Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അലീഷ്യ ഡേവിസ് ജി എമ്മിന്റെ നിർമാണ വിഭാഗം മേധാവി

General motors

യു എസ് വാഹന നിർമാതാക്കളായ ജനറൽ മോട്ടോഴ്സിന്റെ നിർമാണ — ലേബർ റിലേഷൻസ് വിഭാഗം മേധാവിയായി അലീഷ്യ ബോളർ ഡേവിസ് നിയമിതയായി. ജിം ഡിലുകയുടെ പകരക്കാരിയായി ഉടനടി പ്രാബല്യത്തോടെയാണ് അലീഷ്യ ഡേവിസി(47)ന്റെ നിയമനം. ഓൺ സ്റ്റാർ അടക്കം കമ്പനിയുടെ കണക്റ്റഡ് കസ്റ്റമർ എക്സ്പീരിയൻസിന്റെ ചുമതലയുള്ള ജനറൽ മാനേജരായി 2014 നവംബർ മുതൽ പ്രവർത്തിക്കുകയായിരുന്നു ഡേവിസ്. 2012 മുതൽ അവർ ജി എമ്മിന്റെ ക്വാളിറ്റി ആൻഡ് കസ്റ്റമർ എക്സ്പീരിയസ് വിഭാഗം ജി എം ആയും ജോലി നോക്കിയിട്ടുണ്ട്. 1994ൽ ജി എമ്മിൽ ജോലിയിൽ പ്രവേശിച്ച ബോളർ ഡേവിസ് ചെറുകാറുകളുടെ വെഹിക്കിൾ ലൈൻ ഡയറക്ടർ, ചീഫ് എൻജിനീയർ തസ്തികകളിലും പ്രവർത്തിച്ചിട്ടുണ്ട്.

ജനറൽ മോട്ടോഴ്സിൽ അസംബ്ലി പ്ലാന്റ് പ്രവർത്തനത്തെ നയിച്ച ആദ്യ ആഫ്രിക്കൻ അമേരിക്കൻ വനിതയെന്ന ബഹുമതിയും അലീഷ്യ ഡേവിസിനാണ്. ഡാലസിലെ ട്രക്ക് പ്ലാന്റിന്റെയും ഡെട്രോയ്റ്റിനടുത്ത് ഒറിയോണിലെ അസംബ്ലി പ്ലാന്റിന്റെയും മേധാവിയായിട്ടാണ് അവർ പ്രവർത്തിച്ചിട്ടുള്ളത്. പുതിയ ചുമതലയിൽ ആഗോളതലത്തിൽ 31 രാജ്യങ്ങളിലായി ജി എമ്മിനുള്ള 1.80 ലക്ഷത്തോളം ജീവനക്കാരുടെയും 171 ഓഫിസുകളുടെയും മേൽനോട്ടം അലീഷ്യ ഡേവിസിനാവും.ജി എമ്മിൽ 37 വർഷത്തെ സേവനം പൂർത്തിയാക്കിയ ശേഷമാണ് ഡിലുക(55) വിരമിക്കുന്നത്. 2014 ഫെബ്രുവരിയിലാണ് അദ്ദേഹം ജി എമ്മിന്റെ മാനുഫാക്ചറിങ് — ലേബർ റിലേഷൻസ് വിഭാഗം ജനറൽ മാനേജരായി ചുമതലയേറ്റത്.

ഇതിനു പുറമെ ടോണി ഫ്രാൻകവില്ലയെ വൈസ് പ്രസിഡന്റ് (ഗ്ലോബൽ ക്വാളിറ്റി) ആയും കഴിഞ്ഞ ദിവസം ജി എം നിയോഗിച്ചിട്ടുണ്ട്. കമ്പനി ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ മേരി ബാരയ്ക്കു കീഴിലാവും ഫ്രാൻകവില്ല(58)യുടെ പ്രവർത്തനം. ഗുണനിലവാരത്തിൽ ആഗോളതലത്തിൽ ജി എം കൈവരിക്കാൻ ആഗ്രഹിക്കുന്ന ഉന്നത നിലവാരം ഉറപ്പാക്കുക ഇനി അദ്ദേഹത്തിന്റെ ദൗത്യമാവും. വാഹന ഉടമകൾക്കു മികച്ച അനുഭവം പ്രദാനം ചെയ്യാൻ ഉന്നത ഗുണമേന്മയുള്ള മോഡലുകൾ പുറത്തിറക്കാനാണു ജി എം ലക്ഷ്യമിടുന്നത്. മാനുഫാക്ചറിങ്, എൻജിനീയറിങ്, സപ്ലയർ ക്വാളിറ്റി മേഖലകളിൽ ആഗോളതലത്തിൽ പ്രവർത്തിച്ച അനുഭവസമ്പത്തുമായാണ് അദ്ദേഹം പുതിയ ചുമതല ഏറ്റെടുക്കുന്നത്.