Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

30,000 ഡോളറിൽ താഴെ വിലയ്ക്കു ജി എം ‘ബോൾട്ട്’

bolt

നികുതി ഇളവുകൾ തുണയ്ക്കെത്തുന്നതോടെ പൂർണമായും ബാറ്ററിയിൽ ഓടുന്ന ‘ഷെവർലെ ബോൾട്ട്’ 30,000 ഡോളറിൽ താഴെ വിലയ്ക്കു ലഭ്യമാക്കാനാവുമെന്ന് യു എസ് നിർമാതാക്കളായ ജനറൽ മോട്ടോഴ്സ് കമ്പനി(ജി എം). യു എസിൽ പുതിയ കാർ വാങ്ങാൻ മുടക്കേണ്ട ശരാശരി വിലയിലും കുറവാണിതെന്നും കമ്പനി വ്യക്തമാക്കി. അതുകൊണ്ടുതന്നെ വൈദ്യുത കാർ പോലുള്ള പുത്തൻ സാങ്കേതികവിദ്യയ്ക്ക് യു എസിൽ സ്വീകാര്യത കൈവരിക്കാനാവുമോ എന്ന പരീക്ഷണത്തിനു കൂടി അരങ്ങൊരുങ്ങുകയാണ്.

‘ബോൾട്ടി’ന്റെ അടിസ്ഥാന വകഭേദത്തിന്റെ യഥാർഥ വില 37,495 ഡോളർ(ഏകദേശം 25,13,082 രൂപ) ആണ്. എന്നാൽ 7,500 ഡോളർ(5,02,683 രൂപ) ഫെഡറൽ ടാക്സ് ക്രെഡിറ്റ് ലഭിക്കുന്നതോടെ കാറിന്റെ വില 29,995 ഡോളർ(ഏകദേശം 20,10,398 രൂപ) ആയി കുറയും. അതേസമയം കെല്ലി ബ്ലൂ ബുക്കിന്റെ കണക്കനുസരിച്ച് യു എസിൽ പുതിയ കാറിന്റെ ശരാശരി വില ഓഗസ്റ്റിൽ 34,143 ഡോളർ(22,88,416 രൂപ) ആയിരുന്നു. പോരെങ്കിൽ ഓരോ തവണ ചാർജ് ചെയ്യുമ്പോഴും 238 മൈൽ(ഏകദേശം 383 കിലോമീറ്റർ) ഓടാൻ ‘ഷെവർലെ ബോൾട്ടി’നു കഴിയും. ഈ വിലയ്ക്കു ലഭിക്കുന്ന മറ്റു വൈദ്യുത വാഹനങ്ങളുടെ ‘റേഞ്ചി’നെ അപേക്ഷിച്ച് വളരെ കൂടുതലാണിത്. 

വിലയിൽ കാര്യമായ ആനുകൂല്യമുണ്ടെങ്കിലും ‘ബോൾട്ടി’ലൂടെ ജി എം വൻതോതിലുള്ള വിൽപ്പന കൈവരിക്കാൻ സാധ്യതയില്ലെന്നാണു വിപണിയുടെ വിലയിരുത്തൽ. പ്രതിവർഷം 30,000 യൂണിറ്റോളമാവും ‘ബോൾട്ടി’ന്റെ ഉൽപ്പാദനമെന്നും കണക്കാക്കപ്പെടുന്നു. യു എസിലെ കാർ — ലൈറ്റ് ട്രക്ക് വിൽപ്പനയിൽ ഒരു ശതമാനത്തിലും താഴെയാണു വൈദ്യുത കാറുകളുടെ സംഭാവന.
യു എസിലെ പ്രമുഖ വൈദ്യുത വാഹന നിർമാതാക്കളായ ടെസ്ല മോട്ടോഴ്സ് ഇൻകോർപറേറ്റഡിനു ശക്തമായ വെല്ലുവിളിയാണു ‘ബോൾട്ടി’ലൂടെ ജി എം ഉയർത്തുന്നത്. അടുത്ത ജൂലൈയിൽ പുറത്തെത്തുമെന്നു കരുതുന്ന പുതിയ ‘മോഡൽ ത്രീ’ക്ക് കമ്പനി വാഗ്ദാനം ചെയ്യുന്ന റേഞ്ച് 213 മൈൽ (342.79 കിലോമീറ്റർ) ആണ്. കാറിനു പ്രതീക്ഷിക്കുന്ന വിലയാവട്ടെ 35,000 ഡോളറും.

അതേസമയം വാർഷിക ഉൽപ്പാദനം, ലഭിച്ച ഓർഡറുകൾ തുടങ്ങി ‘ബോൾട്ടി’നെ സംബന്ധിച്ച വിശദാംശങ്ങളൊന്നും വെളിപ്പെടുത്തൻ ഷെവർലെ മാനേജർ(മാർക്കറ്റിങ് — കാർ ആൻഡ് ക്രോസോവർ) സ്റ്റീവ് മജൊറോസ് തയാറായില്ല. കോർപറേറ്റ്, ഗവൺമെന്റ് വിഭാഗങ്ങൾ കാറിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നു മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. റൈഡ് സർവീസസിലെ പങ്കാളിയായ ലിഫ്റ്റിനു ‘ബോൾട്ട്’ കാറുകൾ കൈമാറാനും ജി എമ്മിനു പദ്ധതിയുണ്ട്. ഡെട്രോയ്റ്റിനടുത്തുള്ള ശാലയിൽ ‘ബോൾട്ടി’ന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള ഉൽപ്പാദനവും ജി എം ആരംഭിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ മാർച്ച് 31ന് അനാവരണം ചെയ്ത ‘മോഡൽ ത്രീ’ക്ക് 3.70 ലക്ഷത്തോളം ബുക്കിങ് ലഭിച്ചെന്നാണു ടെസ്ലയുടെ അവകാശവാദം. ‘മോഡൽ ത്രീ’ ഉൽപ്പാദനം ആരംഭിക്കാനായി മൂലധന സമാഹരണം വേണ്ടിവരുമെന്നും കമ്പനി സ്ഥാപകൻ എലോൻ മസ്ക് വ്യക്തമാക്കിയിരുന്നു.