Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവേക് ശ്രീവത്സ ടാറ്റ വിപണന വിഭാഗം മേധാവി

Tata Motors

ഇന്ത്യൻ യാത്രാവാഹന നിർമാതാക്കളിൽ ആറാം സ്ഥാനത്തുള്ള ടാറ്റ മോട്ടോഴ്സിന്റെ പാസഞ്ചർ വെഹിക്കിൾ ബിസിനസ് യൂണിറ്റിന്റെ വിപണന വിഭാഗത്തെ നയിക്കാൻ മാരുതി സുസുക്കി പ്രോഡക്ട് ഗ്രൂപ് മേധാവി(മാർക്കറ്റിങ്)യായിരുന്ന വിവേക് ശ്രീവത്സ എത്തുന്നു. കഴിഞ്ഞ ഏപ്രിലിൽ സ്വന്തം സംരംഭം സ്ഥാപിക്കാനായി കമ്പനി വിട്ട ഡെൽന അവ്രിയുടെ പകരക്കാരനായി ടാറ്റ മോട്ടോഴ്സ് വിപണന വിഭാഗം മേധാവി (പാസഞ്ചർ വെഹിക്കിൾ) ആയിട്ടാണു ശ്രീവത്സയുടെ നിയമനം. മാരുതി സുസുക്കിയിലെത്തുംമുമ്പ് ഫ്രഞ്ച് നിർമാതാക്കളായ റെനോയുടെ മാർക്കറ്റിങ് ഡയറക്ടർ(മിഡിൽ ഈസ്റ്റ്) ആയിരുന്നു ശ്രീവത്സ. ഒരു കൊല്ലത്തോളം ഈ ചുമതലയിൽ തുടർന്നപ്പോൾ ദുബായ് ആസ്ഥാനമായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനം. 2010 നവംബർ മുതൽ 2015 ഏപ്രിൽ വരെ റെനോ ഇന്ത്യ ഓപ്പറേഷൻസിന്റെ വിപണന വിഭാഗം മേധാവിയുമായിരുന്നു ശ്രീവത്സ. 

ടാറ്റ മോട്ടോഴ്സിന്റെ പാസഞ്ചർ വെഹിക്കിൾ ബിസിനസ് യൂണിറ്റ് പ്രസിഡന്റായ മയങ്ക് പരീക്കിനൊപ്പം പ്രവർത്തിച്ച പരിചയവും ശ്രീവത്സയ്ക്കുണ്ട്. രണ്ടു പതിറ്റാണ്ടിലേറെ മാരുതി സുസുക്കിക്കൊപ്പം തുടർന്നു വിപണന, വിൽപ്പന വിഭാഗം മേധാവിയും ചീഫ് ഓപ്പറേറ്റിങ് ഓഫിസറുമൊക്കെയായിരുന്ന പരീക്ക് 2014 സെപ്റ്റംബറിലാണു ടാറ്റ മോട്ടോഴ്സിലെത്തിയത്. അതേസമയം മാർക്കറ്റിങ്, ബ്രാൻഡ് പ്രമോഷൻ, പ്രോഡക്ട് വിഭാഗങ്ങളിലായി മാരുതി സുസുക്കിയിൽ മൂന്നു വർഷം പ്രവർത്തിച്ച ശേഷമാണു 2010 അവസാനമാണു ശ്രീവത്സ കമ്പനിയോടു വിട പറഞ്ഞത്. പരീക്കിനും ശ്രീവത്സയ്ക്കും പുറമെ മാരുതി സുസുക്കിയിൽ നിന്നുള്ള എസ് എൻ ബർമനും ഇപ്പോൾ ടാറ്റ മോട്ടോഴ്സിലുണ്ട്. കഴിഞ്ഞ ഒക്ടോബറിലാണു ബർമൻ വൈസ് പ്രസിഡന്റ് (സെയിൽസ്) ആയി കമ്പനിയിൽ ചേർന്നത്. മാരുതി സുസുക്കിയിൽ കൊമേഴ്സ്യൽ ചാനൽ, പ്രീ ഓൺഡ് കാർ ബിസിനസ്, റൂറൽ ആൻഡ് ഇൻസ്റ്റിറ്റ്യൂഷനൽ സെയിൽസ് തുടങ്ങിയവയുടെ ചുമതലക്കാരനായ വൈസ് പ്രസിഡന്റ് (സെയിൽസ്) ആയിരുന്നു അദ്ദേഹം.

ഇന്ത്യയിലും വിദേശത്തുമായി സുപ്രധാന ചുമതലകൾ പലതും വഹിച്ച ഡെൽന അവരിയാവട്ടെ 2001ലാണു ടാറ്റ മോട്ടോഴ്സിൽ ചേർന്നത്. യൂറോപ്പിൽ ഏരിയ മാനേജരായും തായ്ലൻഡിൽ വൈസ് പ്രസിഡന്റായും അവരി സേവനം അനുഷ്ഠിച്ചു; തായ്ലൻഡിൽ വാണിജ്യ വാഹന വിഭാഗത്തിന്റെ ചുമതലയും അവർക്കായിരുന്നു.‘നാനോ’ പ്രോഡക്ട് ഗ്രൂപ് മേധാവിയെന്ന നിലയിൽ ഈ ചെറുകാറിന്റെ ഇന്ത്യൻ വിപണിയിലെ സ്ഥാനം പുനഃക്രമീകരിക്കുന്നതിൽ അവരി പ്രധാന പങ്കുവഹിച്ചിരുന്നു. ‘വില കുറഞ്ഞ കാർ’ എന്ന പ്രതിച്ഛായയിൽ കുടുങ്ങിയ ‘നാനോ’യ്ക്ക് നഗരത്തിരക്കുകളിൽ അനായാസയാത്ര സാധ്യമാക്കുന്ന ‘സിറ്റി കാർ’ എന്ന രൂപത്തിലേക്കാണു ടാറ്റ മോട്ടോഴ്സ് മാറ്റി പ്രതിഷ്ഠിച്ചത്.
ബ്രാൻഡിന്റെ ഡിജിറ്റൽ രംഗത്തെ മുന്നേറ്റത്തിനു ചുക്കാൻ പിടിച്ചതിനൊപ്പം ടാറ്റ മോട്ടോഴ്സ് ഷോറൂമുകളിലെ ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിലും അവർ ഗണ്യമായ സംഭാവന നൽകി.

ഒപ്പം കഴിഞ്ഞ വർഷം മുതൽ ടാറ്റ മോട്ടോഴ്സിന്റെ കാർ വിപണന ശൃംഖലയായ കോൺകോഡ് മോട്ടോഴ്സിന്റെ ഡയറക്ടറായും അവരി പ്രവർത്തിച്ചിട്ടുണ്ട്. ടാറ്റ അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഗ്രാജ്വേറ്റ് ആയിട്ടാണു 2001ൽ അവരി ടാറ്റ ഗ്രൂപ്പിലെത്തുന്നത്. തുടർന്നു 2002 മുതൽ യു കെയിലും ദക്ഷിണ പൂർവ ഏഷ്യയിലുമൊക്കെ കമ്പനിക്കുള്ള ഉപസ്ഥാപനങ്ങളിൽ അവരി സേവനം അനുഷ്ഠിച്ചു. 2013ൽ പാസഞ്ചർ കാർ ബിസിനസ് യൂണിറ്റ് പ്രസിഡന്റായിരുന്ന രഞ്ജിത് യാദവുമൊത്ത് കാറുകൾക്കായി പ്രത്യേക വിപണന വിഭാഗം സ്ഥാപിച്ചപ്പോഴും അവരി അണിയറയിലുണ്ടായിരുന്നു.