകളിൽ അവതാരകവേഷത്തിലും മികവു തെളിയിച്ചിട്ടുണ്ട്.

ഗുജറാത്തിലെ സാനന്ദിൽ 100 കോടി ഡോളർ(ഏകദേശം 6300 കോടി രൂപ) ചെലവിൽ സ്ഥാപിച്ച കാർ നിർമാണശാലയുടെ ഉദ്ഘാടന വേളയിലാണു ഫോഡ് ‘ആസ്പയർ’ അനാവരണം ചെയ്തത്. 1.5 ലീറ്റർ ടി ഡി സി ഐ ഡീസൽ, 1.2 ലീറ്റർ ടി ഐ വി സി ടി പെട്രോൾ എൻജിനുകളോടെയാവും കാർ ലഭ്യമാവുക. വില നിയന്ത്രിക്കാനാവില്ലെന്ന കാരണത്താൽ ഈ കാറിൽ ഒരു ലീറ്റർ ഇകോ ബൂസ്റ്റ് പെട്രോൾ ഘടിപ്പിക്കാനുള്ള പദ്ധതി ഫോഡ് ഉപേക്ഷിച്ച മട്ടാണ്.

അതേസമയം കാറിലെ പെട്രോൾ എൻജിൻ ഇന്ധനക്ഷമതയിൽ പുതിയ നിലവാരം സൃഷ്ടിക്കുമെന്നാണു നിർമാതാക്കളുടെ അവകാശവാദം. അരങ്ങൊഴിയുന്ന ‘ഫിഗൊ’യ്ക്കു കരുത്തേകിയിരുന്ന 1.2 ലീറ്റർ സിഗ്മ എൻജിനാണ് ‘ആസ്പയറി’ൽ ഇടംപിടിക്കുന്നത്. പക്ഷേ നാല് വാൽവ് ഹെഡ്ഡും വേരിയബിൾ ടൈമിങ്ങോടെയുള്ള ഇരട്ട കാംഷാഫ്റ്റുമൊക്കെയായി ഫോഡ് ഈ എൻജിനെ അടിമുടി ഉടച്ചുവാർത്തിട്ടുണ്ട്. ‘ഫിയസ്റ്റ’യിലും ‘ഇകോ സ്പോർട്ടി’ലുമൊക്കെയുള്ള ഡീസൽ എൻജിൻ തന്നെയാവും ‘ആസ്പയറി’നും കരുത്തേകുക.

ഈ കോംപാക്ട് സെഡാനു പിന്നാലെ വർഷം അവസാനിക്കുംമുമ്പു പുതിയ ‘ഫിഗൊ’ ഹാച്ച്ബാക്ക് പുറത്തിറക്കാനും ഫോഡിനു പദ്ധതിയുണ്ട്. ‘ആസ്പയറി’ലെ എൻജിൻ സാധ്യതകൾ തന്നെയാവും പുതിയ ‘ഫിഗൊ’യിലും ഇടംപിടിക്കുകയെന്നാണു സൂചന.