Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഫിഗൊ’യുടെ ‘ട്രെൻഡി’ലും ഇനി എ ബി എസും ഇ ബി ഡിയും

figo-aspire

ഹാച്ച്ബാക്കായ ‘ഫിഗൊ’യുടെയും എൻട്രി ലവൽ സെഡാനായ ‘ആസ്പയറി’ന്റെയും ‘ട്രെൻഡ്’ വകഭേദത്തിൽ ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനവും (എ ബി എസ്) ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷനും(ഇ ബി ഡി) ലഭ്യമാക്കാൻ യു എസ് നിർമാതാക്കളായ ഫോഡ് ഇന്ത്യ തീരുമാനിച്ചു. ഇതുവരെ മുന്തിയ വകഭേദങ്ങളായ ‘ടൈറ്റാനിയ’ത്തിലും ‘ടൈറ്റാനിയം പ്ലസി’ലും മാത്രമാണു മെച്ചപ്പെട്ട സുരക്ഷ ഉറപ്പാക്കുന്ന എ ബി എസും ഇ ബി ഡിയും ലഭ്യമായിരുന്നത്.

ആഗോളതലത്തിലെന്ന പോലെ ഇന്ത്യയിലും കാറുകളുടെ സുരക്ഷയ്ക്ക് വിപണി കൂടുതൽ പരിഗണന നൽകി തുടങ്ങിയതാവണം ഫോഡിനെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിച്ചത്. മാത്രമല്ല, എല്ലാ കാറുകളുടെയും എല്ലാ വകഭേദങ്ങളിലും എയർ ബാഗും എ ബി എസും നിർബന്ധമാക്കാൻ കേന്ദ്ര സർക്കാരും ആലോചിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാവണം മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ‘സിയാസി’ന്റെ എല്ലാ വകഭേദത്തിലും ഐസോഫിക്സ് മൗണ്ടുകൾ സ്റ്റാൻഡേഡ് വ്യവസ്ഥയിൽ ലഭ്യമാക്കിയിരുന്നു.

ജർമൻ നിർമാതാക്കളായ ഫോക്സ്വാഗൻ ഹാച്ച്ബാക്കായ ‘പോളോ’യുടെയും സെഡാനായ ‘വെന്റോ’യുടെയും എല്ലാ വകഭേദത്തിലും എ ബി എസും മുന്നിൽ ഇരട്ട എയർ ബാഗുകളും ഘടിപ്പിക്കാൻ ഈയിടെ തീരുമാനിച്ചിരുന്നു. ഫോഡാവട്ടെ ഇന്ത്യയിൽ വിൽക്കുന്ന എല്ലാ കാറുകളിലും ഡ്രൈവറുടെ ഭാഗത്ത് എയർബാഗ് ലഭ്യമാക്കുന്നുണ്ട്. ‘ഫിഗൊ’യ്ക്കും ‘ആസ്പയറി’നും പുറമെ കോംപാക്ട് എസ് യു വിയായ ‘ഇകോസ്പോർട്’, എസ് യു വിയായ ‘എൻഡേവർ’, ‘മസ്താങ്’ എന്നിവയാണു ഫോഡ് ഇന്ത്യയിൽ വിൽക്കുന്നത്.  

Your Rating: