Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയിലെ നിക്ഷേപ പദ്ധതി നീട്ടി വച്ചു ജി എം

chevrolet Beat Beat

ഇന്ത്യയിൽ പുതിയ മോഡൽ അവതരണങ്ങൾക്കുള്ള മുതൽമുടക്ക് നിർത്തിവയ്ക്കാൻ യു എസ് നിർമാതാക്കളായ ജനറൽ മോട്ടോഴ്സ്(ജി എം) തീരുമാനിച്ചു. ഭാവിയിൽ ഇന്ത്യയിൽ അവതരിപ്പിക്കേണ്ട മോഡൽ ശ്രേണി സംബന്ധിച്ചു സമഗ്രമായ അവലോകനം നടത്താനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ഈ നടപടി. ഉൽപ്പാദനശേഷി വർധിപ്പിക്കാനും പ്രാദേശികമായി നിർമിച്ച 10 മോഡലുകൾ അവതരിപ്പിക്കാനുമായി 100 കോടി ഡോളർ(ഏകദേശം 6811 കോടി രൂപ) ഉപസ്ഥാപനമായ ജനറൽ മോട്ടോഴ്സ് ഇന്ത്യ(ജി എം ഐ) ചെലവഴിക്കുമെന്ന 2015ലാണു ജി എം പ്രഖ്യാപിച്ചത്. അതേസമയം, പുതിയ നിക്ഷേപത്തിന് ഏർപ്പെടുത്തിയ വിലക്ക് എത്രകാലം തുടരുമെന്നും ജി എം ഇപ്പോൾ വ്യക്തമാക്കിയിട്ടില്ല.

ഇന്ത്യൻ ഉപയോക്താക്കളുടെ താൽപര്യങ്ങളിൽ വന്ന മാറ്റം പരിഗണിച്ചു ഭാവി മോഡൽ ശ്രേണി സംബന്ധിച്ചു വിശദമായ അവലോകനം നടത്തുകയാണെന്നു മാത്രമാണു ജി എമ്മിന്റെ വിശദീകരണം. ഇത് പൂർത്തിയാവും വരെ പുതിയ മോഡലുകൾക്കുള്ള മുതൽമുടക്ക് നീട്ടിവയ്ക്കുകയാണെന്നും കമ്പനി വെളിപ്പെടുത്തുന്നു. ഗ്ലോബൽ എമേർജിങ് മാർക്കറ്റ്സ്(ജി എ എം) പ്ലാറ്റ്ഫോം അടിത്തറയാവുന്ന പുതിയ വാഹനശ്രേണി വികസിപ്പിച്ചു കമ്പനി ഇന്ത്യയിലെയും ചൈനയിലെയും ബ്രസീലിലെയും പ്രവർത്തനം ശക്തമാക്കുമെന്നാണ് 2015ൽ ഇന്ത്യാ സന്ദർശനവേളയിൽ ജി എം ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ മേരി ബാര പ്രഖ്യാപിച്ചത്.

ഇതൊക്കെ ലക്ഷ്യമിട്ടായിരുന്നു 100 കോടി ഡോളർ നിക്ഷേപവും വാഗ്ദാനം ചെയ്തത്. എന്നാൽ അന്നത്തെ പ്രഖ്യാപനത്തിന്റെ തുടർച്ചയായി എസ് യു വിയായ ‘ട്രെയ്ൽബ്ലേസർ’ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിയെങ്കിലും ഒപ്പമുണ്ടാിരുന്ന വിവിധോദ്ദേശ്യ വാഹനമായ ‘സ്പിൻ’ ഇവിടെ അരങ്ങേറ്റം കുറിച്ചില്ല. നിലവിൽ ഹാച്ച്ബാക്കായ ‘ബീറ്റ്’, സെഡാനായ ‘ക്രൂസ്’, എം പി വിയായ ‘എൻജോയ്’ തുടങ്ങിയവയാണു ജി എം ഇന്ത്യയിൽ വിൽക്കുന്നത്. അതിനിടെ ഇന്ത്യയിലെ പ്രവർത്തന നഷ്ടത്തിൽ ഗണ്യമായ കുറവു വരുത്താൻ ജി എമ്മിനു സാധിച്ചിട്ടുണ്ട്. 2013 — 14ൽ 3,812.46 കോടി രൂപ നഷ്ടമുണ്ടായിരുന്നത് 2014 — 15ൽ 1003.39 കോടി രൂപയായി കുറയ്ക്കാൻ കമ്പനിക്കു കഴിഞ്ഞു. അടുത്ത ഘട്ടത്തിൽ സുസ്ഥിര ലാഭക്ഷമതയാണു ജി എം ഇന്ത്യയിൽ ലക്ഷ്യമിടുന്നത്.

Your Rating: