Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എഫ് സി വി രംഗത്ത് ഹോണ്ട — ജി എം സഹകരണം

honda-gm

മൂന്നു വർഷത്തിനുള്ളിൽ ഹൈഡ്രജൻ ഇന്ധന സെൽ പവർ സംവിധാനം സംയുക്തമായി വികസിപ്പിച്ചു നിർമിക്കാൻ ജപ്പാനിൽ നിന്നുള്ള ഹോണ്ട മോട്ടോർ കമ്പനിയും യു എസിലെ ജനറൽ മോട്ടോഴ്സും(ജി എം) ധാരണയിലെത്തി. മലിനീകരണ വിമുക്ത കാറുകൾ യാഥാർഥ്യമാക്കാനുള്ള കനത്ത ചെലവ് നേരിടാനും ഉൽപ്പാദനം വർധിപ്പിക്കാനും ലക്ഷ്യമിട്ടാണു ഹോണ്ടയും ജി എമ്മും ഹൈഡ്രജൻ ഇന്ധന സെൽ സാങ്കേതികവിദ്യ വികസനത്തിൽ സഹകരിക്കുന്നത്. യു എസിലെ മിചിഗനിൽ ജി എമ്മിനുള്ള ബ്രൗൺസ്ടൗൺ ശാലയിൽ ബാറ്ററികൾക്കായി പുതിയ പ്രൊഡക്ഷൻ ലൈൻ സ്ഥാപിക്കാനും ഇരുപങ്കാളികളും ധാരണയിലെത്തിയിട്ടുണ്ട്. 8.50 കോടി ഡോളർ(ഏകദേശം 573.29 കോടി രൂപ) ചെലവ് കണക്കാക്കുന്ന പ്രൊഡക്ഷൻ ലൈൻ നൂറോളം തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്നാണു പ്രതീക്ഷ. പുതിയ ഊർജ സ്രോസുകൾ പ്രയോജനപ്പെടുത്തുന്ന കാറുകളിൽ ഇന്ധന സെൽ വാഹന(എഫ് സി വി)ങ്ങളാവും സുപ്രധാനമെന്ന് ഹോണ്ട കരുതുന്നു. 2030 ആകുമ്പോഴേക്കു കമ്പനിയുടെ മോഡൽ ശ്രേണിയിൽ മൂന്നിൽ രണ്ടും ഇത്തരം വാഹനങ്ങളാവുമെന്നാണു ഹോണ്ടയുടെ കണക്കുകൂട്ടൽ. യു എസിൽ നിന്നുള്ള ആവശ്യത്തിന്റെ പിൻബലത്തിൽ മൊത്തം വിൽപ്പനയുടെ അഞ്ചു ശതമാനത്തോളം മാത്രമാണ് നിലവിൽ ഇത്തരം വാഹനങ്ങളുടെ വിഹിതം.

ഭാവിയിൽ ഇന്ധന സെൽ വാഹനങ്ങൾക്ക് ഏറ്റവും ആവശ്യം പ്രതീക്ഷിക്കുന്നത് യു എസിൽ നിന്നാണെന്ന് ഹോണ്ട വക്താവ് ടെരുഹികൊ താതെബെ വ്യക്തമാക്കി. അതിനാലാണ് ഇത്തരം വാഹനങ്ങളുടെ നിർമാണം യു എസിൽ കേന്ദ്രീകരിക്കാൻ കമ്പനി തീരുമാനിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.ശുദ്ധമായ ഊർജ സ്രോതസുകൾ വികസിപ്പിക്കാൻ ജി എമ്മിനും ഹോണ്ടയ്ക്കും സ്വതന്ത്രമായ പദ്ധതികൾ നിലവിലുണ്ട്. യു എസിലെ രാഷ്ട്രീയ കാലാവസ്ഥ പരിഗണിക്കാതെ ഇത്തരം പദ്ധതികളുമായി ഇരുകമ്പനികളും മുന്നോട്ടു പോകുമെന്നും ഹോണ്ട വക്താവ് വെളിപ്പെുടത്തി. ഹൈഡ്രജന്റെയും ഓക്സിജന്റെയും സങ്കലനത്തിലൂടെ വൈദ്യുതി ഉൽപ്പാദിപ്പിക്കുകയും ഈ ഊർജം ഉപയോഗിച്ച് ഓടുകയും ചെയ്യുന്ന ഇന്ധന സെൽ വാഹന സാങ്കേതികവിദ്യ വികസനത്തിൽ ശ്രദ്ധയൂന്നുന്ന അപൂർവം കമ്പനികൾക്കൊപ്പമാണു ഹോണ്ടയുടെ സ്ഥാനം. ഹൈഡ്രജന്റെയും ഓക്സിജന്റെയും സങ്കലനം ജലമാണു സൃഷ്ടിക്കുക എന്നതിനാൽ എഫ് സി വികൾ പൂർണമായും മലിനീകരണ വിമുക്തവും പരിസ്ഥിതി സൗഹൃദവുമാണ്.

പക്ഷേ ഹൈഡ്രജൻ ഇന്ധനം നിറയ്ക്കാനുള്ള സൗകര്യം പരിമിതമായതും യു എസ് ഒഴികെയുള്ള വിപണികളിൽ കാര്യമായ ആവശ്യമില്ലാത്തതുമാണ് എഫ് സി വികൾ നേരിടുന്ന പ്രധാന വെല്ലുവിളി. ആഗോള വിപണികളിൽ അസംസ്കൃത എണ്ണയുടെ വിലയിടിഞ്ഞതും എഫ് സി വി പോലുള്ള ബദൽ ഇന്ധന സാങ്കേതികവിദ്യകളുടെ വികസനത്തിനു തലവേദന സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ വർഷമാണു ഹോണ്ടയുടെ എഫ് സി വിയായ ‘ക്ലാരിറ്റി’ ജപ്പാനൊപ്പം യു എസിലും വിൽപ്പനയ്ക്കെത്തിയത്. 66,795 ഡോളർ(ഏകദേശം 45.05 ലക്ഷം രൂപ) വിലമതിക്കുന്ന ‘ക്ലാരിറ്റി’ 118 എണ്ണമാണ് ഇതുവരെ യു എസിൽ വിറ്റുപോയത്.  

Your Rating: