Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫോർമുല വൺ: 2019 ബ്രിട്ടീഷ് ഗ്രാൻപ്രി മുടങ്ങാൻ സാധ്യത

formula-one-logo

ഫോർമുല വൺ ലോക ചാംപ്യൻഷിപ്പിൽ നിന്ന് ബ്രിട്ടീഷ് ഗ്രാൻപ്രി ഒരു വർഷത്തേക്ക് ഒഴിവാകാൻ സാധ്യതയേറുന്നു. 2019ൽ മത്സരം നടത്താൻ സിൽവർസ്റ്റോൺ സർക്യൂട്ട് ഉടമകൾ സന്നദ്ധത പ്രകടിപ്പിച്ചില്ലെങ്കിൽ സീസണിലെ കലണ്ടറിൽ നിന്ന് ബ്രിട്ടീഷ് ഗ്രാൻപ്രി ഉപേക്ഷിക്കേണ്ടി വരുമെന്ന് ഫോർമുല വൺ വാണിജ്യ വിഭാഗം മേധാവി ബെർണി എക്ൽസ്റ്റൻ മുന്നറിയിപ്പ് നൽകി. മത്സര നടത്തിപ്പിന്റെ ലാഭക്ഷമതയെക്കുറിച്ച് സിൽവർസ്റ്റോൺ സർക്യൂട്ട് ഉടമകളായ ബ്രിട്ടീഷ് റേസിങ് ഡ്രൈവേഴ്സ് ക്ലബ്വിന്റെ പ്രസിഡന്റ് അംഗങ്ങൾക്കു മുന്നിറിയിപ്പ് നൽകിയ പശ്ചാത്തലത്തിലാണ് എക്ൽസ്റ്റ(86)ന്റെ പ്രതികരണം.

അതേസമയം ബ്രിട്ടീഷ് ഗ്രാൻപ്രിയെ സ്ഥിരമായി ഒഴിവാക്കാൻ പദ്ധതിയില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു; സാങ്കേതിക പ്രശ്നങ്ങളുടെ പേരിൽ ഒരു വർഷത്തേക്ക് മത്സരനടത്തിപ്പിന് അവധി അനുവദിക്കാനാണത്രെ പദ്ധതി.ബ്രിട്ടനു ഫോർമുല വൺ നഷ്ടപ്പെടുത്താൻ ആഗ്രഹമില്ലെന്ന് എക്ൽസ്റ്റൻ വിശദീകരിച്ചു. അതേസമയം, ഒരു വർഷം ബ്രിട്ടീഷ് ഗ്രാൻപ്രി ഇല്ലാതെ സീസൺ പൂർത്തിയാക്കേണ്ട സാഹചര്യമുണ്ടാവും; തുടർന്നു കാര്യങ്ങൾ സാധാരണനില വീണ്ടെടുക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ഒപ്പം ഇംഗ്ലണ്ടിനു ഫോർമുല വൺ നഷ്ടമാവുന്നതിനെപ്പറ്റി തനിക്ക് ആശങ്കയില്ലെന്നും എക്ൽസ്റ്റൻ വ്യക്മാക്കി. സിൽവർസ്റ്റണിൽ മത്സരം നടക്കാതെ പോകുന്നതിനെക്കുറിച്ചു മാത്രമാണു തനിക്ക് ആകുലത. 2009ൽ ബ്രിട്ടീഷ് ഗ്രാൻപ്രിയുടെ വേദി ഡോണിങ്ടണിലേക്കു മാറ്റാൻ എക്ൽസ്റ്റൻ നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു. അതേസമയം സിൽവർസ്റ്റോണിലെ ട്രാക്ക് ലഭ്യമല്ലാതെ വന്നാൽ ബ്രിട്ടീഷ് ഗ്രാൻപ്രി നടത്താൻ സന്നദ്ധത പ്രകടിപ്പിച്ച് ബ്രാൻഡ്സ്ഹാച്ചും ലണ്ടനും രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ഇതിൽ ഏതെങ്കിലും ട്രാക്കിലേക്ക് മത്സരം മാറ്റുന്നതിനെക്കുറിച്ചു പ്രതികരിക്കാൻ എക്ൽസ്റ്റൻ തയാറായില്ല. അതേസമയം ബ്രിട്ടീഷ് ഗ്രാൻപ്രി സംഘാടനത്തിനു സാമ്പത്തിക സഹായം നൽകാത്ത ബ്രിട്ടീഷ് സർക്കാരിന്റെ നിലപാടിനെ അദ്ദേഹം വിമർശിക്കുകയും ചെയ്തു.  

Your Rating: