Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇഗ്നീഷൻ സ്വിച് തകരാർ: മരണസംഖ്യ 107ലെത്തി

Kenneth Feinberg കെന്നത്ത് ഫെയ്ൻബർഗ്

നിർമാണ തകരാറുള്ള ഇഗ്നീഷൻ സ്വിച്ചുകൾ ഘടിപ്പിച്ചു ജനറൽ മോട്ടോഴ്സ്(ജി എം) വിറ്റ ചെറുകാറുകൾ അപകടത്തിൽപെട്ട് മരിച്ചവരുടെ എണ്ണം 107 ആയി. അപകടങ്ങളിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് 10 ലക്ഷം ഡോളറി(ഏകദേശം 6.39 കോടി രൂപ)ന്റെ നഷ്ടപരിഹാരമാണു കഴിഞ്ഞ വർഷം ജി എം നിയോഗിച്ച അറ്റോണിയായ കെന്നത്ത് ഫെയ്ൻബർഗ് വാഗ്ദാനം ചെയ്യുന്നത്.

ഇതിനു പുറമെ തകരാറുള്ള ഇഗ്നീഷൻ സ്വിച് ഘടിപ്പിച്ച ‘ഷെവർലെ കൊബാൾട്ട്’ പോലുള്ള കാറുകൾ അപകടത്തിൽപെട്ട് പരുക്കേറ്റ 199 പേർക്കും ജി എം നഷ്ടപരിഹാരം നൽകാമെന്നു സമ്മതിച്ചിട്ടുണ്ട്.

ഇഗ്നീഷൻ സ്വിച് സംബന്ധമായ അപകടങ്ങളെ തുടർന്നുള്ള നഷ്ടപരിഹാരത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി കഴിഞ്ഞ ജനുവരി 31 ആയിരുന്നു. ഈ കാലപരിധിക്കുള്ളിൽ ഫെയ്ൻബർഗ് നേതൃത്വം നൽകുന്ന നഷ്ടപരിഹാര ഫണ്ടിന് 4,342 ക്ലെയിമുകളാണു ലഭിച്ചത്. ഇതിൽ ഒൻപതു ശതമാനത്തോളമാണു നിലവിൽ പരിഗണനയിലുള്ളത്; 83% അപേക്ഷകളും അപൂർണവും അയോഗ്യവുമാണെന്നു ഫെയ്ൻബർഗ് കണ്ടെത്തിയിരുന്നു. നിസ്സാര പരുക്കുകൾക്കും മറ്റുമുള്ള നഷ്ടപരിഹാരമായി ജി എം ഇതുവരെ 20 കോടി ഡോളർ(1,278 കോടിയോളം രൂപ) വിതരണം ചെയ്തിട്ടുമുണ്ട്.

നിർമാണ തകരാറുള്ള ഇഗ്നിഷൻ സ്വിച്ചുകൾ ഘടിപ്പിച്ചതിന്റെ പേരിൽ മാത്രം കഴിഞ്ഞ വർഷം 59 ലക്ഷം കാറുകളാണു ജനറൽ മോട്ടോഴ്സ് തിരിച്ചുവിളിച്ചത്. ഇത്തരം സ്വിച്ചുകൾ ഘടിപ്പിച്ച കാറുകൾ അപകടത്തിൽപെട്ടതിനാൽ ചുരുങ്ങിയത് 57 പേർ കൊല്ലപ്പെട്ടെന്നും 90 പേർക്കു പരുക്കേറ്റെന്നുമാണു കണക്ക്.

അപ്രതീക്ഷിതമായി എൻജിൻ നിർത്താനും പവർ സ്റ്റീയറിങ്, പവർ ബ്രേക്ക്, എയർ ബാഗ് എന്നിവ പ്രവർത്തനരഹിതമാക്കാനും സാധ്യതയുള്ള ഇഗ്നീഷൻ സ്വിച്ചുകൾ ഘടിപ്പിച്ചതിന്റെ പേരിൽ 2014 ഫെബ്രുവരിയിലാണു ജി എം വാഹനങ്ങൾ തിരിച്ചുവിളിച്ചു പരിശോധിച്ചു തുടങ്ങിയത്. തുടക്കത്തിൽ 2005 — 2007 കാലത്തു നിർമിച്ച ‘ഷെവർലെ കൊബാൾട്ട്’, 2003 — 2007 മോഡൽ ‘സാറ്റേൺ അയോൺ’ തുടങ്ങി 27 ലക്ഷത്തോളം കാറുകളാണു കമ്പനി തിരിച്ചുവിളിക്കാൻ തീരുമാനിച്ചത്. തുടർന്നു ഘട്ടം ഘട്ടമായി പരിശോധന വ്യാപിപ്പിച്ചത്തോടെ ആഗോളതലത്തിൽ തിരിച്ചുവിളിച്ച വാഹനങ്ങളുടെ എണ്ണം 30 ലക്ഷം പിന്നിട്ടു.

ദശാബ്ദത്തിലേറെ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് ഇഗ്നീഷൻ സ്വിച് തകരാറിന്റെ പേരിൽ വാഹനങ്ങൾ തിരിച്ചുവിളിക്കാൻ ജി എം തീരുമാനിച്ചത് എന്നതും ശ്രദ്ധേയമാണ്. 2005 — 2007 കാലത്തു നിർമിച്ച ‘ഷെവർലെ കൊബാൾട്ട്’, 2003 — 2007 മോഡൽ ‘സാറ്റേൺ അയോൺ’ തുടങ്ങിയവ കഴിഞ്ഞ വർഷം മാത്രമാണു കമ്പനി തിരിച്ചു വിളിച്ചത്. ഇതോടെ പ്രശ്നത്തെപ്പറ്റി സർക്കാർ തലത്തിൽ സിവിൽ — ക്രിമിനൽ അന്വേഷണം ആരംഭിച്ചതിനൊപ്പം വിഷയം കോൺഗ്രസിൽ ചർച്ചയാവുകയും യു എസിലെയും കാനഡയിലെയും കോടതികളിൽ നഷ്ടപരിഹാര കേസുകൾക്ക് ഇടയാക്കുകയും ചെയ്തിട്ടുണ്ട്. 2001ൽ തിരിച്ചറിഞ്ഞ പ്രശ്നം പരിഹരിക്കാൻ ഇത്രയും കാലതാമസം നേരിട്ടത് എന്തുകൊണ്ടെന്ന ചോദ്യമാണു ജി എമ്മിനെ പ്രതിരോധത്തിലാക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.