Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയിലെ നിക്ഷേപം പുനഃപരിശോധിക്കാൻ ജി എം

Chevrolet Enjoy Chevrolet Enjoy

ഇന്ത്യയിൽ 100 കോടി ഡോളർ(ഏകദേശം 6727.50 കോടി രൂപ) നിക്ഷേപിക്കാനുള്ള പദ്ധതി പുനഃപരിശോധിക്കാൻ യു എസ് നിർമാതാക്കളായ ജനറൽ മോട്ടോഴ്സ്(ജി എം) തീരുമാനിച്ചു. ഇന്ത്യയിലെ തന്ത്രങ്ങൾ പുനഃപരിശോധിക്കുന്നതിന്റെ ഭാഗമായി ഈ വിപണിയിൽ പുത്തൻ കാർ പ്ലാറ്റ്ഫോം അവതരിപ്പിക്കാൻ നേരത്തെയെടുത്ത തീരുമാനവും മരവിപ്പിച്ചു. ഇന്ത്യയിലെ വാഹന വിൽപ്പനയിൽ നേരിടുന്ന കനത്ത ഇടിവാണു ജി എമ്മിനെ നിലപാടു മാറ്റത്തിനു പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ജി എം ഇന്ത്യയുടെ വാഹന വിൽപ്പനയിൽ 40 ശതമാനത്തോളമായിരുന്നു ഇടിവ്. പോരെങ്കിൽ ഇന്ത്യൻ വിപണിയിൽ ജി എമ്മിന്റെ വിഹിതം ഒരു ശതമാനത്തിലും താഴെയുമായി. ഈ പ്രതികൂല സാഹചര്യങ്ങൾക്കൊപ്പം ഡീസൽ എൻജിനുള്ള വാഹനങ്ങൾക്കു രാജ്യതലസ്ഥാന മേഖലയിൽ വിലക്ക് കൂടിയായതോടെയാണ് ജി എം മുൻനിലപാടുകളിൽ പുനഃപരിശോധനയ്ക്കു മുതിർന്നതെന്നാണു സൂചന.

ആഭ്യന്തര വിപണിയിലെ വിൽപ്പന മെച്ചപ്പെടുത്താനും ഇന്ത്യയെ ആഗോള കയറ്റുമതി കേന്ദ്രമായി വികസിപ്പിക്കാനുമൊക്കെ ലക്ഷ്യമിട്ടായിരുന്നു ജി എം 2015ൽ 100 കോടി ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ചത്. വാഹന നിർമാണം വർധിപ്പിക്കാനും പുതിയ മോഡലുകൾ അവതരിപ്പിക്കാനുമൊക്കെ ജി എം ഐയ്ക്കു പദ്ധതിയുണ്ടായിരുന്നു. നിശ്ചിയ ഉൽപന്ന ശ്രേണിയുടെ അവതരണം ലക്ഷ്യമിട്ടാണു ജി എം 100 കോടി ഡോളർ നിക്ഷേപം പ്രഖ്യാപിച്ചതെന്നു ജി എം ഇന്ത്യ മാർക്കറ്റിങ് വൈസ് പ്രസിഡന്റ് ജാക്ക് ഉപ്പൽ വിശദീകരിച്ചു. മോഡൽ അവതരത്തിൽ സംഭവിക്കുന്ന മാറ്റത്തിനനുസൃതമായി നിക്ഷേപത്തിലും വ്യത്യാസം സംഭവിക്കാമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.വിവിധോദ്ദേശ്യ വാഹന(എം പി വി)മായ ‘സ്പിന്നി’ന്റെ ഇന്ത്യൻ അരങ്ങേറ്റവും എമേർജിങ് വിപണിക്കായി ചെറുകാർ നിർമിക്കാനുള്ള പുത്തൻ മൊഡ്യുലാർ പ്ലാറ്റ്ഫോം അവതരണവുമൊക്കെയായിരുന്നു ജി എമ്മിന്റെ മുൻപദ്ധതികൾ. എന്നാൽ ഇന്ത്യയിലെ ഭാവി മോഡൽ അവതരണം സംബന്ധിച്ചു സമഗ്ര അവലോകനത്തിനാണു കമ്പനി ഒരുങ്ങുന്നതെന്നു ജി എം ഇന്ത്യ വക്താവ് സ്വാതി ഭട്ടചാര്യ വെളിപ്പെടുത്തുന്നു. പുതിയ ഉൽപന്നശ്രേണി അന്തിമമായി തീരുമാനിക്കുംവരെ പുതിയ വാഹനങ്ങൾക്കുള്ള നിക്ഷേപം മരവിപ്പിക്കുകയാണെന്നും അവർ വ്യക്തമാക്കി.

തികച്ചും മത്സരക്ഷമമായ വിലകളിൽ ഇന്ത്യയിൽ കാർ വിൽക്കാൻ പുതിയ പ്ലാറ്റ്ഫോം അവതരണം ജി എമ്മിനെ സഹായിക്കുമെന്നായിരുന്നു പ്രതീക്ഷ. വിലയിലെ ആനുകൂല്യമാണ് ഇന്ത്യൻ ചെറുകാർ വിപണി കീഴടക്കാൻ മാരുതി സുസുക്കിയെയും ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യയെയുമൊക്കെ സഹായിക്കുന്നതെന്നാണു വിലയിരുത്തൽ.എം പി വിയായ ‘സ്പിൻ’ അവതരിപ്പിക്കുന്നതിനു പകരം കോംപാക്ട് എസ് യു വി പുറത്തിറക്കാനാണു ജി എമ്മിന്റെ പദ്ധതിയെന്ന് ഉപ്പൽ വിശദീകരിക്കുന്നു. ചെറുകാറായ ‘ബീറ്റ് ആക്ടീവ്’ ഹാച്ച്ബാക്കും അടുത്ത വർഷം കോംപാക്ട് സെഡാനായ ‘എസൻഷ്യ’യുമൊക്കെ അവതരിപ്പിച്ച് വിൽപ്പന മെച്ചപ്പെടുത്താനും കമ്പനി ശ്രമിക്കുമെന്ന് അദ്ദേഹം വെളിപ്പെടുത്തി.

ഏഷ്യ പസഫിക് മേഖലയിൽ തന്നെ ജി എം നടപ്പാക്കുന്ന മാറ്റങ്ങളുടെ പ്രതിഫലനങ്ങളാണ് ഇന്ത്യയിലും പ്രതിഫലിക്കുന്നത്. ഇന്തൊനീഷയിലെ അസംബ്ലി പ്ലാന്റ് പൂട്ടുമെന്നു കഴിഞ്ഞ വർഷം ജി എം പ്രഖ്യാപിച്ചിരുന്നു. കൂടാതെ തായ്ലൻഡിൽ ഷെവർലെ ‘സോണിക്’ കാർ നിർമാണം അവസാനിപ്പിക്കാനും തീരുമാനിച്ചു; ദക്ഷിണ പൂർവ ഏഷ്യൻ വിപണികളിൽ എസ് യു വികളിലും പിക് അപ്പുകളിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണു ജി എമ്മിന്റെ നീക്കം. കൂടാതെ ഏഷ്യയ്ക്കുള്ള പിക് അപ് നിർമാണത്തിനായി ഇസൂസു മോട്ടോറുമായി നിലനിന്ന കരാർ അവസാനിപ്പിക്കുകയാണെന്നും ജി എം പ്രഖ്യാപിച്ചിട്ടുണ്ട്.