Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇഗ്നീഷൻ സ്വിച്: ജി എമ്മിന്റെ നഷ്ടപരിഹാരം 90 പേർക്ക്

gm

നിർമാണ തകരാറുള്ള ഇഗ്നീഷൻ സ്വിച്ചുകൾ മൂലമുണ്ടായ അപകടങ്ങളിൽ മരിച്ച 90 പേർക്കു ജനറൽ മോട്ടോഴ്സ്(ജി എം) നഷ്ടപരിഹാരം അനുവദിക്കുമെന്നു കമ്പനി നിയോഗിച്ച അറ്റോണിയായ കെന്നത്ത് ഫെയ്ൻബർഗ്. കഴിഞ്ഞ ആഴ്ച വരെ 87 പേർക്ക് നഷ്ടപരിഹാരം നൽകുമെന്നാണു ജി എം അറിയിച്ചിരുന്നത്. കൂടാതെ അപകടങ്ങളിൽ പരുക്കേറ്റ 163 പേർക്കും കമ്പനി നഷ്ടപരിഹാരം നൽകും.

കഴിഞ്ഞ ആഴ്ച വരെ നഷ്ടപരിഹാരത്തിനുള്ള 113 വാഗ്ദാനങ്ങൾ സ്വീകരിക്കപ്പെടുകയും അഞ്ചെണ്ണം തള്ളുകയും ചെയ്തിരുന്നു. എന്നാൽ ഓരോരുത്തർക്കും ലഭിക്കുന്ന നഷ്ടപരിഹാരത്തുക വെളിവായിട്ടില്ല.

ഇഗ്നീഷൻ സ്വിച് സംബന്ധമായ അപകടങ്ങളുടെ പേരിൽ ജനുവരി 31 വരെ 4,342 ക്ലെയിമുകളാണ് ഇതിനായി രൂപീകരിച്ച ഫണ്ടിനു ലഭിച്ചത്. ഇതിൽ 33 ശതമാനത്തോളം അപേക്ഷകളിൽ ഇതുവരെ തീരുമാനമായിട്ടില്ല. ലഭിച്ച അപേക്ഷകളിൽ പാതിയോളം അനർഹമായവയോ ആവശ്യമായ വിവരങ്ങൾ ഇല്ലാത്തവയോ ആണെന്നു ഫെയ്ൻബർഗ് പറയുന്നു.

നിർമാണ തകരാറുള്ള ഇഗ്നിഷൻ സ്വിച്ചുകൾ ഘടിപ്പിച്ചതിന്റെ പേരിൽ മാത്രം കഴിഞ്ഞ വർഷം 59 ലക്ഷം കാറുകളാണു ജനറൽ മോട്ടോഴ്സ് തിരിച്ചുവിളിച്ചത്. ഇത്തരം സ്വിച്ചുകൾ ഘടിപ്പിച്ച കാറുകൾ അപകടത്തിൽപെട്ട ചുരുങ്ങിയത് 57 പേർ കൊല്ലപ്പെട്ടെന്നും 90 പേർക്കു പരുക്കേറ്റെന്നുമാണു കണക്ക്.

ദശാബ്ദത്തിലേറെ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് ഇഗ്നീഷൻ സ്വിച് തകരാറിന്റെ പേരിൽ വാഹനങ്ങൾ തിരിച്ചുവിളിക്കാൻ ജി എം തീരുമാനിച്ചത് എന്നതും ശ്രദ്ധേയമാണ്. 2005 — 2007 കാലത്തു നിർമിച്ച ‘ഷെവർലെ കൊബാൾട്ട്’, 2003 — 2007 മോഡൽ ‘സാറ്റേൺ അയോൺ’ തുടങ്ങിയവ കഴിഞ്ഞ വർഷം മാത്രമാണു കമ്പനി തിരിച്ചു വിളിച്ചു പരിശോധിക്കാൻ തീരുമാനിച്ചത്.

ഇതോടെ പ്രശ്നത്തെപ്പറ്റി സർക്കാർ തലത്തിൽ സിവിൽ — ക്രിമിനൽ അന്വേഷണം ആരംഭിച്ചതിനൊപ്പം വിഷയം കോൺഗ്രസിൽ ചർച്ചയാവുകയും യു എസിലെയും കാനഡയിലെയും കോടതികളിൽ നഷ്ടപരിഹാര കേസുകൾക്ക് ഇടയാക്കുകയും ചെയ്തിട്ടുണ്ട്. 2001ൽ തിരിച്ചറിഞ്ഞ പ്രശ്നം പരിഹരിക്കാൻ ഇത്രയും കാലതാമസം നേരിട്ടത് എന്തുകൊണ്ടെന്ന ചോദ്യമാണു ജി എമ്മിനെ പ്രതിരോധത്തിലാക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.