Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വരുന്നത് വൈദ്യുത വാഹനങ്ങളുടെ കാലമെന്നു ഗഢ്കരി

nithin-gadkari

പെട്രോളും ഡീസലും പോലുള്ള ഫോസിൽ ഇന്ധനങ്ങളുടെ കാലം കഴിയുകയാണെന്നും വൈദ്യുതിയിൽ ഓടുന്ന വാഹന(ഇ വി)ങ്ങളാണു ഭാവിയിലെ സാധ്യതയെന്നുമുള്ള തിരിച്ചറിവിലാണു കേന്ദ്ര സർക്കാർ. ഇതോടെ ബാറ്ററിയിൽ നിന്ന് ഊർജം കണ്ടെത്തുന്ന മോഡലുകളുടെ നിർമാണത്തിനായി വാഹന വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനും ഔദ്യോഗികതലത്തിൽ ശ്രമം തുടങ്ങി. ഇന്ത്യൻ വാഹന നിർമാതാക്കൾ കൂടുതൽ ഇ വി കൾ ഉൽപ്പാദിപ്പിക്കണമെന്നു കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഢ്കരി അഭിപ്രായപ്പെട്ടു. വൈദ്യുത വാഹനങ്ങൾ വൻ വിജയമാവുമെന്നും പ്രമുഖ ചാനൽ സംഘടിപ്പിച്ച സി ഇ ഒ സമിറ്റിൽ അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ആകർഷക വിലകളിൽ വിൽക്കാൻ കഴിഞ്ഞാൽ വൈദ്യുത വാഹനങ്ങൾ വൻവിജയമാവുമെന്ന കാര്യത്തിൽ സംശയമില്ല. ഈ മേഖലയിൽ കൂടുതൽ ഗവേഷണത്തിനു നിർമാതാക്കൾ തയാറാവുന്നതോടെ ഉൽപ്പാദന ചെലവ് കുറയ്ക്കാനും ന്യായവിലയ്ക്കു വൈദ്യുത വാഹനം വിൽക്കാനും കഴിയുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. അതേസമയം, വൈദ്യുത കാർ നിർമാണ രംഗത്തെ ഗവേഷണത്തിനും വികസനത്തിനുമായി വിദേശ നിർമാതാക്കളെ ആകർഷിക്കണമെന്നു മഹീന്ദ്ര ആൻഡ് മഹീന്ദ്ര എക്സിക്യൂട്ടീവ് ഡയറക്ടർ പവൻ കുമാർ ഗോയങ്ക അഭിപ്രായപ്പെട്ടു.
വർഷാവസാനത്തോടെ കമ്പനി നിർമിച്ച വൈദ്യുത ബസ്സുകൾ പുറത്തിറങ്ങുമെന്നു ടാറ്റ മോട്ടോഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ (കൊമേഴ്സ്യൽ വെഹിക്കിൾസ്) രവി പിഷാരടി അറിയിച്ചു.  

Your Rating: