Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാഹന കയറ്റുമതിക്കു കുതിപ്പേകി ഫോഡും ജി എമ്മും

Ford

നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ ഇന്ത്യയിൽ നിന്നുള്ള യാത്രാവാഹന കയറ്റുമതിയിൽ 15.38% വളർച്ച. ജാപ്പനീസ്, കൊറിയൻ നിർമാതാക്കൾ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവയ്ക്കാത്ത സാഹചര്യത്തിൽ യു എസിൽ നിന്നുള്ള ഫോഡും ജനറൽ മോട്ടോഴ്സു(ജി എം)മാണ് ഈ രംഗത്തു തകർപ്പൻ നേട്ടം കൊയ്യാൻ സഹായിച്ചത്. ഇന്ത്യൻ വാഹന നിർമാതാക്കളുടെ സൊസൈറ്റി(സയാം)യുടെ കണക്കനുസരിച്ച് ഏപ്രിൽ — സെപ്റ്റംബർ കാലത്ത് 3,67,110 യാത്രാവാഹനങ്ങളാണ് ഇന്ത്യയിൽ നിന്നു കയറ്റുമതി ചെയ്തത്. 2015 — 16ന്റെ ആദ്യ പകുതിയിലെ കയറ്റുമതിയാവട്ടെ 3,18,188 വാഹനങ്ങളായിരുന്നു.

അതേസമയം, കയറ്റുമതി ചെയ്ത വാഹനങ്ങളുടെ എണ്ണത്തിൽ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യയാണു മുന്നിൽ: മുൻവർഷം ഇതേ കാലത്തെ അപേക്ഷിച്ച് 2.01% വളർച്ചയോടെ 87,499 യൂണിറ്റായിരുന്നു കമ്പനിയുടെ കയറ്റുമതി. കയറ്റുമതി കണക്കെടുപ്പിൽ രണ്ടാം സ്ഥാനത്തു ഫോഡ് ഇന്ത്യയാണ്. 2015 — 16ന്റെ ആദ്യ പകുതിയെ അപേക്ഷിച്ച് 32.25% വളർച്ചയോടെ 73,821 വാഹനങ്ങളാണു കമ്പനി കയറ്റുമതി ചെയ്തത്. ഇതേ കാലയളവിൽ ആഭ്യന്തര വിപണിയിൽ 46,422 യൂണിറ്റ് മാത്രമാണു കമ്പനി വിറ്റത് എന്നതും ശ്രദ്ധേയമാണ്. ആഭ്യന്തര വിൽപ്പനയിൽ മുന്നിലുള്ള മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിനാവട്ടെ കയറ്റുമതിയിൽ ചുവടിടറി. 2015 — 16ന്റെ ആദ്യ പകുതിയെ അപേക്ഷിച്ച് 7.87% ഇടിവോടെ 60,526 യൂണിറ്റിന്റെ കയറ്റുമതിയുമായാണു കമ്പനി മൂന്നാം സ്ഥാനത്തെത്തിയത്.
നാലാം സ്ഥാനത്തുള്ള ജാപ്പനീസ് നിർമാതാക്കളായ നിസ്സാൻ മോട്ടോർ ഇന്ത്യയുടെ കയറ്റുമതിയിലും 7.81% ഇടിവു നേരിട്ടു. 49,611 യൂണിറ്റാണു കമ്പനി കഴിഞ്ഞ ഏപ്രിൽ — സെപ്റ്റംബർ കാലത്തു കയറ്റുമതി ചെയ്തത്.

കയറ്റുമതിയിൽ 863.74% വളർച്ച രേഖപ്പെടുത്തിയ ജനറൽ മോട്ടോഴ്സ് ഇന്ത്യയാണ് അമ്പരപ്പിക്കുന്ന പ്രകടനം പുറത്തെടുത്തത്. 30,647 യൂണിറ്റാണു കഴിഞ്ഞ ഏപ്രിൽ — സെപ്റ്റംബർ കാലത്ത് കമ്പനി കയറ്റുമതി ചെയ്തത്. ഇതേകാലയളവിൽ 28.01% ഇടിവോടെ 12,059 വാഹനം മാത്രമാണു കമ്പനി ആഭ്യന്തര വിപണിയിൽ വിറ്റത്. ജർമൻ നിർമാതാക്കളായ ഫോക്സ്‍‌വാഗൻ ആഭ്യന്തര വിപണിയിൽ വിറ്റതിലേറെ വാഹനങ്ങൾ കയറ്റുമതി ചെയ്തു. മുൻവർഷം ഇതേ കാലത്തെ അപേക്ഷിച്ച് 19.28% വർധനയോടെ 43,114 യൂണിറ്റാണ് ഏപ്രിൽ — സെപ്റ്റംബർ കാലത്ത് കമ്പനി കയറ്റുമതി ചെയ്തത്; എന്നാൽ ആഭ്യന്തര വിൽപ്പനയാവട്ടെ 0.45% ഇടിവോടെ 23,329 യൂണിറ്റായി കുറയുകയും ചെയ്തു.

Your Rating: