Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എഫ് വണ്ണിൽ എക്ൽസ്റ്റൻ യുഗത്തിനു തിരശീല

Bernie Ecclestone Bernie Ecclestone

നാലു പതിറ്റാണ്ടോളമായി ഫോർമുല വൺ കാറോട്ട മത്സരത്തെ അടക്കിവാണ ബെർണി എക്ൽസ്റ്റൻ യുഗത്തിനു തിരശീല വീഴുന്നു. ഫോർമുല വണ്ണിനെ ഏറ്റെടുക്കാനുള്ള നടപടികൾ പുതിയ ഉടമകളായ ലിബർട്ടി മീഡിയ പൂർത്തിയാക്കിയതോടെയാണു വാണിജ്യ വിഭാഗം മേധാവിയായിരുന്ന ബ്രിട്ടീഷുകാരനായ എക്ൽസ്റ്റൻ(86) കളമൊഴിയുന്നത്; അമേരിക്കക്കാരനുമായ ചെയ്സ് കാരിയാവും ഫോർമുല വണ്ണിന്റെ പുതിയ അമരക്കാരൻ. ഫോർമുല വൺ ഏറ്റെടുക്കൽ പൂർത്തിയായ സാഹചര്യത്തിൽ കമ്പനി ചെയർമാനായ കാരി എഫ് വൺ ചീഫ് എക്സിക്യൂട്ടീവായും ചുമതലയേൽക്കുമെന്നായിരുന്നു ലിബർട്ടി മീഡിയയുടെ പ്രഖ്യാപനം. അതേസമയം എക്ൽസ്റ്റനെ ‘ചെയർമാൻ എമിരറ്റസ്’ എന്ന ആലങ്കാരിക പദവി നൽകി നിലനിർത്തിയിട്ടുണ്ട്. ഫോർമുല വൺ ബോർഡിന് ഏതു സമയത്തും എക്ൽസ്റ്റന്റെ ഉപദേശ, നിർദേശങ്ങൾ ലഭ്യമാവുമെന്നും ലിബർട്ടി മീഡിയ വ്യക്തമാക്കുന്നു.

പുതിയ രണ്ടു മാനേജിങ് ഡയറക്ടർമാരെയും ലിബർട്ടി മീഡിയ നിയോഗിച്ചു: മോട്ടോർ സ്പോർട്സിന്റെ ചുമതല ഫെറാരി ടെക്നിക്കൽ ഡയറക്ടറും മെഴ്സീഡിസ് ടീം മേധാവിയുമായിരുന്ന റോസ് ബ്രൗണിനാണ്. വാണിജ്യ പ്രവർത്തനങ്ങളുടെ നേതൃത്വം ഏറ്റെടുക്കുന്നത് ഇ എസ് പി എൻ എക്സിക്യൂട്ടീവായിരുന്ന സീൻ ബ്രാച്ചസ് ആണ്.കഴിഞ്ഞ നാലു പതിറ്റാണ്ടിനിടെ ഫോർമുല വൺ കൈവരിച്ച നേട്ടങ്ങളിലും മുന്നേറ്റത്തിലും ഏറെ അഭിമാനമുണ്ടെന്നായിരുന്നു എക്ൽസ്റ്റന്റെ പ്രതികരണം. കായിക വിനോദത്തിനു ഗുണകരമായ രീതിയിൽ ചെയ്സ് തന്റെ ചുമതല നിർവഹിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഫോർമുല വണ്ണിന്റെ നേതൃത്വം ഇനി കാരി(62)ക്കാവുമെന്നായിരുന്നു ലിബർട്ടി മീഡിയ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ഗ്രെഗ് മാഫൈയുടെ പ്രഖ്യാപനം. ഫോർമുല വണ്ണിനെ 100 കോടി ഡോളർ മൂല്യമുള്ള ബിസിനസ് മേഖലയായി വളർത്തിയ എക്ൽസ്റ്റനോട് അദ്ദേഹം കൃതജ്ഞതയും രേഖപ്പെടുത്തി.

എന്നാൽ കൂടുതൽ വളർച്ചയ്ക്കുള്ള വിപുലമായ സാധ്യതകൾ ഫോർമുല വണ്ണിനെ കാത്തിരിപ്പുണ്ട്. തന്റെ കഴിവും അനുഭവസമ്പത്തും വിനിയോഗിച്ചു ചെയ്സ് കാരി ഈ മുന്നേറ്റം യാഥാർഥ്യമാക്കുമെന്നും മൈഫൈ പ്രതീക്ഷ പ്രകടിപ്പിച്ചു. വായ്പയടക്കം 800 കോടി ഡോളർ(ഏകദേശം 54,492 കോടി രൂപ) വില നിശ്ചയിച്ചാണു ലിബർട്ടി മീഡിയ ഫോർമുല വണ്ണിനെ സ്വന്തമാക്കിയതെന്നാണു സൂചന. എക്ൽസ്റ്റനിൽ നിന്നു ചെയ്സ് കാരിയിലേക്കുള്ള മാറ്റത്തെ ഫോർമുല വണ്ണിൽ മത്സരിക്കുന്ന മുൻനിര ടീമുകളായ ഫെറാരിയും മക്ലാരനും ലോക ചാംപ്യൻമാരായ മെഴ്സീഡിസുമെല്ലാം സ്വാഗതം ചെയ്തിട്ടുമുണ്ട്.